അഞ്ചാം ക്ലാസ് വിദ്യാർഥിയായ എ.എം. ശേയസ് എന്ന 9 വയസുകാരൻ ജലശയനത്തിലൂടെ ശ്രദ്ധേയനാവുന്നു
മാനന്തവാടി ∙ കണിയാരം സെന്റ് ജോസഫ് ടിടിഐ യിലെ അഞ്ചാം ക്ലാസ്
വിദ്യാർഥിയായ എ.എം. ശേയസ് എന്ന 9 വയസുകാരൻ ജലശയനത്തിലൂടെ
ശ്രദ്ധേയനാവുന്നു. പൊതുവെ ജലാശയങ്ങൾ കുറവായ വയനാട്ടിൽ നീന്തൽ പഠനത്തിന്
പോലുംമതിയായ സൗകര്യങ്ങൾ ഇല്ലാതിരിക്കവെയാണ് ഇൗ കൊച്ചുമിടുക്കൽ
വെള്ളത്തിന് മുകളിൽ ഏറെ നേരം നിശ്ചലനായി കിടക്കുന്നത്. മാനന്തവാടി കൂനാർ
വയൽ ശ്രേയസിൽ വി.വി. അജേഷിന്റെയും മാനന്തവാടി ക്ഷീരസംഘം സെക്രട്ടറി
മഞ്‌ജുഷയുടെയും മകനാണ് ശ്രേയസ്. ലോക്ക് ഡൗൺ കാലത്ത് ക്ഷേത്രം
ജീവനക്കാരനായ പിതാവിനൊപ്പം തൃശ്ശിലേരി ശിവ ക്ഷേത്രത്തിലെ കുളത്തിൽ നിന്ന്
നീന്തൽ പഠിക്കാൻ തുടങ്ങിയതോടെയാണ് യാദൃശ്ചികമായി ജലശയനത്തിലേക്ക്
തിരിഞ്ഞത്. കണ്ണൂർ പയ്യാമ്പലം സ്വദേശിയായ അജേഷ് കടലിൽ നീന്തൽ
പഠിച്ചയാളാണ്. പിതാവ് ഏറെനേരം വെള്ളത്തിൽ നിശ്ചലനായി കിടക്കുന്നത് കണ്ട
ശേയസും കഠിന പരിശീലനത്തിലൂടെ ആ കഴിവ് സ്വന്തമാക്കുകയായിരുന്നു. മുക്കാൽ
മണിക്കൂർവരെ വെള്ളത്തിന് മുകളിൽ അനങ്ങാതെ കിടക്കാൻ ശ്രേയസിന് കഴിയും. ഇനി
കടലിലും ഒഴുക്ക് കൂടിയ പുഴകളിലും എല്ലാം ജലശയനം പരിശീലിക്കണമെന്ന
ആഗ്രഹത്തിലാണ് ശ്രേയസ്. നീന്തൽ പരിശീലനത്തോടൊപ്പം ചെണ്ടയും കരാട്ടെയും
അഭ്യസിക്കുന്നുണ്ട്. സഹോദരി ആത്മജയും നീന്തൽ പരിശീലിക്കുന്നുണ്ട്.
എൽഡിഎഫ് ജില്ലാ കൺവീനർ കെ.വി. മോഹനനന്റെ പേരക്കുട്ടിയാണ് ശ്രേയസ്.
മുങ്ങിമരണങ്ങൾ ഏറുന്ന ഇക്കാലത്ത് സ്കൂൾ വിദ്യാർഥികൾക്കെല്ലാം നിന്തൽ
പഠനത്തിന് അവസരം ഒരുക്കണമെന്നാണ് ശ്രേയസിന്റെയും കുടുംബാംഗങ്ങളുടെയും
അഭിപ്രായം.