Sunday, April 13, 2025
Wayanad

കോവിഡ് ചികിത്സാ രംഗത്ത് വയനാട് ജില്ലക്ക് പൂര്‍ണ്ണപിന്തുണയുമായി ഡി എം വിംസ് മെഡിക്കല്‍ കോളേജ്

 

മേപ്പാടി: കോവിഡിന്റെ സാന്നിധ്യം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ നാള്‍ മുതല്‍ ഇന്നുവരെ വയനാട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഡി എം വിംസ് മെഡിക്കല്‍ കോളേജ്. ജനറല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ വാസിഫ് മായിന്റെ നേതൃത്വത്തിലായിരുന്നു ഡി എം വിംസിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.തുടക്കം മുതല്‍ക്കുതന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ത്തുകൊണ്ടായിരുന്നു ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. വയനാടിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഉതകും വിധം സര്‍ക്കാരുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഏതു സമയവും ഡി എം വിംസ് സന്നദ്ധമാണെന്ന് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ ശ്രീ യു ബഷീര്‍ പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കടക്കം സമ്പൂര്‍ണ ചികിത്സ ഉറപ്പുവരുത്തുവാന്‍ വേണ്ടി 2020 ഏപ്രിലില്‍ ജില്ലാ കളക്ടര്‍ ഡി എം വിംസിനെ വയനാട് ജില്ലക്കുള്ള തൃതീയ തല കോവിഡ് സെന്ററായി പ്രഖ്യാപിക്കുകയും 100 കിടക്കകള്‍ അതിനുവേണ്ടി മാത്രം മാറ്റിവെക്കുകയുമുണ്ടായി. പിന്നീട് ജില്ലാ ഭരണകൂടം നല്‍കിയ 10 ഐ സി യു കിടക്കകളും 10 വെന്റിലേറ്ററുകളും 10 എച് എഫ് എന്‍ സി മിഷിനുകളും മറ്റു അനുബന്ധ ഉപകരണങ്ങളും കൂടാതെ 155 വാര്‍ഡ് ബെഡ്ഡുകളും മാറ്റി വെക്കുകയുണ്ടായി .ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ കാര്‍ഡുള്ളവര്‍ക്ക് സൗജന്യ കോവിഡ് ചികിത്സ നല്‍കുന്നതോടൊപ്പം ബഹു ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിര്‍ദ്ദേശ പ്രകാരം ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ആസ്റ്റര്‍ മിംസില്‍ പ്രഖ്യാപിച്ച സൗജന്യ നിരക്കിലുള്ള ചികിത്സകള്‍ ഇവിടെയുള്ള അര്‍ഹരായവര്‍ക്ക് ലഭിക്കാനുള്ള സെന്ററായും ഡി എം വിംസ് വര്‍ത്തിക്കുന്നുണ്ട്.

കോവിഡേതര രോഗികളുടെ ചികിത്സാ പൂര്‍ണമായും നിലനിര്‍ത്തിക്കൊണ്ടാണ് ഇവിടെ കോവിഡ് ചികിത്സകള്‍ നടത്തിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.അതാത് സമയങ്ങളില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക തുടങ്ങിയവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ രംഗത്ത് ഡി എം വിംസിന് ഏറെ സഹായകരമായി.
ഇതിനിടയില്‍ പല തവണ കളക്ടര്‍ ആശുപത്രി സന്ദര്‍ശിക്കുകയും അധികൃതരുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
കൂടാതെ ആശുപത്രിക്കാവശ്യമായ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ തടസ്സങ്ങള്‍ ഇല്ലാതെ കൊണ്ടുവരുന്നതിനുള്ള ഗ്രീന്‍ ചാനലിന് കളക്ടറുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു .

ജില്ലയില്‍ വാക്സിനേഷന്‍ ആരംഭിച്ചത് മുതല്‍ ഡി എം വിംസിനെ സര്‍ക്കാരിന്റെ ഔദ്യോഗിക വാക്സിനേഷന്‍ സെന്റര്‍ ആയി പ്രഖ്യാപിക്കുകയും ഒന്നാം ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കുകയും പിന്നീട് 60 വയസ്സിനും 45 വയസ്സിനും ഇടയില്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുകയുണ്ടായി. രണ്ടരമാസത്തോളമായി ജില്ലയില്‍ വകുപ്പിന് കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിന് കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പിലെ 36 ഹവ്‌സ് സര്‍ജന്‍മാരെ വിട്ടുനല്‍കി ഡി എം വിംസ് മാതൃകയായി.കൂടാതെ സര്‍ക്കാരിന്റെ മാസ്സ് വാക്സിനേഷന്‍ ദൗത്യത്തിന് (മിഷന്‍ മാര്‍ച്ച് ) ആരോഗ്യ വകുപ്പിലേക്കു മെഡിക്കല്‍ കോളേജിലെ 50 അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ നല്‍കുകയുണ്ടായി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നടത്തി വന്നിരുന്ന കോവിഡ് പരിശോധനകള്‍ക്കായി ആസ്റ്റര്‍ വളണ്ടിയേര്‍സിന്റെ നേതൃത്വത്തിലുള്ള ഒ പി , ലാബ് സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സ് വിട്ടുനല്കുകയുണ്ടായി.

എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, അഡിഷണല്‍ മെഡിക്കല്‍ സൂപ്രണ്ടും കോവിഡ് കെയര്‍ നോഡല്‍ ഓഫീസറുമായ ഡോ. വാസിഫ് മായന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹിഷാം മൂസന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *