Thursday, January 23, 2025
World

ഇമ്രാൻ ഖാനെതിരെ ഭൂമി തട്ടിപ്പ് കേസ്; ആകെ കേസുകളുടെ എണ്ണം 140

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഭൂമി തട്ടിപ്പ് കേസ്. പഞ്ചാബിൽ 625 ഏക്കർ ഭൂമി തട്ടിപ്പിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് കേസ്. ഇതോടെ 70 വയസുകാരനായ ഇമ്രാൻ ഖാനെതിരായ ആകെ കേസുകളുടെ എണ്ണം 140 ആയി. ഭീകരവാദം, അക്രമ പ്രേരണ, തീവെപ്പ്, മതനിന്ദ, കൊലപാതകശ്രമം, അഴിമതി, വഞ്ചന തുടങ്ങിയ കേസുകളാണ് ഇമ്രാൻ ഖാനെതിരെ ഉള്ളത്.

ഭൂമി തട്ടിപ്പ് കേസിൽ ഇമ്രാൻ്റെ സഹോദരി ഉസ്‌മ ഖാൻ, ഭർത്താവും പഞ്ചാബിലെ മുൻ മുഖ്യമന്ത്രിയുമായ ഉസ്‌മാൻ ബസ്ദാർ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ഏതാണ്ട് 600 കോടി പാകിസ്താൻ രൂപ വിലയുള്ള ഭൂമി വെറും 13 കോടി പാകിസ്താൻ രൂപയ്ക്കാണ് ഇവർ സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം, പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് നൽകിയ സുപ്രിം കോടതി അഭിഭാഷകൻ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ വെടിയേറ്റു മരിച്ചിരുന്നു. ഈ മാസം എട്ടിനായിരുന്നു സംഭവം. കോടതി ഈ കേസ് പരിഗണിക്കാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. തൊട്ടുപിന്നാലെ ഇമ്രാൻ ഖാൻ ആണ് വധത്തിന് പിന്നിലെന്ന് ആരോപിച്ച് അഭിഭാഷകന്റെ മകൻ പൊലീസിൽ പരാതി നൽകി.

ബലൂചിസ്ഥാൻ ഹൈക്കോടതിയിൽ കേസ് നൽകിയ അബ്ദുൽ റസാഖ് ഷെർ ആണ് കൊല്ലപ്പെട്ടത്. 3 ബൈക്കുകളിലെത്തിയ 6 പേർ ക്വറ്റ എയർപോർട്ട് റോഡിൽ വച്ച് അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. ശരീരത്തിൽ നിന്ന് 16 വെടിയുണ്ടകൾ കണ്ടെടുത്തു.

സംഭവത്തെത്തുടർന്ന് ബലൂചിസ്ഥാനിൽ അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അബ്ദുൽ റസാഖ് കോടതിയെ സമീപിച്ചിരുന്നതായി ക്വറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ് അബിദ് കാകർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *