വിമാനം പറത്തുന്നതിനിടെ ഇടുപ്പിൽ തണുപ്പ്, കോക്ക്പിറ്റിൽ മൂർഖൻ; അടിയന്തര ലാൻഡിംഗ് നടത്തി പൈലറ്റ്
വിമാനയാത്രാമധ്യേ കോക്ക്പിറ്റിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയ ദക്ഷിണാഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസിനെ വിദഗ്ധർ അഭിനന്ദിച്ചു. സൗത്ത് ആഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസ് ആണ് മരണത്തെ മുന്നിൽ കണ്ട നിമിഷത്തിലും മനഃസ്ഥൈര്യം കൈവിടാതെ ശരിയായ തീരുമാനമെടുത്തത്.എൻടി ടിവി യാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.
അമേരിക്കൻ കമ്പനിയായ ബീച്ച്ക്രാഫ്റ്റ് നിർമിച്ച ബാരോൺ 58 വിമാനത്തിന്റെ ഏക പൈലറ്റ് ആയിരുന്നു റുഡോൾഫ് ഇറാസ്മസ്. യാത്രയ്ക്കിടെ ഇടുപ്പിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് സീറ്റിനു താഴെ പാമ്പിനെ കണ്ടതെന്ന് ഇറാസ്മസ് പറയുന്നു.വിമാനത്തിൽ പാമ്പുണ്ടെന്ന കാര്യം യാത്രയ്ക്കിടെ തന്നെ റുഡോൾഫ് വിമാനത്തിലെ നാല് യാത്രക്കാരെയും അറിയിച്ചു.
വിമാനത്തിൽ പാമ്പുണ്ട്. അത് എന്റെ സീറ്റിന്റെ അടിയിലാണ്. അതിനാൽ നമുക്ക് എത്രയും വേഗം നിലത്തിറങ്ങാൻ ശ്രമിക്കാം എന്നായിരുന്നു സന്ദേശം.ഏപ്രിൽ മൂന്നിനാണ് ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ്പിൽ നിന്ന് നെൽസ്പ്രുറ്റിലേക്ക് നാലു യാത്രക്കാരുമായി പുറപ്പെട്ട ചെറുവിമാനത്തിൽ സംഭവമുണ്ടായത്.