Sunday, January 5, 2025
World

യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിഭീകരം; ഇന്നലെ മാത്രം 17,000ത്തില്‍ അധികം രോഗികള്‍

യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിഭീകരമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഇന്നലെ മാത്രം സ്ഥിരീകരിച്ചിരിക്കുന്നത് 17,000ത്തില്‍ കൂടുതല്‍ രോഗികളെയാണ്. ഇംഗ്ലണ്ടില്‍ 200ല്‍ കൂടുതല്‍ പട്ടണങ്ങളില്‍ കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് അവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയേറിയിരിക്കുന്നുവെന്നാണ് പുതിയ വൈറസ് ഹീറ്റ് മാപ്പ് വെളിപ്പെടുത്തുന്നത്.

അതുപോലെ തന്നെ കോവിഡ് വ്യാപനം പിടിവിട്ടിരിക്കുന്ന നിരവധി നഗരങ്ങളിലും കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്താന്‍ പോകുന്നത്.കോവിഡ് രൂക്ഷമായിടങ്ങളില്‍ ട്രാഫിക് ലൈറ്റ് സിസ്റ്റത്തെ മാതൃകയാക്കിയിട്ടുള്ള ത്രിതല ലോക്ക്ഡൗണാണ് സര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കാന്‍ പോകുന്നത്. വൈറസ് പടര്‍ച്ചയെ അടിസ്ഥാനമാക്കി വിവിധ പ്രദേശങ്ങളെ അപകട സാധ്യത കുറഞ്ഞവ, ഇടത്തരം അപകടസാധ്യതയുള്ളവ, കൂടിയ അപകടസാധ്യതയുള്ളവ എന്നിങ്ങനെ മൂന്ന് കാറ്റഗറികളാക്കി വേര്‍തിരിച്ചാണ് പുതിയ ലോക്കല്‍ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്.
ഇക്കൂട്ടത്തില്‍ റെഡ്‌സോണുകള്‍ എന്നറിയപ്പെടുന്ന അതീവ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ വിട്ട് വീഴ്ചയില്ലാത്ത വിധത്തിലുള്ള നിയന്ത്രണങ്ങളായിരിക്കും പ്രാബല്യത്തില്‍ വരുത്താന്‍ പോകുന്നത്.റെഡ്‌സോണില്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ സ്ഥാപനങ്ങള്‍ക്ക് താഴിടുമെന്നുറപ്പാണ്. പക്ഷേ മറ്റ് ഷോപ്പുകള്‍,സ്‌കൂളുകള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിന് ഇവിടങ്ങളില്‍ തടസങ്ങളുണ്ടാകില്ല. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും നിലവില്‍ തന്നെ റെഡ്‌സോണ്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *