കർഷകരെ പിന്തുണച്ചാൽ രാജ്യദ്രോഹിയാക്കുന്ന പുതിയനിയമം-കെ.സി റോസക്കുട്ടി ടീച്ചർ
കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രേറ്റ തൻബെര്‍ഗ് പങ്കുവെച്ച ടൂള്‍ കിറ്റിൻ്റെ പേരിൽ 21കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്രസര്‍ക്കാർ രാഷ്ട്രീയ പ്രേരിത നിലപാട് പ്രതിഷേധാർഹമാണ്. സമരത്തെ പിന്തുണയ്ക്കുന്ന ടൂള്‍ കിറ്റിൽ രണ്ട് വരി എഡിറ്റ് ചെയ്ത ദിശ രവി രാജ്യത്തിനെതിരെ യുദ്ധാഹ്വാനം നടത്തിയെന്നാണ് ഡൽഹി പോലീസ് ആരോപിക്കുന്നത് ബെംഗളുരു സ്വദേശിനിയായ ദിശ രവിയെ പിന്തുണച്ച് രാജ്യത്തെ നിരവധി ആക്ടിവിസ്റ്റുകളും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും പ്രസ്താവനയിറക്കിയിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തിയെന്നും ക്രിമിനൽ ഗൂഢാലോചനയും രാജ്യത്തിനെതിരെ യുദ്ധാഹ്വാനവും നടത്തിയെന്നുമാണ് ഡൽഹി പോലീസ് ദിശയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഇന്നലെ ഡൽഹിയിലെത്തിച്ച് പോലീസിനു മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ കോടതി അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, ഡൽഹി പോലീസ് നടപടികള്‍ പാലിക്കാതെയാണ് ദിശയെ ഡൽഹിയിലെത്തിച്ചതെന്നും അഭിഭാഷകൻ്റെ സേവനം ലഭ്യമാക്കിയില്ലെന്നതും ശ്രദ്ധേയമാണ്. ലോക്കൽ പോലീസിൻ്റെ അറിവില്ലാതെ എങ്ങനെയാണ് ഡൽഹി പോലീസ് ബെംഗളൂരുവിൽ നിന്ന് ദിശയെ അറസ്റ്റ് ചെയ്തതെന്നതിലും വ്യക്തതയില്ല. 21കാരിയായ പെൺകുട്ടി എവിടെയാണെന്നു പോലും വിവരമില്ലാത്ത വിധത്തിലാണ് ഇവരെ ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലെത്തിച്ചിരിക്കുന്നത്. ഡൽഹി പോലീസ് നടപടികള്‍ അത്യന്തം ക്രൂരമാണെന്ന് ഇതിലൂടെ വ്യക്തം. ദിശ എവിടെയാണെന്ന് മാതാപിതാക്കളെ പോലും അറിയിച്ചില്ലെന്നത് നിയമവിരുദ്ധമല്ലെ. കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ആഗോള ശ്രദ്ധ നേടിയ യുവ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തൻബെര്‍ഗ് ഏതാനും വര്‍ഷം മുൻപ് തുടക്കമിട്ട പദ്ധതിയാണ് “ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍”. ഈ പദ്ധതിയുടെ സംഘാടകരിൽ ഒരാളാണ് ബെംഗളൂരു മൗണ്ട് കാര്‍മൽ കോളേജിൽ നിന്ന് ബിരുദം നേടിയ ദിശ രവിയും. 2018ൽ ഇവരുടെ പ്രവര്‍ത്തനങ്ങളെ യുഎൻ പോലും പ്രകീര്‍ത്തിച്ചിരുന്നു. അതായത് രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന ഒരു പെൺകുട്ടിയെ ഭരണകൂടം വേട്ടയാടപ്പെടുന്നു എന്നതിന് മറ്റെന്തു തെളിവാണ് ഇനി വേണ്ടത്. “രാജ്യം അഭിമാനിക്കേണ്ട ഒരു യുവ പരിസ്ഥിതി പ്രവര്‍ത്തകയാണ് കര്‍ഷകസമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിൻ്റെ നടപടികളുടെ പുതിയ ഇര. ഇവര്‍ക്ക് രാജ്യവ്യാപകമായി പിന്തുണയുണ്ടായിട്ടുണ്ട്. ഡൽഹിയ്ക്ക് പുറത്ത് കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകരെ പിന്തുണച്ച് പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കി ഗ്രേറ്റ തൻബെര്‍ഗ് പങ്കുവെച്ച ഒരു ടൂള്‍കിറ്റ് ഷെയര്‍ ചെയ്തതിനാണ് ദിശ രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.” എന്ന് കെ.സി റോസക്കുട്ടി ടീച്ചർ പറഞ്ഞു