മനുഷ്യന് താങ്ങാവുന്ന ഏറ്റവും വലിയ വേദന; പത്ത് വയസുകാരിയിൽ അപൂർവ രോഗം കണ്ടെത്തി
മനുഷ്യന് താങ്ങാവുന്നതിൽ വച്ച് ഏറ്റവും വലിയ വേദനയുമായി വലയുകയാണ് ഓസ്‌ട്രേലിയയിൽ ഒരു പത്ത് വയസുകാരി. വലത് കാൽ അനക്കുമ്പോഴോ കാലിൽ ആരെങ്കിലും വെറുതെയൊന്ന് തൊട്ടാലോ സഹിക്കാനാകുന്നതിലുമപ്പുറം വേദനയാണ് ബെല്ല മേസി എന്ന പെൺകുട്ടിക്കുണ്ടാകുന്നത്. കോംപ്ലക്‌സ് റീജ്യണൽ പെയിൻ സിൻഡ്രോം എന്നാണ് ഈ അസുഖത്തിന് പേര്.
ഓസ്‌ട്രേലിയൻ സ്വദേശിയായ ബെല്ല കുടുംബവുമൊത്തെ ഫിജിയിൽ അവധിക്കാലമാഘോഷിക്കാൻ പോയതിന് ശേഷമാണ് ഈ രോഗം കണ്ടെത്തുന്നത്. വലത് കാലിൽ ഒരു പുണ്ണ് പോലെയുണ്ടാവുകയും പിന്നാലെ അസഹനീയമായ വേദന അനുഭവപ്പെടുകയുമായിരുന്നു. ബെല്ലയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടിക്ക് സിആർപിഎസ് അഥവാ കോംപ്ലക്‌സ് റീജ്യണൽ പെയിൻ സിൻഡ്രം ആണെന്ന് സ്ഥിരീകരിക്കുന്നത്. വേദന കാരണം ബെല്ലയ്ക്ക് നടക്കാനോ കാൽ അനക്കാനോ സാധിക്കുന്നില്ല. നിലവിൽ കിടപ്പിലാണ് ബെല്ല. വീൽ ചെയറിന്റെ സഹായത്തോടെ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.
അപൂർവമായി കാണപ്പെടന്നതും ചികിത്സയില്ലാത്തതുമായ രോഗാവസ്ഥയാണ് സിആർപിഎസ്. ബെല്ലയ്ക്ക് കുളിക്കാനോ കളിക്കാനോ സാധിക്കില്ല. കാലിൽ ഒരു ഷീറ്റ് പോലും ഇടാൻ സാധിക്കില്ല. ഒരു ടിഷ്യു പേപ്പർ തൊട്ടാൽ പോലും അസഹനീയ വേദനയാണ്.