വിറ്റാമിൻ ഡിയും കൊറോണ വൈറസ് പ്രതിരോധ ശേഷിയും
വിറ്റാമിൻ ഡിയും കൊറോണ വൈറസ് പ്രതിരോധ ശേഷിയും തമ്മിൽ കുറച്ചു ബന്ധം ഉണ്ടെന്നാണ് ഐറിഷ് മെഡിക്കൽ ജോർണലിൽ വന്ന ഒരു പഠന റിപ്പോർട്ട് വെളിപ്പെടുന്നുന്നത്.
വിറ്റാമിൻ ഡിയും കൊറോണ വൈറസ് പ്രതിരോധ ശേഷിയും തമ്മിൽ കുറച്ചു ബന്ധം ഉണ്ടെന്നാണ് ഐറിഷ് മെഡിക്കൽ ജോർണലിൽ വന്ന ഒരു പഠന റിപ്പോർട്ട് വെളിപ്പെടുന്നുന്നത്. വിറ്റാമിൻ ഡി ഉൾപ്പെട്ട സപ്ലിമെന്‍റോ വിറ്റാമിൻ ഡി ടാബ്‌ലറ്റോ കഴിക്കുന്നതിലൂടെ ശ്വാസ സംബന്ധമായ അണുബാധകൾ പിടിപെടാതെ ഒട്ടൊരു സംരക്ഷണം ലഭിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
വിറ്റാമിൻ ഡി ഒരു ഫാറ്റ് സോല്യൂബിൾ ഹോർമോൺ വിറ്റാമിൻ ആണ്. ദിവസം 20 മുതൽ 50 മൈക്രോ ഗ്രാം വരെ എങ്കിലും വിറ്റാമിൻ ഡി ശരീരത്തിൽ എത്തിയിരിക്കണം. ഇത് ശ്വാസ സംബന്ധമായ ആരോഗ്യം വർദ്ധിപ്പിക്കും. അതിനാൽ ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും വിറ്റാമിൻ ഡി സപ്ലിമെന്‍റുകൾ നൽകാനാണ് ഐറിഷ് ഗവേഷകർ ആവശ്യപ്പെട്ടത്. കോവിഡ് ബാധ കുറച്ചു കൊണ്ടുവരാൻ ഇതിലൂടെ കഴിയും എന്ന് ജേർണൽ റിപ്പോർട്ട് പറയുന്നു. ഇത് രോഗം പിടിപെടാതിരിക്കാനുള്ള മാർഗ്ഗം ആയി കരുതാനും പാടില്ല.
ശ്വാസകോശ രോഗബാധ കുറയ്ക്കാനും ആന്‍റിബയോടിക് ഉപയോഗം നിയന്ത്രിക്കാനും പ്രതിരോധം ഉയർത്താനും വിറ്റാമിനുകൾക്ക് പ്രധാന പങ്കുണ്ട്. രക്ത പരിശോധനയിലൂടെ വിറ്റാമിൻ ഡിയുടെ അളവ് ഇപ്പോൾ കണ്ടുപിടിക്കാൻ കഴിയും. 50 മൈക്രോഗ്രാം താഴെ ആണ് ഒരാളുടെ വിറ്റാമിൻ ഡി തോത് എങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്.
വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ് സൂര്യപ്രകാശം തന്നെ ആണ്. നമ്മുടെ നാട്ടിൽ നല്ല സൂര്യപ്രകാശം ലഭിക്കുന്നതിനാൽ വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകുന്നതായി മുൻപൊന്നും അത്ര കേട്ടിട്ടില്ല. എന്നാൽ ഇപ്പോൾ ഏസി ഉപയോഗം കൂടുകയും, കൂടുതൽ സമയം മുറികൾക്കുള്ളിൽ കഴിയുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ വിറ്റാമിൻ ഡി അപര്യാപ്‌തയും പലരിലും പ്രകടമാവുന്നുണ്ട്. വെളുത്ത നിറം ഉള്ളവരാണെങ്കിൽ ഒരു ദിവസം അര മണിക്കൂർ വെയിലേറ്റാൽ ശരീരത്തിൽ ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കാറുണ്ട്. കറുത്ത നിറക്കാർക്കു 50 മിനിറ്റ് വരെ വേണ്ടിവരാം. എന്നാൽ പ്രായമാകുന്തോറും സൂര്യപ്രകാശത്തിൽ നിന്ന് വിറ്റാമിൻ ഡി സംഭരിക്കാനുള്ള ശരീരത്തിന്‍റെ ശേഷി കുറയും. അപ്പോൾ സപ്ലിമെന്‍റായി അത് കഴിക്കേണ്ടി വരും. എന്തായാലും വിറ്റാമിൻ ഡി ശരീരത്തിൽ ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പാകുന്നതിൽ തെറ്റില്ല. മാത്രമല്ല പനിയോ ചുമയോ വൈറസ് ബാധയോ ഉണ്ടാകും എന്ന് സംശയിക്കുന്നവരും ഡോക്ടറുടെ നിർദേശാനുസരണം വിറ്റാമിൻ ഡി3 ഏതാനും ആഴ്ച കഴിക്കുന്നത് വളരെ നന്നായിരിക്കും. എന്നാൽ ഇത് രോഗം വരാതിരിക്കാനോ രോഗം മാറാനോ ഉള്ള മാർഗം അല്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. എന്തായാലും ആവശ്യത്തിന് വിറ്റാമിൻ ഡി ഉള്ള ഭക്ഷണം ഡയറ്റിൽ ഉൾപെടുത്തുക. മുട്ടയുടെ മഞ്ഞക്കരു, പാൽ, മത്തി, ചില മത്സ്യങ്ങൾ, കൂൺ, ചീസ്, തൈര്, ഒമേഗ ത്രീ ഫാറ്റി ആസിഡ്, ഇവയിലൊക്കെ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
ക്ഷീണം, മുടികൊഴിച്ചിൽ, സന്ധിവേദന, ബോൺ ഡെൻസിറ്റി കുറയൽ, റിക്കറ്റ്ഡ്, മൂഡ് മാറ്റങ്ങൾ, അമിതമായ ഉറക്കം ഇതൊക്കെ വിറ്റാമിൻ ഡിയുടെ അപര്യാപ്തത കൊണ്ടുണ്ടാകാം. വിറ്റാമിൻ ഡി ശരീരത്തിൽ ആവശ്യത്തിന് ഉണ്ടെങ്കിൽ ഉള്ള ഗുണങ്ങൾ കൂടി പറയാം. ഡിപ്രെഷൻ കുറയ്ക്കും, അമിത ഭാരം കുറയും, ഹൃദയാരോഗ്യം ഉയർത്തും, എല്ലുകൾക്ക് ബലം ലഭിക്കും, പ്രതിരോധ ശേഷി വർദ്ധിക്കും.