ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ഉപയോഗത്തിനും വിതരണത്തിനും അനുമതി തേടി ഫൈസർ
ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടി അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യത്തെ മരുന്ന് കമ്പനിയാണ് ഫൈസർ. നേരത്തെ ഫൈസറിന്റെ കൊവിഡ് വാക്‌സിന് ബ്രിട്ടനും ബഹ്‌റൈനും അനുമതി നൽകിയിരുന്നു
ഇന്ത്യയിൽ വിൽപ്പനക്കും വിതരണത്തിനുമുള്ള അനുമതിയാണ് ഫൈസർ തേടിയത്. ക്ലിനിക്കൽ ട്രയൽ നടത്താതെ തന്നെ പുതിയ ഡ്രഗ്‌സ് ആൻഡ് ക്ലിനിക്കൽ ട്രയൽസ് നിയമപ്രകാരമാണ് അടിയന്തര അനുമതി തേടിയിരിക്കുന്നത്.
ജർമൻ മരുന്ന് നിർമാണ കമ്പനിയായ ബയോ എൻടെകിന്റെ സഹകരണത്തോടെയാണ് ഫൈസർ വാക്‌സിൻ വികസിപ്പിച്ചത്. 95 ശതമാനം ഫലപ്രാപ്തിയാണ് ഫൈസറിന്റെ വാക്‌സിന് പറയുന്നത്. അമേരിക്കയിലും വാക്‌സിൻ ഉപയോഗത്തിന് കമ്പനി അനുമതി തേടിയിട്ടുണ്ട്
അതേസമയം മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ മരുന്ന് സൂക്ഷിക്കുകയെന്നത് ഇന്ത്യയിൽ വെല്ലുവിളിയാണ്. എന്നാൽ രാജ്യവ്യാപകമായി എല്ലാ മുൻകരുതലുകളും പാലിച്ച് വാക്‌സിനെത്തിക്കാൻ തയ്യാറാണെന്നാണ് ഫൈസർ അറിയിക്കുന്നത്.