Wednesday, January 8, 2025
Wayanad

യാത്രക്കാരെ ആകര്‍ഷിക്കാന്‍ നയം മാറ്റി കെഎസ്‌ആര്‍ടിസി; പുതിയ സര്‍വ്വീസിന് വയനാട്ടില്‍ തുടക്കം

കല്‍പ്പറ്റ: നിശ്ചയിച്ച സ്റ്റോപ്പില്‍ പോലും നിര്‍ത്താതെ പറപറന്ന് നഷ്ടത്തിലേക്ക് ഓടിയിറങ്ങിയ ആനവണ്ടി ഇപ്പോള്‍ പരിഷ്‌കാരങ്ങളില്‍ നിന്ന് പരിഷ്‌കാരങ്ങളിലേക്ക് കുതിക്കുകയാണ്. ചിലവ് പോലെ വരവും വേണമെന്ന നിര്‍ബന്ധം മാനേജ്‌മെന്റും സര്‍ക്കാരും മുന്നോട്ടുവെക്കുമ്ബോള്‍ നൂതന ആശയങ്ങളൊടൊപ്പം ജീവനക്കാരുമുണ്ട്. യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ആശയവുമായി വയനാട്ടില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് തുടങ്ങി കഴിഞ്ഞു.

യാത്രക്കാര്‍ എവിടെ നിന്ന് കൈ കാണിക്കുന്നുവോ അവിടെ നിശ്ചയിച്ച സ്‌റ്റോപ്പ് അല്ലെങ്കില്‍ പോലും നിര്‍ത്തി ആളെ കയറ്റുന്ന രീതിയാണ് പരീക്ഷാണര്‍ത്ഥം തുടങ്ങിവെച്ചിരിക്കുന്നത്. സ്വകാര്യബസുകാര്‍ മുമ്ബേ പയറ്റിക്കൊണ്ടിരിക്കുന്ന ഈ ‘അവനവന്‍പടി’ പരിഷ്‌കാരം കോര്‍പറേഷന് നഷ്ടമുണ്ടാക്കില്ലെന്ന കണക്ക്ക്കൂട്ടലിലാണ് അധികൃതരുള്ളത്.അണ്‍ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വ്വീസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലെ ആദ്യ സര്‍വ്വീസ് മാനന്തവാടിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്കായിരുന്നു. രാവിലെ 8.15ന് പുറപ്പെട്ട് പത്തരയോടെ ബത്തേരിയിലെത്തി. പനമരം-വരദൂര്‍-മീനങ്ങാടി വഴിയാണ് സര്‍വ്വീസ്. അംഗീകൃത സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റുന്ന പഴയ രീതി മാറുന്നതോടെ സ്വകാര്യബസുകളെ പോലെ യാത്രക്കാര്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷയാണ് ജീവനക്കാര്‍ക്കുള്ളത്.

പരീക്ഷണം വിജയമാണെങ്കില്‍ ഇതേ രീതിയില്‍ ജില്ലയിലെ മറ്റിടങ്ങളിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് കെഎസ്‌ആര്‍ടിസിയുടെ നീക്കം. അതേ സമയം സര്‍ക്കാര്‍ ബസുകളുടെ പുതിയ രീതിയോട് സ്വകാര്യ ബസുടമകള്‍ ഏത് വിധത്തില്‍ പ്രതികരിക്കുമെന്ന് കണ്ടറിയണം. പലപ്പോഴും സര്‍ക്കാര്‍ ബസിന്റെ സമയമെടുത്തുള്ള സ്വകാര്യബസുകളുടെ ‘പാര’ലല്‍ സര്‍വ്വീസുകള്‍ പൊലീസ് കേസുകളിലേക്ക് വരെ നീണ്ട സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യബസുകള്‍ ജില്ലയില്‍ വിരളമായി മാത്രമാണ് സര്‍വ്വീസ് ആരംഭിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *