ഡി എം വിംസിൽ സർക്കാർ നിയോഗിത കോവിഡ് തീവ്രപരിചരണ വിഭാഗം വിപുലീകരിച്ചു
മേപ്പാടി: കോവിഡിന്റെ രണ്ടാം ഘട്ടം അതിന്റെ ഏറ്റവും രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നത് കാരണം ഡി എം വിംസ് സർക്കാർ സഹായത്തോടെ കോവിഡ് ഐ സി യു വിൽ 21 കിടക്കകളിൽ നിന്നും 42 ആക്കി ഉയർത്തി. എല്ലാ ആധുനീക സംവിധാനങ്ങളുമുൾപ്പെ ടെ 14 വെന്റിലേറ്ററുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് മുഖേന കേന്ദ്രീകൃത സംവിധാനതിലൂടെയാണ് എവിടെ ഓക്സിജൻ എത്തുന്നത്. ആഴ്ചകൾക്ക് മുൻപ് ഓക്സിജന്റെ കൊണ്ടുവരവിന് ചില പ്രയാസങ്ങൾ നേരിട്ടത് ചർച്ച ചെയ്തപ്പോൾ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള പ്രശ്നത്തിൽ ഇടപെട്ടതിനെ തുടർന്ന് പരിഹരിക്കപെടുകയും ഇന്നും ഒരു തടസ്സവുമില്ലാതെ ഗ്രീൻ ചാനൽ വഴി ഓക്സിജൻ ഇവിടെയെത്തുന്നുമുണ്ട്. കോവിഡിന്റെ ഒന്നാം ഘട്ടം മുതൽ തന്നെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡി എം വിംസിനെ കോവിഡിന്റെ തൃതീയ മേഖലയിലെ ചികിൽസക്കുള്ള സെന്ററായി പ്രഖ്യാപിച്ചതു മുതൽ ജില്ലാ ഭരണ കൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാവിധ പിന്തുണകളും ലഭിച്ചുവരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കോവിഡിന് സൗജന്യ ചികിത്സ നൽകുന്നത് കാരണം ഒട്ടേറെ സാധാരണക്കാരായ രോഗികളുടെ ജീവൻ രക്ഷിക്കാൻ ഇതിനോടകം ഡി എം വിംസിന് സാധിച്ചു.
വിപുലീകരിച്ച കോവിഡ് തീവ്ര പരിചരണ വിഭാഗത്തിന്റെ ഉത്ഘാടനം ബഹു. കല്പറ്റ എംഎൽഎ അഡ്വ. ടി. സിദ്ദിഖ്, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള എന്നിവർ സംയുക്തമായി നിർവഹിച്ചു.
എക്സിക്യൂട്ടീവ് ട്രസ്റ്റീ ശ്രീ. യു ബഷീർ,ഡീൻ ഡോ. ഗോപകുമാരൻ കർത്ത, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ആൻസി മേരി ജേക്കബ്,മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. വാസിഫ് മായൻ,അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ. സൂപ്പി കല്ലങ്കോടൻ അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്)ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ സന്നിഹിതരായിരുന്നു.