Saturday, April 12, 2025
World

അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ഒരു ഗ്രാമത്തെ മുഴുവനായും ചാരവും ലാവയും മൂടി: ജീവനുവേണ്ടി പരക്കം പാഞ്ഞ് ജനങ്ങള്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ജാവാ പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമെരു അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ഗ്രാമത്തെ മുഴുവനായും ചാരം വിഴുങ്ങിയിരിക്കുകയാണ്. പ്രദേശത്ത് നിന്നും നിരവധി പേരാണ് പാലായനം ചെയ്യുന്നത്. ഇവിടെ നിന്നും ജനങ്ങള്‍ നിലവിളിച്ചുകൊണ്ട് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സിയാണ് വീഡിയോ പുറത്തുവിട്ടത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുരന്തനിവാരണ മേധാവി ബുദി സാന്റോസ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട സാധ്യതയിലുള്ളവര്‍ക്കും പലായനം ചെയ്യപ്പെട്ടവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

12,000 മീറ്റര്‍ പ്രദേശത്ത് ആകാശം ചാരത്തില്‍ മൂടിയതിനാല്‍ അനേകം പ്രദേശങ്ങളില്‍ പകലും രാത്രിക്ക് സമാനമാണ്. അഗ്‌നിപര്‍വ്വത സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് ഇടിമിന്നലും മഴയും ഉണ്ടായി. ഇത് കട്ടിയുള്ള ചെളി രൂപപ്പെടാന്‍ കാരണമായെന്നും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് മൂന്ന് മണിയോടെയാണ് ലാവാ പ്രവാഹം ആരംഭിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്തെ അവസ്ഥ ഭയാനകമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആളുകളെ കുടിയൊഴിപ്പിക്കുന്നത് തുടരുകയാണ്. പുകയും പൊടിയും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *