യുദ്ധം സംപ്രേഷണം ചെയ്ത ചാനലിന് സസ്പെൻഷൻ: ലൈവില്‍ രാജിവെച്ച് റഷ്യൻ ചാനൽ ജീവനക്കാര്‍
മോസ്കോ: റഷ്യ യുക്രൈനെതിരായ അധിനിവേശം തുടരുമ്പോൾ യുദ്ധത്തിനെതിരെയാണ് റഷ്യയിലെ തന്നെ ജനങ്ങൾ. യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി നിരവധി പ്രതിഷേധങ്ങളും റഷ്യയിൽ നടക്കുന്നുണ്ട്. ഇതിനിടെ, റഷ്യയിലെ ടെലിവിഷൻ ചാനലിൽ ലൈവ് ഷോയ്ക്കിടെ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും രാജിവച്ചിറങ്ങി.
ടിവി റെയിൻ എന്ന ചാനലിലെ ജീവനക്കാരാണ് രാജിവെച്ചത്. യുക്രൈനെതിരായ യുദ്ധം സംപ്രേഷണം ചെയ്തതിന് പിന്നാലെ ചാനലിന്റെ നടത്തിപ്പ് റഷ്യൻ അധികൃതർ സസ്പെന്റ് ചെയ്തിരുന്നു. ഇതോടെയാണ്, ചാനലിന്റെ അവസാന പരിപാടിയിൽ ഇവർ യുദ്ധത്തോട് നോ പറഞ്ഞുകൊണ്ട് തങ്ങളുടെ രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ, ചാനലിൽ സ്വാൻ ലേക്ക് ബാലെറ്റ് വീഡിയോ സംപ്രേഷണം ചെയ്തു. 1991 ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റഷ്യൻ ടിവി ചാനലിൽ പ്രത്യക്ഷപ്പെട്ടത് ഇതേ ഗാനമായിരുന്നു. ഇതിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞ ദിവസം, യുക്രൈനിലെ യുദ്ധം റിപ്പോർട്ട് ചെയ്തതിന് എക്കോ ഓഫ് മോസ്കോ എന്ന റേഡിയോ ചാനലിന്റെ സംപ്രേഷണവും റഷ്യ തടഞ്ഞിരുന്നു. എന്നാൽ, വർഷങ്ങൾ പഴക്കമുള്ള ഈ റേഡിയോയുടെ എഡിറ്റോറിയൽ പോളിസി മാറ്റാനാകില്ലെന്നാണ് സ്ഥാപനത്തിന്റെ എഡിറ്റർ ഇൻ ചീഫ് അലക്സി വെനെഡിക്കോവ് പറഞ്ഞു.
അതേസമയം, യുക്രൈനിൽ സംഭവിക്കുന്നതെന്തെന്ന് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയ റഷ്യൻ നടപടിയെ അമേരിക്ക അപലപിച്ചു. സത്യം പറയാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള യുദ്ധം എന്നാണ് ഇതിനെ അമേരിക്ക വിശേഷിപ്പിച്ചത്.