കമല ഹാരിസ്, അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത
വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തിയെഴുതി കമല ഹാരിസ്. വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയെന്ന ബഹുമതിയാണ് കമലയെ തേടിയെത്തിയിരിക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന പ്രത്യേകതയും കമലയ്ക്ക് സ്വന്തമായി. വൈസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ അമേരിക്കയുടെ അടുത്ത പ്രസിഡന്റ് പദവിയിലെത്താനുള്ള സാധ്യത കൂടിയാണ് കമലയ്ക്ക് ലഭിച്ചിരിക്കുന്നത്. 56 കാരിയായ കമല ഹാരിസ് 2024 ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാവുമെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
1964 ഒക്ടോബര്‍ 20ന് കാലഫോര്‍ണിയയിലെ ഓക്ക്‌ലന്‍ഡിലാണ് കമല ജനിച്ചത്. ചെന്നൈക്കാരിയും സ്തനാര്‍ബുദ സ്‌പെഷലിസ്റ്റുമായ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരന്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളായാണ് ജനനം. അമ്മ വഴിയാണ് കമലയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം. വാഷിങ്ടണിലെ ഹോവാര്‍ഡ് സര്‍വകലാശാലയിലും കാലഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിങ്‌സ് ലോ കോളജിലുമായി പഠനം പൂര്‍ത്തിയാക്കിയ കമല, കാലഫോര്‍ണിയയിലെ അലമേഡ കൗണ്ടിയില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയായാണ് കരിയറിന് തുടക്കമിട്ടത്.
പിന്നീട് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആദ്യ വനിതാ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫിസിലെ കരിയര്‍ ക്രിമിനല്‍ യൂനിറ്റില്‍ മാനേജ്‌മെന്റ് അറ്റോര്‍ണിയായി ചുമതലയേറ്റു. തുടര്‍ന്ന് കാലഫോര്‍ണിയയിലെ ആദ്യ വനിതാ അറ്റോര്‍ണി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ സെനറ്റ് ഹിയറിങ്ങുകളില്‍ അറ്റോര്‍ണി ജനറല്‍ വില്യം ബാറിനെ ശക്തമായി ചോദ്യംചെയ്ത് അവര്‍ ശ്രദ്ധേയയായി. സെനറ്റ് ഹിയറിങ്ങിനിടെ ഡൊണാള്‍ഡ് ട്രംപിനെ നിശിതമായി വിമര്‍ശിച്ചതും വാര്‍ത്തയായതാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലപ്പോഴും ബൈഡനെക്കാളേറെ കമലാ ഹാരിസിനെയാണ് രൂക്ഷമായി വിമര്‍ശിച്ചത്.