രസതന്ത്ര നൊബേൽ 3 ശാസ്ത്രജ്ഞർക്ക്
രസതന്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. രസതന്ത്രത്തിന്റെ കൂടുതൽ പ്രവർത്തനക്ഷമമായ രൂപത്തിന് അടിത്തറയിട്ട യുഎസിലെയും ഡെൻമാർക്കിലെയും മൂന്ന് ശാസ്ത്രജ്ഞർക്കാണ് പുരസ്ക്കാരം ലഭിച്ചത്. കരോലിൻ ആർ ബെർട്ടോസി, മോർട്ടൺ മെഡൽ, കെ ബാരി ഷാർപ്ലെസ് എന്നിവർക്കാണ് നൊബേൽ. ക്ലിക്ക് കെമിസ്ട്രിയുടെയും ബയോഓർത്തോഗണൽ കെമിസ്ട്രിയുടെയും വികാസത്തിനാണ് സമ്മാനം ലഭിച്ചത്.
2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ക്വാണ്ടം മെക്കാനിക്‌സ് മേഖലയിലെ മൂന്ന് ശാസ്ത്രജ്ഞർക്കാണ് അവാർഡ് ലഭിച്ചത്. ശാസ്ത്രജ്ഞരായ ഫ്രാൻസിലെ അലൈൻ ആസ്പെക്‌ട്, അമേരിക്കയിലെ ജോൺ എഫ് ക്ലോസർ, ഓസ്ട്രിയയിലെ ആന്റൺ ഗെല്ലിംഗർ എന്നിവർക്ക് 10 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 7.5 കോടി രൂപ) ലഭിക്കും. ചൊവ്വാഴ്ച സ്‌കോട്ട്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസാണ് അവാർഡ് പ്രഖ്യാപിച്ചത്.
ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റേ പാബോയ്ക്ക്. ‘മനുഷ്യന്റെ പരിണാമം’ എന്ന വിഷയത്തിൽ നടത്തിയ കണ്ടുപിടിത്തത്തിനാണ് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചത്. സാഹിത്യ രംഗത്തെ നൊബേൽ സമ്മാനം നാളെ പ്രഖ്യാപിക്കും. ഈ വർഷത്തെ (2022) സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക മേഖലയിലെ സമ്മാനം ഒക്ടോബർ 10 നും പ്രഖ്യാപിക്കും.