വയനാട്ടിലെ കോളനികളിലും കോവിഡ് വ്യാപനം വര്‍ധിക്കുന്നു, കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും ; ജില്ലാ കലക്ടര
ജില്ലയില്‍ ആദിവാസി കോളനികള്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യം ആശങ്കാജനകമാണെന്നും സമൂഹം അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. കോളനികളിലേക്ക് അനാവശ്യമായ സന്ദര്‍ശനം ഒരു കാരണവശാലും അനുവദിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായും മറ്റും കോളനികളിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ആദിവാസി കോളനികളിലെ 500 ഓളം പേരാണ് ജില്ലയില്‍ ഇപ്പോള്‍ പോസിറ്റീവായി തുടരുന്നത്.
കണ്ടെയ്ന്‍മെന്റ് സോണുകളായ പട്ടികവര്‍ഗ കോളനികളില്‍ സുരക്ഷയും ജാഗ്രയും ഉറപ്പുവരുത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എല്ലാ കോളനികളിലും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ വകുപ്പിന്റെയും പട്ടികവര്‍ഗ വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും ട്രൈബല്‍ പ്രമോട്ടര്‍മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാതെ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ടൂറിസം കേന്ദ്രങ്ങളിലേക്ക് വരരുത്. മാസ്‌കിന്റെ ശരിയായ ഉപയോഗം, കൈകള്‍ ഇടയ്ക്കിടെ സോപ്പ്- വെള്ളം അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കല്‍, മറ്റുള്ളവരില്‍നിന്ന് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കല്‍ എന്നിവ കര്‍ശനമായും പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
സിവില്‍ സ്റ്റേഷനിലെ എ.പി.ജെ. ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എ.ഡി.എം കെ. അജീഷ്, ദുരന്തനിവാരണ വിഭാഗം ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ഷാജു എന്‍.ഐ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.