ട്രൈബൽ പ്രൊമോട്ടർമാരോടുള്ള രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണം: പി.കെ. ജയലക്ഷ്മി
മാനന്തവാടി: പട്ടികവർഗ്ഗ വികസന വകുപ്പിലെ എസ്.ടി. പ്രൊമോട്ടർമാരോടുള്ള സം സ്ഥാന സർക്കാരിൻ്റെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പ്രൊമോട്ടർ സ്ഥാനം രാജിവെച്ച ധാരാളം പേരുണ്ട്. അവരിൽ പലരും വിജയിച്ചു. ചിലർ പരാജയപ്പെട്ടു. പരാജയപ്പെട്ടവർ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിക്കുമ്പോൾ തിരികെ ജോലിയിൽ പ്രവേശിക്കുന്നതാണ് രീതി. കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്തും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. അവർക്ക് രാഷ്ട്രീയം നോക്കാതെ പുനർ നിയമനം നടത്തുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇത്തവണ യു.ഡി.എഫ്. പാനലിൽ മത്സരിച്ച് പരാജയപ്പെട്ട ഒരാൾക്ക് പോലും തുടർ നിയമനം ലഭിച്ചില്ല .ഇവർ പട്ടിക വർഗ്ഗ വകുപ്പിനെ സമീപിച്ചപ്പോൾ നിഷേധാത്മക നിലപാടാണ് വകുപ്പുദ്യോഗസ്ഥർ സ്വീകരിച്ചത്. രാഷ്ട്രീയപരമായ ഇത്തരം വിവേചനങ്ങൾ അംഗീകരിക്കാനാകില്ലന്നും സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.വയനാട് ജില്ലയിൽ ഉൾപ്പടെ ഇത്തരം അനീതി സർക്കാർ തുടരുന്നുണ്ട്. വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്ന് ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു