മൊറോക്കൻ ഭൂകമ്പത്തിൽ മരണസംഖ്യ 800 കടന്നു, 6 പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം
വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആറ് പതിറ്റാണ്ടിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്.
ഭൂകമ്പത്തിൽ 820 പേരെങ്കിലും മരിച്ചതായി മൊറോക്കോ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 300 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രാത്രി 11:11 നുണ്ടായ ഭൂകമ്പം 20 സെക്കൻഡ് നീണ്ടുനിന്നു.
റിക്ടർ സ്കെയിലിൽ 7.2 തീവ്രതയെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ യുഎസ് ജിയോളജിക്കൽ സര്‍വേയുടെ കണക്ക് പ്രാകാരം റിക്ടർ സ്കെയിലിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.
മറക്കാഷ് നഗരത്തിലാണ് ഭൂകമ്പം ഏറ്റവുമധികം നാശംവിതച്ചത്. മറക്കാഷിൽ യുനെയ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പ്രാചീന നഗരത്തിലെ ചില കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. വടക്കേ ആഫ്രിക്കയിൽ ഭൂകമ്പങ്ങൾ താരതമ്യേന അപൂർവമാണെങ്കിലും, 1960-ൽ അഗാദിറിന് സമീപം റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്. അന്ന് ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു.