ലോകത്ത് കൊവിഡ് മരണം പത്തരലക്ഷം കടന്നു; 3.6 കോടിയാളുകള്‍ക്ക് വൈറസ് ബാധ, 24 മണിക്കൂറിനിടെ 3.11 ലക്ഷം പുതിയ രോഗികള്‍
വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് വ്യാപനത്തിന് അറുതിയില്ല. പ്രതിദിന രോഗികളുടെ എണ്ണത്തിലും കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,11,613 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,60,45,050 ആയി ഉയര്‍ന്നു. ഇതുവരെ 10,54,057 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2,71,49,223 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 78,41,220 പേരാണ് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 67,821 പേരുടെ നില ഗുരുതരവുമാണ്. പ്രതിദിന രോഗബാധയില്‍ ഇന്ത്യയാണ് മുന്നിലുള്ളത്.
രാജ്യത്ത് ഒറ്റദിവസം 72,106 പേരാണ് രോഗികളായത്. 991 മരണവുമുണ്ടായി. അമേരിക്കയില്‍ 43,660 പേര്‍ക്കും ബ്രസീലില്‍ 30,454 പേര്‍ക്കും വൈറസ് പോസിറ്റീവായി. ലോകത്ത് ആകെ 5,553 പേരാണ് ഒരുദിവസം മാത്രം മരണപ്പെട്ടത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍, പെറു, അര്‍ജന്റീന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യപത്തിലുള്ളത്. ഫ്രാന്‍സും, ബ്രിട്ടനും, ഇറാനും, ചിലിയും, ഇറാക്കും ഉള്‍പ്പെടെ 13 രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളിലാണ്.
ഇസ്രായേല്‍, ഉക്രെയിന്‍, കാനഡ, ഇക്വഡോര്‍, നെതര്‍ലന്‍ഡ്‌സ് തുടങ്ങി 17 രാജ്യങ്ങളില്‍ ഒരുലക്ഷത്തിനു മുകളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം. രോഗവ്യാപനം കൂടിയ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 77,22,746 (2,15,822), ഇന്ത്യ- 67,57,131 (1,04,591), ബ്രസീല്‍- 49,70,953 (1,47,571), റഷ്യ- 12,37,504 (21,663), കൊളംബിയ- 8,69,808 (27,017), സ്‌പെയിന്‍- 8,65,631 (32,486), പെറു- 8,32,929 (32,914), അര്‍ജന്റീന- 8,24,468 (21,827), മെക്‌സിക്കോ- 7,94,608 (82,348), ദക്ഷിണാഫ്രിക്ക- 6,83,242 (17,103).