മെക്‌സിക്കോയിലെ യുക്കാറ്റന്‍ ഉപദ്വീപിന്റെ പടിഞ്ഞാറ് സമുദ്രനിരപ്പില്‍ വൃത്താകൃതിയില്‍ തീ ജ്വാല കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം
മെക്‌സിക്കോയിലെ യുക്കാറ്റന്‍ ഉപദ്വീപിന്റെ പടിഞ്ഞാറ് സമുദ്രനിരപ്പില്‍ വൃത്താകൃതിയില്‍ തീ ജ്വാല കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. സമുദ്രത്തിന് നടുവില്‍ നിന്ന് പുറത്തേക്ക് വന്ന ഓറഞ്ച് നിറത്തിലുള്ള തീജ്വാലകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
‘ഐ ഓഫ് ഫയര്‍’എന്നാണ് സമൂഹ്യമാധ്യമങ്ങളില്‍ ഈ പ്രതിഭാസം വിളിക്കപ്പെട്ടത്.
എന്നാല്‍, തീ ഉയരാനുണ്ടായ കാരണമറിഞ്ഞപ്പോള്‍ പലരുടെയും ആകാംക്ഷയ്ക്ക് അന്ത്യമായി. ഒരു അണ്ടര്‍വാട്ടര്‍ പൈപ്പ്‌ലൈനില്‍ നിന്നാണ് തീ പിടിത്തമുണ്ടായത്. പ്രമുഖ കമ്പനിയായ പെമെക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്‍നിര കു മാലൂബ് സാപ്പ് ഓയില്‍ ഡെവലപ്മെന്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക് ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ പൈപ്പ്‌ലൈനാണിത്. മെക്‌സിക്കോ ഉള്‍ക്കടലിന്‍റെ തെക്കേ അറ്റത്താണ് കു മാലൂബ് സാപ്പ് സ്ഥിതി ചെയ്യുന്നത്.
പ്രാദേശിക സമയം പുലര്‍ച്ചെ 5:15 ഓടെയാണ് ഗ്യാസ് ചോര്‍ച്ചയുണ്ടായത്. ആളപായമില്ലെന്നും രാവിലെ 10: 30 ഓടെ തീ പൂര്‍ണ്ണമായും കെടുത്തിയെന്നും കമ്പനി അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. പെമെക്സിന്റെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ഉല്‍പാദകരാണ് കു മാലൂബ് സാപ്പ്.