Sunday, January 5, 2025
Wayanad

ബത്തേരി കോഴക്കേസ്: ഫോണിലെ ശബ്ദം സുരേന്ദ്രന്റെ തന്നെയെന്ന് ഫോറന്‍സിക് റിപ്പോർട്ട്

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.പതിനാല് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണമാണ് സ്ഥിരീകരിച്ചത്. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരം മാത്രമാണ്. കെ സുരേന്ദ്രന്‍, സികെ ജാനു എന്നിവര്‍ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

കേസുമായി ബന്ധപ്പെട്ട് സികെ ജാനുവിന്റെയും കെ സുരേന്ദ്രന്റെയും പ്രസീത അഴിക്കോടിന്റെയും ശബ്ദസാമ്ബിളുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സികെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലായിരുന്നു തെളിവുശേഖരണം.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 2021 മാര്‍ച്ച്‌ മാസം തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച്‌ 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച്‌ 25 ലക്ഷം രൂപയും സികെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണന്നും ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സികെ ജാനുവിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *