ഇടതുപക്ഷ ജനാധിപത്യ മുന്നണി മനുഷ്യ നന്മയാണ് എന്നും ഉയർത്തിപ്പിടിക്കുന്നതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സുൽത്താൻ ബത്തേരി : വർഗ്ഗീയതയുടെ കണിക തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണി മനുഷ്യ നന്മയാണ് എന്നും ഉയർത്തിപ്പിടിക്കുന്നതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ബി.ജെ.പിയുടെ വർഗ്ഗീയ രാഷ്ട്രീയം തമിഴ്‌നാട് അതിർത്തി വരെ എത്തി അത് കേരള അതിർത്തി കടക്കില്ല .സൂര്യനുദിക്കും എന്നത് സത്യമാണെങ്കിൽ ബി.ജെ.പി ഇവിടെ വളരുകയില്ല. രാഷ്ട്രീയ എതിരാളികളെ കീഴ്‌പ്പെടുത്താനാണ് കേന്ദ്ര സർക്കാർ അധികാരം ഉപയോഗിക്കുന്നത്. വിദ്വോഷത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ ഇന്ത്യയിലേത്. അത് കേരളത്തിൽ നടപ്പില്ല. രാജ്യത്തെ ധനിക ശക്തികൾ കേരളത്തിന്റെ സൂമൂഹിക മുന്നേറ്റത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
കോൺഗ്രസുകാർ പണ്ട് കാലത്ത് ദണ്ഡിയാത്ര, ചർക്ക സമരം എന്നിവയിൽ പങ്കെടുക്കാൻ കഴിയാത്തവരായിരുന്നു വിഷമിച്ചിരുന്നത്.എന്നാൽ ഇന്ന് കോൺഗ്രസുകാർക്ക് ബി.ജെ.പി യിൽ ചേരാത്തതിന്റെ വിഷമമാണ് ഉള്ളത്. ഇടതുപക്ഷം അധികാരത്തിൽ വരുന്നത് ഏത് വർഗ്ഗീയ കക്ഷിയെ കൂട്ടുപിടിച്ചിട്ടാണെങ്കിലും വേണ്ടില്ല തടയുക മാത്രമാണ് അവരുടെ ലക്ഷ്യം. യു.ഡി.എഫ് തകർച്ചയിലേക്കാണ് പോകുന്നത്. രാഷ്ട്രീയ പാർട്ടികളെ ഗ്രൂപ്പുകളാക്കി അവസരവാദ രാഷ്ട്രീയമാണ് അവർ കളിക്കുന്നത്. ഇപ്പോൾ പി.സി.ചാക്കോ കോൺഗ്രസ് വിട്ടു. ഇനിയും നിരവധി പേർ പോകും. ഇടതു പക്ഷത്തിന്റെ മികവാർന്ന ഭരണത്തെ അട്ടിമറിക്കാനുള്ള കരുത്ത് കോൺഗ്രസിന് ഒരിക്കലും ഒറ്റക്ക് നിന്നാൽ കിട്ടുല്ല. യു.ഡി.എഫ് തന്നെ ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.
പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പ്രത്യക പരിഗണന കിട്ടുന്ന സംസ്ഥാനമാണ് കേരളം .സാമൂഹ്യ പ്രതിസന്ധിയിൽ കരുത്ത് കാണിച്ച കേരളം രണ്ട് പ്രതിസന്ധികൾ ഒന്നിച്ച് വന്നിട്ടും അതിനെയെല്ലാം കരളുറപ്പെടെ ഒന്നിച്ച് നിന്ന് നേരിട്ടു. സർക്കാർ ജനങ്ങൾക്ക് മുമ്പാകെ വെച്ച വ്യക്തമായ ഒരു പാക്കേജാണ് ഒരാളും പട്ടിണി കിടക്കുകയില്ല എന്നത്. അത്് അക്ഷരംപ്രതി കേരള സർക്കാർ പാലിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ സൗജന്യ ചികിൽസയാണ് ജനങ്ങൾക്ക് നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് മുമ്പാകെ വെച്ച കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു.
കേരളത്തിലെ വിവിധങ്ങളായ ജനവിഭാഗങ്ങൾ അവർ വിശ്വസിക്കുന്ന മതഗ്രന്ഥങ്ങളായ ബൈബിൾ ഖുറാൻ, മഹാഭാരതം എന്നിവയോടൊപ്പം ഇടതുമുന്നണിയുടെ പ്രകടന പത്രിക കൂടി കാത്ത് സൂക്ഷിച്ച് വെക്കും .പത്രികയിൽ പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി നടപ്പിലാക്കുന്നതിനാൽ ഏത് പ്രതിസന്ധിയിലും തങ്ങളെ രക്ഷിക്കുമെന്ന് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നത് തുടർഭരണം കേരളത്തിൽ ഉണ്ടാകുമെന്ന് .
കെ.ശശാങ്കൻ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി ടീച്ചർ,പി.ഗഗാറിൻ, പി.പി.സുനിൽ, പി.എ.മുഹമ്മദ്, കെ.ആർ.സ്‌കറിയ, വി.വി.ബേബി, രൻജിത്ത്, ജൂനൈദ് കൈപ്പാണി, മുഹമ്മദ് പഞ്ചാര, വിജയൻ ചെറുകര.കെ.ജെ.ദേവസ്യ, വീരേന്ദ്രകുമാർ, ബത്തേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.എസ്.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. 1001 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. കെ.ജെ.ദേവസ്യ ചെയർമാനാൻ ,വി.വി.ബേബി ജനറൽ കൺവീനർ ,കെ.ശശാങ്കൻ ട്രഷററായി 14 അംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു.