കൊവിഡിനെ ജലദോഷ പനിയുമായി ഉപമിച്ച് ട്രംപ്; തെറ്റിദ്ധരിപ്പിക്കുന്ന പോസ്‌റ്റെന്ന് ട്വിറ്റർ
കൊവിഡിനെ സാധാരണ ജലദോഷ പനിയോട് ഉപമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോസ്റ്റുകൾ. ചൊവ്വാഴ്ചയാണ് ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിട്ടത്. ഇതിനെതിരെ ട്വിറ്ററും ഫേസ്ബുക്കും തന്നെ രംഗത്തുവന്നു.
ജലദോഷ പനിയെ തുടർന്ന് ആയിരക്കണക്കിനാളുകൾ വർഷം തോറും മരിക്കുന്നത് പതിവാണെന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. നിസാരമായ രോഗത്തിന്റെ പേരിൽ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോ. പനിയോടൊപ്പം ജീവിക്കാൻ പഠിച്ചതു പോലെ കൊവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകുക വഴി ട്രംപിന്റെ ട്വീറ്റ് ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതായും പൊതുജനങ്ങൾക്ക് കാണാനായി മാത്രം ട്വീറ്റ് നിലനിർത്തുന്നതായും ട്വിറ്റർ രേഖപ്പെടുത്തി.
ട്രംപിന്റെ സമാനമായ പോസ്റ്റ് ഫേസ്ബുക്കും നീക്കം ചെയ്തിരുന്നു. 26,000 പേർ ഷെയർ ചെയ്ത പോസ്റ്റാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. നാല് ദിവസത്തെ ആശുപത്രി ചികിത്സ കഴിഞ്ഞ് തിരികെ എത്തിയ ശേഷമാണ് ട്രംപ് കൊവിഡിനെ നിസാരവത്കരിച്ച് പോസ്റ്റിട്ടത്