പൊതുജന സഞ്ചാരം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം;ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള
സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 24, 25 തീയ്യതികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് രണ്ടാം ഘട്ടവ്യാപനം തടയുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ ആയ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ചു.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ ഈ രണ്ട് ദിവസങ്ങളില്‍ അനുവദിക്കു. ഈ സ്ഥാപനങ്ങള്‍ രാത്രി 7.30 വരെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സഞ്ചാരം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. പോലിസ് അധികാരികള്‍ ആവശ്യമായ നിരീക്ഷണവും, നടപടികളും സ്വീകരിക്കേണ്ടതാണ്.
പൊതു ഗതാഗത സംവിധാനം ദീര്‍ഘദൂര ട്രിപ്പുകള്‍ക്ക് മാത്രമായി നിജപെടുത്തണം. അതേസമയം രാവിലെ 8 മണിമുതല്‍ ഉച്ചക്ക് 2 മണിവരെ സര്‍ക്കാര്‍ /പ്രൈവറ്റ് ബസുകള്‍ ഹ്രസ്വദൂര സര്‍വീസുകള്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് കൊണ്ടുപോകുന്നതിനായി സര്‍വീസ് നടത്തേണ്ടതാണ്.
ദീര്‍ഘദൂര യാത്രക്കാര്‍ തങ്ങളുടെ ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ പോലിസ് ആവശ്യപെടുന്ന മുറയ്ക് പരിശോധനയ്ക്ക് ലഭ്യമാക്കണം. ബേക്കറി, ഹോട്ടല്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ പാഴ്സല്‍ ആയി മാത്രമേ ഭക്ഷണ വിതരണം നടത്താന്‍ പാടുള്ളു. 24,25 തീയതികളില്‍ യാത്ര ചെയ്യുന്ന അവശ്യസര്‍വീസ് ജീവനക്കാര്‍ ഐഡന്റിറ്റി കാര്‍ഡ് പ്രദര്‍ശിപ്പിച്ചു മാത്രമേ യാത്ര ചെയ്യാവു എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.