വയനാട് ജില്ലയിൽ 1.5 മെഗാവാട്ടിന്റെ പദ്ധതിക്ക് ധാരണ
വയനാട് ജില്ലയിൽ 1.5 മെഗാവാട്ടിന്റെ പദ്ധതിക്ക് ധാരണ
കൽപ്പറ്റ പുരപ്പുറ സൗരോർജ ഉൽപ്പാദന രംഗത്ത് ജില്ലയ്‌ക്ക് മികച്ച നേട്ടം. ആദ്യഘട്ടമായി ഒന്നര മെഗാവാട്ട് ഉൽപ്പാദനത്തിന് കെഎസ്‌ഇബി ജില്ലയിലെ വിവിധ സ്ഥാപനങ്ങളുമായി ധാരണയായി. 75 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന പുരപ്പുറ
സോളാർ പദ്ധതി പുൽപ്പള്ളി പഴശ്ശിരാജാ കോളേജിൽ ഈ മാസം കമീഷൻ ചെയ്യും. ദിവസം 300 യൂണിറ്റ് ഉൽപ്പാദിപ്പിക്കുന്ന പദ്ധതി 40 ലക്ഷം ചെലവിലാണ് കെഎസ്‌ഇബി ഒരുക്കിയത്.
കെഎസ്‌ഇബിയുടെ ഗ്രിഡിലേക്ക് ബന്ധിപ്പിക്കാൻ മാത്രമാണ് ബാക്കി. ബത്തേരി താലൂക്കാശുപത്രിയിൽ ദിവസം 664 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന 166 കിലോവാട്ടിന്റെ പദ്ധതി അടുത്ത മാസം ആരംഭിക്കാനും കെഎസ്‌ഇബിയുമായി കരാറായി. 90 ലക്ഷം രൂപയുടെ പദ്ധതിയാണിത്. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ, മിക്ക ഗവ–-എയ്‌ഡഡ് സ്‌കൂളുകൾ, പൊലീസ് സ്‌റ്റേഷനുകൾ എന്നിവയെല്ലാം പുരപ്പുറ സോളാർ പദ്ധതിക്കായി കെഎസ്‌ഇബിയുമായി ധാരണാപത്രം ഒപ്പുവച്ചു. ജില്ലയിൽ നാല് മെഗാവാട്ട് ഉൽപ്പാദനമാണ് ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങളിലും മറ്റും പൂർത്തിയായാൽ അടുത്ത ഘട്ടമായി വീടുകളിൽ പുരപ്പുറ സോളാർ പദ്ധതി തുടങ്ങും. മോഡൽ ഒന്നിൽപ്പെടുത്തിയാണ് പഴശ്ശിരാജാ കോളേജിൽ പദ്ധതി സ്ഥാപിച്ചത്. മുതൽമുടക്കും 25 വർഷത്തെ പരിപാലനവും പൂർണമായും കെഎസ്‌ഇബി വഹിക്കും. ദിവസം ഉൽപ്പാദനത്തിന്റെ 10 ശതമാനം കോളേജിനായി ഉപയോഗിക്കാം. ഉപയോഗിച്ച് മിച്ചം വരുന്ന വൈദ്യുതി കെഎസ്‌ഇബി പണം കൊടുത്ത് തിരിച്ചെടുക്കും.
മോഡൽ രണ്ടിലാണ് താലൂക്കാശുപത്രി പദ്ധതി തുടങ്ങുന്നത്. കെഎസ്‌ഇബിയാണ് നിർമാണവും പരിപാലനവും. 25 വർഷത്തേക്കാണ് കരാർ. യൂണിറ്റിന് 4.50 പൈസ നിരക്കിൽ ആശുപത്രിക്ക് കെഎസ്‌ഇബി വൈദ്യുതി നൽകും. 25 വർഷവും ഈ വിലക്ക് വൈദ്യുതി കിട്ടുമെന്നതാണ് നേട്ടമെന്ന് ജില്ലാ പ്രൊജക്ട് എൻജിനിയർ എം ജെ ചന്ദ്രദാസ് പറഞ്ഞു