Tuesday, January 7, 2025
Wayanad

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡെന്റൽ വിഭാഗത്തിന്റെ ഉദ്ഘടനവും ഫിസിയോ തെറാപ്പി യൂണിറ്റിലേക്കുള്ള യന്ത്ര സാമഗ്രികളുടെ വിതരണവും തിങ്കളാഴ്ച രാഹുൽ ഗാന്ധി എംപി നിർവ്വഹിക്കും

 

ബത്തേരി നൂൽപുഴ കുടുംബരോഗ്യ കേന്ദ്രത്തിൽ സജീകരിച്ച ഡെന്റൽ യൂണിറ്റിന്റെ ഉദ്ഘാടനവും ഫിസിയോ തെറാപ്പി യൂണിറ്റിലേക്കുള്ള യന്ത്ര സാമഗ്രികളുടെ വിതരണവും തിങ്കളാഴ്ച രാഹുൽ ഗാന്ധി എംപി നിർവ്വഹിക്കും.ഏകദിന സന്ദർശനത്തിനായി തിങ്കളാഴ്ച രാഹുൽ ഗാന്ധി ജില്ലയിൽ എത്തുന്ന വേളയിൽ വൈകിട്ട് 4.30 നാണ് ചടങ്ങ്.

കഴിഞ്ഞ മാസം പ്രവർത്തനം ആരംഭിച്ച നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി യൂണിറ്റ് ജില്ലയിലെ തന്നെ മികച്ച ഫിസിയോ തെറാപ്പി യൂണിറ്റായി മാറിയിരിക്കുകയാണ്. ആദിവാസി ജനത കൂടുതലുള്ള നൂല്‍പ്പുഴ പഞ്ചായത്തിന് കീഴില്‍ വരുന്ന ആശുപത്രിയില്‍ അതിനൂതന സംവിധാനങ്ങളാണ് ഫിസിയോ തെറാപ്പിക്കായി സജ്ജീകരിച്ചിരിക്കുന്നത്.

ഷോക്ക് വേവ് തെറാപ്പി, ലേസര്‍ തെറാപ്പി, മൊബിലിറ്റി ട്രെയ്നര്‍ അണ്‍വെയ് സിസ്റ്റം, സ്‌പോര്‍ട്സ് ഇന്‍ജുറി റിഹാബിലിറ്റേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ക്ക് പുറമെ വ്യായാമ ഉപദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും. ആദിവാസികള്‍, 18 വയസ്സ് വരെയുള്ളവര്‍, 60 വയസിനു മുകളിലുള്ളവർ എന്നിവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലുമായിരിക്കും ചികിത്സ.

നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സംവിധാനങ്ങളും ഗുണമേന്മയുള്ള ചികിത്സയും ഏതൊരാള്‍ക്കും ഇവിടെ നിന്നും ലഭിക്കുന്നു . സംസ്ഥാനത്ത് ആദ്യമായി ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍വന്നത് നൂല്‍പ്പുഴയിലാണ്.

ടെലിമെഡിസിന്‍ സൗകര്യവും വര്‍ഷങ്ങള്‍ക്കുമുമ്പേ ഇവിടെയുണ്ട്. ശീതീകരിച്ച, വൃത്തിയും ഭംഗിയുമുള്ള മുറികളും രോഗികള്‍ക്ക് വിശ്രമിക്കാനും സമയം ചിലവിടാനുമുള്ള സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. കുട്ടികളുടെ പാര്‍ക്ക്, ആധുനിക സംവിധാനങ്ങളോടെയുള്ള ലാബ്-ഫാര്‍മസി സൗകര്യങ്ങള്‍, രോഗികളെ സൗജന്യമായി ആശുപത്രിയിലെത്തിക്കുന്നതിനായി ഇലക്ട്രിക് ഓട്ടോറിക്ഷ എന്നിവ ഇവയില്‍ ചിലത് മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *