Sunday, January 5, 2025
Wayanad

വയനാട് ‍മീനങ്ങാടിയിൽ സിനിമാ സ്റ്റൈല്‍ ആക്രമണം; ഓടുന്ന കാറിന് കുറുകെ മിനിലോറിയിട്ട് പണം തട്ടാന്‍ ശ്രമം

മീനങ്ങാടി: പട്ടാപകല്‍ ഓടുന്ന കാറിന് കുറുകെ മിനിലോറി ഓടിച്ചു കയറ്റി ഗുണ്ടാവിളയാട്ടം. കൃഷ്ണഗിരി പാതിരിപ്പാലത്ത് നിര്‍മാണത്തിലുള്ള പാലത്തിലേക്ക് കയറ്റിയിട്ട ഐഷര്‍ മിനിലോറി മൈസൂരില്‍ നിന്നും വന്ന കാറിന് വിലങ്ങനെയിറക്കുകയും പലയിടങ്ങളിലായി മറഞ്ഞിരുന്ന ക്വട്ടേഷന്‍ സംഘം തടഞ്ഞിട്ട കാര്‍ ആക്രമിക്കുകയുമായിരുന്നു. എന്നാല്‍, കാറിലുണ്ടായിരുന്ന രണ്ടംഗസംഘം അതിസാഹസികമായി രക്ഷപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന ഒരാളെ കാര്‍ സഹിതം നാട്ടുകാര്‍ പിന്നീട് തടഞ്ഞുവെക്കുകയും പോലിസിന് കൈമാറുകയും ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മൈസൂര്‍ ഭാഗത്ത് നിന്നും സ്വര്‍ണ്ണം വിറ്റ 25 ലക്ഷം രൂപയുമായി കാറില്‍ വരികയായിരുന്ന കോഴിക്കോട് വാവാട് കപ്പലാംകുടി ആഷിക്ക് (29), സഹയാത്രികന്‍ സലീം എന്നിവര്‍ സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. ഐഷര്‍ ലോറിയുമായി ഇവരെ കാത്തിരുന്ന സംഘത്തിലുള്ളവര്‍ ഓടുന്ന കാറിന് വിലങ്ങനെ ലോറിയോടിച്ച് കയറ്റി തടഞ്ഞ ശേഷം ഇരുമ്പു പൈപ്പ് ഉപയോഗിച്ച്കാറിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയുമായിരുന്നു.

ഇതിനിടെ അക്രമികളില്‍ നിന്നും കാര്‍ പാലത്തിനോട് ചേര്‍ന്ന് കിടക്കുന്ന മുണ്ടനടപ്പ് റോഡിലേക്ക് അതിവേഗം ഓടിച്ച് കയറ്റി കാറിലുള്ളവര്‍ രക്ഷപ്പെട്ടു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികളും തങ്ങളുടെ വാഹനത്തില്‍ നാട്ടുകാര്‍ക്ക് പിടികൊടുക്കാതെ കടന്നു. ഐഷര്‍ ലോറി കൂടാതെ കാറിന് പുറകിലായി ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച മറ്റ് രണ്ട് കാറുകളും ഒരു ട്രാവലറും സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. അക്രമം നടന്ന സ്ഥലത്ത് നിന്നും മുണ്ടനടപ്പ് കോളനിക്ക് സമീപമെത്തിയ ആഷിക്കും സലീമും പിന്നീട് പാതിരി എസ്‌റ്റേറ്റിലേക്ക് ഓടിക്കയറുകയായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തിരികെ വന്ന് വാഹനം എടുക്കാനുള്ള ശ്രമത്തിനിടെ ആഷിക്കിനെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും മീനങ്ങാടി പോലിസിനെ വിവരമറിയിക്കുകമായിരുന്നു.

വാഹനം തകര്‍ത്തതുമായി ബന്ധപ്പെട്ട് ആഷിക്കിന്റെ പരാതിയിന്‍മേല്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അക്രമിക്കപ്പെടാനുള്ള സാഹചര്യം എന്താണെന്നും, കുഴല്‍പ്പണമിടപാടോ മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഇതുമായിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലെ മനസ്സിലാക്കാന്‍ കഴിയുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലിസ് സംഘം.

 

 

Leave a Reply

Your email address will not be published. Required fields are marked *