Sunday, April 13, 2025
World

പഠിക്കാന്‍ ബ്രിട്ടനില്‍ പോകണോ; ആഗോള റാങ്കിംഗില്‍ മുന്നേറ്റം നടത്തി ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് എത്തുന്നത്. കോവിഡ് മഹാമാരി ആഞ്ഞടിച്ചതോടെ വിദേശപഠനത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നിട്ടും മഹാമാരി തങ്ങള്‍ക്ക് ഗുണകരമാക്കി മാറ്റിക്കൊണ്ട് ആഗോള റാങ്കിംഗില്‍ മികച്ച നേട്ടം കൊയ്യുകയാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍. മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ സുപ്രധാനമായി മാറിയ കോവിഡ് ഗവേഷണങ്ങള്‍ നയിച്ചതാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് തുണയായത്.

വാര്‍ഷിക അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും ഓക്‌സ്‌ഫോര്‍ഡ് ഒന്നാം സ്ഥാനം പിടിച്ചു. ബ്രിട്ടന് പുറമെ ഇന്ത്യയിലും, വിവിധ ലോകരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ആസ്ട്രാസെനെക വാക്‌സിന്‍ വികസിപ്പിച്ചത് ഓക്‌സ്‌ഫോര്‍ഡിലാണ്. പ്രൊഫസര്‍ ഡെയിം സാറാ ഗില്‍ബെര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു കോവിഡിന് എതിരായ വാക്‌സിന്‍ ആയുധം രൂപപ്പെടുത്തിയത്. ഭാവിയില്‍ മഹാമാരികള്‍ രൂപപ്പെടുമ്പോള്‍ മരണസംഖ്യ കുറച്ച് നിര്‍ത്തുന്നത് എങ്ങിനെയെന്ന് കണ്ടെത്താനായി ഒരു പുതിയ പാന്‍ഡെമിക് സയന്‍സസ് സെന്ററും ഓക്‌സ്‌ഫോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ റാങ്കിംഗില്‍ കേംബ്രിഡ്ജ് ആറാം സ്ഥാനത്ത് നിന്നും അഞ്ചിലേക്ക് കയറി. ഗവണ്‍മെന്റ് ശാസ്ത്രജ്ഞര്‍ക്ക് മഹാമാരിയെ കുറിച്ചുള്ള പ്രതിവാര ഗവേഷണങ്ങള്‍ കേംബ്രിഡ്ജിന്റെ സംഭാവനയാണ്. മുന്‍പ് അത്രയൊന്നും ശ്രദ്ധ നേടാതിരുന്ന സ്ഥാപനങ്ങളും മഹാമാരിയുടെ ബലത്തില്‍ മുന്നേറ്റം നേടിയിട്ടുണ്ട്. ലങ്കാഷയര്‍, ഓസ്‌കിര്‍കിലെ എഡ്ജ് ഹില്‍ യൂണിവേഴ്‌സിറ്റി, ഡെര്‍ബി യൂണിവേഴ്‌സിറ്റി എന്നിവ ഇതില്‍ പെടും. കോവിഡ്-19 കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളുടെ നേരിട്ടുള്ള ഫലമാണ് ഈ രണ്ട് യൂണിവേഴ്‌സിറ്റികളുടെ റാങ്കിംഗ് മെച്ചപ്പെടുത്തിയതെന്ന് ജഡ്ജസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *