12 മണിക്കൂറിനിടെ തുർക്കിയിൽ രണ്ടാമതും ഭൂകമ്പം; മരണം 1300 ആയി
12 മണിക്കൂറിനിടെ തുർക്കിയെ നടുക്കി രണ്ടാമത്തെ ഭൂകമ്പം വീണ്ടും ഉണ്ടായി. തെക്ക്- കിഴക്കൻ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അതേസമയം കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ഭൂകമ്പത്തിൽ തുർക്കിയിലും, സിറിയയിലുമായി മരണം 1300 പിന്നിട്ടു. പ്രാദേശിക സമയം ഏകദേശം ഉച്ചയ്ക്ക് ഒന്നരയോടെ രണ്ടാമത്തെ ഭൂകമ്പവും ഉണ്ടായി എന്നാണ് തുർക്കിയുടെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ അമേരിക്കയുടെ ജിയോളജിക്കൽ റിപ്പോർട്ട് അനുസരിച്ച് 7.5 ആണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ തീവ്രത. എന്നാൽ യൂറോപ്യൻ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് 7.7 ആണ് തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ കൃത്യമായ വിവരങ്ങൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല.
രണ്ടാമത്തെ ഭൂകമ്പം ഇപ്പോഴത്തെ രക്ഷാ ദൗത്യത്തെ ബാധിക്കാൻ ഇടയുണ്ട് എന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ശൈത്യം കാരണം രക്ഷാ ദൗത്യം മന്ദഗതിയിലായിരുന്നു, അതിനിടയിലാണ് രണ്ടാമത്തെ ഭൂകമ്പവും ഉണ്ടായിരിക്കുന്നത്. ഇതിന്റെ പ്രകമ്പനം സിറിയൻ തലസ്ഥാനത്ത് വരെ അനുഭവപ്പെട്ടു. ഇവിടെ നിന്നുള്ള കണക്കുകൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. സർക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 326 പേരാണ് ഇവിടെ മരിച്ചത്. എന്നാൽ വിമതരുടെ കൈയ്യിലുള്ള പ്രദേശങ്ങളിൽ ഇതിൽ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് സന്നദ്ധ സംഘടനകൾ നൽകുന്ന റിപ്പോർട്ട്.