2021 ലെ ആദ്യ സൂര്യഗ്രഹണം നാളെ; എപ്പോള്‍, എവിടെയൊക്കെ ദൃശ്യമാവും
കൊല്‍ക്കത്ത: 2021ലെ ആദ്യ സൂര്യഗ്രഹണം നാളെ. മൂന്ന് മിനിറ്റും 51 സെക്കന്‍ഡുമാണ് ഗ്രഹണദൈര്‍ഘ്യമെന്ന് നാസയുടെ വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍, ഭാഗികഗ്രഹണമായിരിക്കും നാളെ ഉണ്ടാവുക. സൂര്യന്റെ ഒരുഭാഗം മാത്രമായിരിക്കും മറയുക. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കാനഡയുടെ ചില ഭാഗങ്ങളില്‍, ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ റഷ്യ, ഈസ്‌റ്റേണ്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, നോര്‍ത്തേണ്‍ അലാസ്‌ക, കാനഡയുടെ ഭൂരിഭാഗവും, കരീബിയന്‍, യൂറോപ്പ്, ഏഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിലുമാവും ഗ്രഹണം ദൃശ്യമാവുക.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് സൂര്യോപരിതലത്തില്‍ ഒരു ഇരുണ്ട നിഴല്‍ മാത്രമേ ദൃശ്യമാവൂ. പൂര്‍ണഗ്രഹണം ദൃശ്യമാവുകയില്ല. നാസയുടെ അഭിപ്രായത്തില്‍ ഈ സ്ഥലങ്ങളില്‍ പലതിലും സൂര്യോദയത്തിന് മുമ്പും ആ സമയത്തും അതിനുശേഷവും അധികം താമസിയാതെ ഗ്രഹണം സംഭവിക്കും. ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാവില്ല. അതേസമയം, സൂര്യാസ്തമയത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് അരുണാചല്‍ പ്രദേശിലും ലഡാക്കിലും ദൃശ്യമാവുമെന്ന് എംപി ബിര്‍ള പ്ലാനറ്റോറിയം ഡയറക്ടര്‍ ഡെബിപ്രസാദ് ഡുവാരിയെ ഉദ്ധരിച്ച് സിയാസാറ്റ് റിപോര്‍ട്ട് ചെയ്തു.
ജൂണ്‍ 10ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.42 ന് ആരംഭിച്ച് വൈകീട്ട് 6.41 വരെയുമാണ് സൂര്യഗ്രഹണം നടക്കുക. ഇതില്‍ ഗ്രഹണദൈര്‍ഘ്യമെന്നത് ഏകദേശം 3 മിനിറ്റ് 51 സെക്കന്‍ഡ് ആയിരിക്കും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കാണാന്‍ സാധിക്കില്ല. സൂര്യഗ്രഹണം കാണുന്നവര്‍ ഗ്രഹണം കഴിയുന്നതുവരെ ”സോളാര്‍ വ്യൂവിങ് അല്ലെങ്കില്‍ എക്ലിപ്‌സ് ഗ്ലാസുകള്‍”ധരിക്കണമെന്നും സോളാര്‍ വ്യൂവിങ് ഗ്ലാസുകള്‍ സാധാരണ സണ്‍ഗ്ലാസുകള്‍ക്ക് തുല്യമല്ലാത്തതിനാല്‍ കണ്ണടയില്ലാത്തവര്‍ക്കായി, പിന്‍ഹോള്‍ പ്രൊജക്ടര്‍ പോലുള്ളവ പരീക്ഷിക്കണമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നു. എന്നാല്‍, സൂര്യനെ നേരിട്ട് നോക്കാന്‍ ഇവ ഉപയോഗിക്കരുത്.