കെ റെയിൽ വിശദീകരണ യോഗം ബഹിഷ്കരിച്ചു
പരപ്പനങ്ങാടിയിൽ കെ റെയിലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾക്ക് വിശദീകരണം നൽകാനായി വിളിച്ചുചേർത്ത യോഗം കെ റെയിൽ വിരുദ്ധ സമിതി ബഹിഷ്കരിച്ചു. സമിതി അടയാളക്കല്ല് സ്ഥാപിക്കുന്നതിൽ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർ പദ്ധതി വിശദീകരിക്കാൻ യോഗം വിളിച്ചത്. കെ.പി.എ.മജീദ് എംഎൽഎ കെ റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരസംഗമത്തിന് നേതൃത്വം നൽകി.
നെടുവ വില്ലേജ് അതിർത്തിയിൽ ഉച്ചയ്ക്കു രണ്ടു വരെ പ്രതിഷേധക്കാർ കുത്തിയിരിപ്പു നടത്തി. രാവിലെ 10.30ന് കെ റെയിൽ ഓഫിസിൽ നടന്ന യോഗത്തിൽ മുസ്‌ലിം ലീഗ്, കോൺഗ്രസ്, ബിജെപി ഒഴികെ പാർട്ടികളുടെ പ്രതിനിധികളും വ്യാപാരി പ്രതിനിധികളും പങ്കെടുത്തു.നഷ്ടം സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ അടയാളക്കല്ല് സ്ഥാപിച്ച് സ്ഥലനിർണയം നടത്തണം. തൊഴിൽ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിന് നടപടി ഉണ്ടാകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഇന്നും നാളെയും അടയാളക്കല്ല് സ്ഥാപിക്കില്ലെന്ന് അധികൃതർ പറഞ്ഞു.