സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർഥികളെ ലിവിവിലേക്ക് മാറ്റുന്നു; പോളണ്ട് വഴി ഇന്ത്യയിലേക്ക് എത്തിക്കും
യുക്രൈനിലെ യുദ്ധബാധിത നഗരമായ സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോർട്ടാവയിൽ നിന്ന് ലിവിവിലേക്ക് തിരിച്ചു. ട്രെയിൻ മാർഗമാണ് ഇവർ ലിവിവിലേക്ക് പോകുന്നത്. വൈകുന്നേരത്തോടെ ഇവർ ലിവിവിൽ എത്തിച്ചേരും. ഇവരെ തുടർന്ന് പോളണ്ട് വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നീക്കം
സുമിയിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 694 വിദ്യാർഥികളെയാണ് പോൾട്ടോവയിൽ എത്തിച്ചത്. വിദ്യാർഥികളെ തിരികെ ഇന്ത്യയിൽ എത്തിക്കാനുള്ള സജ്ജമാക്കുകയാണെന്ന് നേരത്തെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു
വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴി തുറക്കുകയും ചെയ്ത സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് എംബസി പുതിയ നിർദേശം നൽകി. അവസരം പ്രയോജനപ്പെടുത്തി കുടുങ്ങിക്കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ട്രെയിനോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് പുറത്ത് കടക്കാനാണ് നിർദേശം.