Monday, April 14, 2025
World

അഫ്ഗാനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍

വാഴ്‌സ: അഫ്ഗാനിസ്താനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത അഫ്ഗാന്‍ കുടുംബത്തിലെ മൂന്നു കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍. രണ്ട് പേരുടെ നില ഗുരുതരമാണ്. 5 വയസും 6 വയസുമുള്ള സഹോദരങ്ങളാണ് ഗുരുതരാവസ്ഥയിലുള്ളത്. 5 വയസ്സുകാരന്‍ അബോധാവസ്ഥയില്‍ മരണത്തോട് മല്ലിടിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇന്ന് പരിശോധന നടത്തും. ആറുവയസുകാരന്റെ കരളും മാറ്റി വയ്ക്കും. ഇവരുടെ മൂത്ത സഹോദരിയായ 17കാരിയും ആശുപത്രിയിലാണ്.

വാഴ്‌സയ്ക്കു സമീപം വനമേഖലയോടു ചേര്‍ന്ന അഭയാര്‍ഥി കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ വിശന്നപ്പോള്‍ മറ്റു ഭക്ഷണമൊന്നും ലഭിക്കാത്തതിനാല്‍ കാട്ടില്‍നിന്നു കൂണ്‍ പറിച്ചുതിന്നുകയായിരുന്നു. ഭക്ഷ്യയോഗ്യമായ കൂണിനോടു സാദ്യശ്യമുള്ള ‘ഡെത്ത് ക്യാപ്’ കൂണാണ് കുട്ടികള്‍ കഴിച്ചതെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. ബ്രിട്ടിഷ് കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരന്റെ കുടുംബത്തെ ബ്രിട്ടന്റെ നിര്‍ദേശപ്രകാരമാണു പോളണ്ട് ഒഴിപ്പിച്ചത്. അതേസമയം ക്യാംപില്‍ ക്ഷണം ലഭിക്കാത്തതിനാലാണ് കുട്ടികള്‍ കൂണ്‍ തേടിപ്പോയതെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. മൂന്നു നേരവും ഭക്ഷണം നല്‍കിയിരുന്നു എന്നാണ് അധികൃതരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *