യുഎസ് കാപിറ്റോളിലെ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടം; അപലപിച്ച് ലോകനേതാക്കൾ
യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അഴിഞ്ഞാട്ടത്തിൽ അപലപിച്ച് ലോകനേതാക്കൾ. അമേരിക്കക്ക് കനത്ത നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നുവിത്. ചരിത്രത്തിൽ ആദ്യമായാണ് യു എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടെ ഇത്തരം സുരക്ഷാ വീഴ്ചയുണ്ടായത്.
അപമാനകരമായ രംഗങ്ങളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതിനെ വിശേഷിപ്പിച്ചു. ജനാധിപത്യത്തിനായി നിലകൊള്ളുന്ന രാജ്യമാണ് അമേരിക്ക. സമാധാനപരമായും ചിട്ടയോടെയും അധികാരം കൈമാറ്റം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ബോറിസ് ട്വീറ്റ് ചെയ്തു
യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറെലും സംഭവത്തെ അപലപിച്ചു. ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണമെന്ന് ജോസഫ് ബോറെൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണമായും ബഹുമാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു
വാഷിംഗ്ടണിൽ നടന്നത് അമേരിക്കക്കാർക്ക് ചേർന്നതല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണമാണിതെന്നും ഫ്രാൻസ് ഔദ്യോഗികമായി പ്രതികരിച്ചു.
ജനാധിപത്യത്തെ തകർക്കുന്ന രീതി ട്രംപ് അനുകൂലികൾ അവസാനിപ്പിക്കണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സംഭവത്തെ അപലപിച്ചു. അതേസമയം ട്രംപിനെ ഇന്ത്യാസ് ഫ്രണ്ട് എന്ന് വിശേഷിപ്പിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല