ക്യാപിറ്റോള്‍ ആക്രമണം: തന്റെ അനുയായികളെ ട്രംപ് അപലപിച്ചു; സുഗമമായ അധികാര കൈമാറ്റം വാഗ്ദാനം ചെയ്തു
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയത്തെ അംഗീകരിക്കുകയും ബുധനാഴ്ച ക്യാപിറ്റോള്‍ ഹില്ലിൽ ആക്രമണം നടത്തിയ അനുയായികളെ അപലപിക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് (ജനുവരി 6) സായുധ പ്രതിഷേധക്കാർ ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി, ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാക്ഷ്യപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന വോട്ടെണ്ണല്‍ തടസ്സപ്പെടുത്താനായി ശ്രമിച്ചത്.
നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കാൻ രണ്ടു മാസത്തോളമായി ട്രംപ് വിസമ്മതിച്ചുകൊണ്ടിരിക്കെയായിരുന്നു അനുയായികളോട് ബുധനാഴ്ച ക്യാപിറ്റോളിലേക്ക് ചെന്ന് നമ്മുടെ “ശക്തി തെളിയിക്കാന്‍” ട്രംപ് ആഹ്വാനം ചെയ്തത്. അതുപ്രകാരം എത്തിയവരാണ് പ്രക്ഷോഭം അഴിച്ചുവിട്ടതും യു എസ് പാര്‍ലമെന്റ് എന്നു വിശേഷിപ്പിക്കുന്ന ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിവെച്ചതും.
പ്രക്ഷോഭകാരികള്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടും വൈറ്റ് ഹൗസില്‍ അതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ട്രംപ് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍, വൈസ് പ്രസിഡന്റിന്റെ കര്‍ശന നിര്‍ദ്ദേശം വന്നതോടെയാണ് ട്രംപ് അനുയായികളോട് പിന്തിരിയാന്‍ ആവശ്യപ്പെട്ടത്.
വൈറ്റ് ഹൗസ് ട്വിറ്ററില്‍ പുറത്തുവിട്ട വീഡിയോയില്‍ “ആക്രമണത്തില്‍ താന്‍ അസ്വസ്ഥനും പ്രകോപിതനുമാണെന്നും ഈ നിഷം അനുരഞ്ജനമാണ് വേണ്ടതെന്നും” പറഞ്ഞു. ജനുവരി 20 ന് ബൈഡന്റെ പുതിയ ഭരണത്തിലേക്ക് “ക്രമമായ മാറ്റം” ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 20 ന് ഒരു പുതിയ അഡ്മിനിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യും. എന്റെ ശ്രദ്ധ ഇപ്പോൾ സുഗമവും ചിട്ടയുമായ അധികാര പരിവർത്തനം ഉറപ്പാക്കുന്നതിലേക്ക് തിരിയുന്നു,” അദ്ദേഹം പറഞ്ഞു.
ക്യാപിറ്റോളിലെ ആക്രമണ പരമ്പരയ്ക്കു ശേഷം അദ്ദേഹത്തിന്റെ ക്യാബിനറ്റില്‍ നിന്ന് കൂട്ട രാജി ട്രംപിനെ തത്വത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. കോൺഗ്രസിലെ രണ്ട് ഉന്നത ഡമോക്രാറ്റുകള്‍ – ഹൗസ് സ്പീക്കര്‍ നാൻസി പെലോസി, സെനറ്റ് ഡമോക്രാറ്റിക് നേതാവ് ചക് ഷുമേർ എന്നിവര്‍ ട്രംപിനെ അധികാരത്തിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയില്ലെന്ന് കരുതുന്ന ഒരു പ്രസിഡന്റിനെ നീക്കം ചെയ്യാൻ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം അനുവദിക്കുന്ന 25-ാം ഭേദഗതി നടപ്പാക്കാൻ പെലോസി വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോടും ട്രംപിന്റെ ക്യാബിനറ്റിനോടും ആവശ്യപ്പെട്ടു.