Sunday, January 5, 2025
Top News

പ്രഭാത വാർത്തകൾ

 

🔳കുട്ടികള്‍ക്ക് കൊവിഡ് വാക്സീന്‍ നല്‍കാനുള്ള തീരുമാനം അശാസ്ത്രീയമെന്ന് എയിംസിലെ സീനിയര്‍ എപ്പിഡമോളജിസ്റ്റ്. ജനുവരി മൂന്ന് മുതല്‍ 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയിംസിലെ സാംക്രമികരോഗ വിദഗ്ധന്റെ പ്രതികരണം. ഇത് കൊണ്ട് അധികമായി ഒരു പ്രയോജനവും ലഭിക്കില്ലെന്ന് ഡോ. സഞ്ജയ് കെ റായ് പറഞ്ഞു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കൊവാക്സിന്‍ പരീക്ഷണങ്ങളുടെ എയിംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ പ്രസിഡന്റും കൂടിയാണ് ഡോ. സഞ്ജയ്.

🔳ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നു. ഒമിക്രോണ്‍ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ദില്ലിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

🔳സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

🔳15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

🔳എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഇന്ന് കൂടുതല്‍ നടപടിക്ക് സാധ്യത. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിന് 18 പേരും പൊതുമുതല്‍ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുടെ അറസ്റ്റുമാണ് രേഖപ്പെടുത്തിയത്.

🔳എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച് ജീപ്പ് കത്തിച്ച് സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. ക്രിസ്മസ് ആഘോഷത്തിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചതും ജീപ്പുകള്‍ നശിപ്പിച്ചതും.

🔳കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയുടെ ലേബര്‍ ക്യാംപില്‍ വച്ച് പൊലീസിന് നേരയുണ്ടായ ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താന്‍ എങ്ങനെ ഇവര്‍ക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവര്‍ക്ക് ധൈര്യം നല്‍കിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയില്‍ വരേണ്ടതാണെന്ന് സംഘടന ജനറല്‍ സെക്രട്ടറി സിആര്‍ ബിജു പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തതില്‍ നിന്നും തൊഴിലുടമയ്ക്ക് മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

🔳കമ്പനിയിലെ ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ്. 40ല്‍ താഴെ പേര്‍ മാത്രമാണ് സംഭവത്തിലെ കുറ്റക്കാരെന്നാണ് സാബു ജേക്കബിന്റെ വിശദീകരണം. എന്നാല്‍, പൊലീസ് 156 പേരെ പിടിച്ച് കൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ എല്ലാവരും കുറ്റക്കാരാണെന്ന് കരുതുന്നില്ല. പൊലീസ് വാഹനം തീവെച്ച് നശിപ്പിച്ച ആളെ കിറ്റക്സ് കമ്പനി തന്നെയാണ് പിടികൂടി ഏല്‍പ്പിച്ചതെന്നും സാബു ജേക്കബ് അവകാശപ്പെട്ടു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും സാബു പറഞ്ഞു.

🔳കിഴക്കമ്പലത്ത് അതിക്രമം കാട്ടിയവര്‍ അതിഥികളൊ അതൊ അക്രമകാരികളോയെന്ന് സ്പീക്കര്‍ മറുപടി പറയണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. അതിഥി തൊഴിലാളികളെ വേദനിപ്പിക്കാന്‍ പാടില്ലന്ന സ്പീക്കറുടെ ഉപദേശം കൊള്ളാം. എന്നാല്‍ അക്രമകാരികളായവരില്‍ ബംഗ്ലാദേശികളൊ റോഹിംഗ്യക്കാരോ ഉണ്ടോയെന്നും അവര്‍ അക്രമണത്തില്‍ പങ്കാളികളാണൊയെന്നും സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳കിഴക്കമ്പലം സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. പൊലീസുകാര്‍ക്ക് ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കും എന്ന കാപ്സ്യൂള്‍ വന്നോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. പൊലീസ് ജീപ്പിന് മുകളില്‍ അക്രമികള്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ടി സിദ്ദിഖിന്റെ പ്രതികരണം. ഈ ചവിട്ടി നില്‍ക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഏല്‍പ്പിച്ചവരുടെ നെഞ്ചിലാണെന്നും ചിത്രത്തിനോട് ചേര്‍ത്ത് അദ്ദേഹം കുറിച്ചു.

🔳കലാപകാരികള്‍ കിഴക്കമ്പലം കത്തിച്ചപ്പോള്‍ മുഖ്യമന്ത്രി മിന്നല്‍ മുരളി കാണുകയായിരുന്നോയെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സംസ്ഥാനത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സമ്പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. തന്റെ ഇംഗിതത്തിന് വഴങ്ങുന്ന ഉത്തരേന്ത്യന്‍ ഗോസായിമാരെ ലോ ആന്‍ഡ് ഓര്‍ഡര്‍ നിയന്ത്രിക്കുന്ന സ്ഥാനങ്ങളില്‍ ഇരുത്തി കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മലയാളി ഐപിഎസ് ഉദ്യോഗസ്ഥരെ പുന്നയ്ക്കാ വികസന കോര്‍പ്പറേഷന്‍ എംഡിമാരാക്കി മാറ്റിയ മുഖ്യമന്ത്രി തന്നെയാണ് ഈ അവസ്ഥക്ക് ഉത്തരവാദിയെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

🔳ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരാണ്. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

🔳എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത് വന്നു. കൊലപാതകത്തിന്റെ ആസൂത്രണം ചേര്‍ത്തലയില്‍ വച്ചായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസം മുമ്പ് ആസൂത്രണത്തിന് രഹസ്യ യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ കൊലപാതകത്തിനായി 7 പേരെ നിയോഗിച്ചു. ഡിസംബര്‍ 15 ന് വീണ്ടും യോഗം ചേര്‍ന്നു. ചേര്‍ത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമാണ് ഷാന്റെ കൊലപാതകമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രണം ചില നേതാക്കള്‍ക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാന്റെ കൊലയ്ക്ക് ശേഷം എത്തിയ സംഘാംഗങ്ങള്‍ രണ്ട് ടീമായി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് രക്ഷപെടാനും നേതാക്കളുടെ സഹായം കിട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

🔳ന്യൂനപക്ഷ വര്‍ഗീയത , ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടും പരസ്പര പൂരകങ്ങളാണെന്ന് മുഖ്യമന്ത്രി പറയുന്നു. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം ശക്തമാണ്. ആക്രമണം നടത്തിയാല്‍ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമാണ് ഉള്ളത്. വര്‍ഗീയത പ്രചരിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമം. എന്നാല്‍ ഈ വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍.

🔳ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അപകടകരമായ രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നുവെന്നും ഇവരെ അകറ്റി നിര്‍ത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. കേരളം കലങ്ങട്ടെ, ലഹളകള്‍ ഉണ്ടാകട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. കോണ്‍ഗ്രസ്സ് ഹിന്ദു വര്‍ഗീയത വളര്‍ത്തുമ്പോള്‍ മുസ്ലിം വര്‍ഗീയത ശക്തിപ്പെടുത്തുകയാണ് ലീഗെന്നാണ് കോടിയേരിയുടെ ആരോപണം.

🔳രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വലതുപക്ഷ സംഘടനകള്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ കര്‍ണാടകയില്‍ മാത്രം ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ 39 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

🔳കോഴിക്കോട്ടെ കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയത്തിലെ നിര്‍മാണത്തിലെ അപാകതകള്‍ ഉള്‍പ്പെടെ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭം തുടങ്ങാന്‍ കോണ്‍ഗ്രസ്. മദ്രാസ് ഐഐടി റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ പുറത്തുവിടാത്തതതില്‍ ദുരുഹതയുണ്ടെന്നെന്നാണ് ആരോപണം. ജനുവരി 5ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെട്ടിടം വളഞ്ഞ് പ്രതിഷേധിക്കും.

🔳നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് ശബരിമല സന്നിധാനത്ത് ഇന്നലെ മണ്ഡല പൂജ നടന്നു. രാത്രി 10 മണിക്ക് ഹരിവരാസനം ചൊല്ലി നട അടച്ചതോടെയാണ് മണ്ഡലകാല തീര്‍ത്ഥാടനം സമാപിച്ചത്. ഡിസംബര്‍ 30നാണ് ആണ് മകരവിളക്കിനായി നട ഇനി തുറക്കുക.

🔳ബിഹാറിലെ മുസാഫര്‍പുരില്‍ നൂഡില്‍സ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്ച രാത്രി 10 മണിയോട് കൂടിയായിരുന്നു സംഭവം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം അഞ്ച് കിലോമീറ്ററിലധികം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

🔳ആളുകളെ മതപരിവര്‍ത്തനംചെയ്യാനുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ ‘തന്ത്രത്തിന്റെ’ ഭാഗമാണെന്ന് ആരോപിച്ച് വെള്ളിയാഴ്ച ആഗ്രയില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചു. ക്രിസ്മസ് തലേന്ന് മഹാത്മാഗാന്ധി മാര്‍ഗിലെ സെന്റ് ജോണ്‍സ് കോളേജ് കവലയിലാണ് സംഭവം. സാന്താക്ലോസിന്റെ രൂപങ്ങളുമായി കൂട്ടമായെത്തിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ് ദളും ചേര്‍ന്നാണ് കോലം കത്തിച്ചത്. സാന്താക്ലോസ് മൂര്‍ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ കോലം കത്തിച്ചത്.

🔳കോണ്‍ഗ്രസ് വിടുന്നെന്ന ഊഹാപോഹങ്ങളെ തള്ളി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. താന്‍ 24 കാരറ്റ് കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടിയുമായി
പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുള്‍ഡോസര്‍ നാഥ് എന്ന് വിളിക്കണമെന്ന് കോണ്‍ഗ്രസ്. യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ച യോഗിയെ ബുള്‍ഡോസര്‍ നാഥ് അല്ലെങ്കില്‍ ബുള്‍ഡോസറുകളുടെ പ്രഭു എന്ന് വിളിക്കണമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.

🔳ബിജെപി എംപിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വിവാദത്തില്‍. എംപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപി എംപിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം. നേരത്തെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

🔳അഫ്ഗാനിസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു. കൂടാതെ, സംസ്ഥാന സമാധാന മന്ത്രാലയം, പാര്‍ലമെന്ററി കാര്യ മന്ത്രാലയം, തെരഞ്ഞെടുപ്പു പരാതി കമ്മീഷന്‍ എന്നിവയും പിരിച്ചുവിട്ടു. തങ്ങള്‍ ഈ മണ്ണില്‍ ഉള്ളിടത്തോളം കാലം ഈ കമ്മീഷനുകള്‍ നിലനില്‍ക്കേണ്ട ഒരാവശ്യവുമില്ലെന്നാണ് താലിബാന്‍ ഉപവക്താവ് ബിലാല്‍ കരിമി പറഞ്ഞത്. ഇനി എപ്പോഴെങ്കിലും ആവശ്യം തോന്നുകയാണെങ്കില്‍, അപ്പോള്‍ നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳ഐഎസ്എല്ലില്‍ സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 14-ാം മിനുറ്റില്‍ ഗ്രെഗ് സ്റ്റെവാര്‍ട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്പൂരിനെ 27-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിലൂടെ സമനിലയില്‍ പിടിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് മഞ്ഞപ്പട തോല്‍വിയറിയാതെ മടങ്ങുന്നത്.

🔳തമിഴ്‌നാടിന്റെ അടിക്ക് ഒത്ത തിരിച്ചടി നല്‍കിയ ഹിമാചല്‍ പ്രദേശിന് വിജയ് ഹസാരെ കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ വി.ജെ.ഡി നിയമമനുസരിച്ച് തമിഴ്‌നാടിനെ 11 റണ്‍സിന് തകര്‍ത്താണ് ഹിമാചല്‍ തങ്ങളുടെ കന്നിക്കിരീടം ചൂടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഹിമാചലിന്റെ ആദ്യ കിരീട നേട്ടമാണിത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് ഉയര്‍ത്തിയ 315 റണ്‍സ് പിന്തുടര്‍ന്ന ഹിമാചല്‍ 47.3 ഓവറില്‍ നാലിന് 299 റണ്‍സെന്ന നിലയില്‍ നില്‍ക്കേ വെളിച്ചക്കുറവ് മൂലം മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ അമ്പയര്‍മാര്‍ വി.ജെ.ഡി നിമയപ്രകാരം ഹിമാചലിനെ വിജയികളായി പ്രഖ്യാപിച്ചു.

🔳ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ സെഞ്ചുറിക്കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. സെഞ്ചൂറിയനില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ 272 ന് 3 എന്ന നിലയിലാണ് ഇന്ത്യ. ഏഴാം ടെസ്റ്റ് ശതകവുമായി 122 റണ്‍സെടുത്ത് കുതിക്കുന്ന രാഹുലിനൊപ്പം 40 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ക്രീസില്‍. പേസര്‍ ലുങ്കി എന്‍ഗിഡിയാണ് ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.

🔳കേരളത്തില്‍ ഇന്നലെ 38,929 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 252 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,586 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1678 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1124 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3364 പേര്‍ രോഗമുക്തി നേടി. ഇതോടെ 22,691 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട് 73, ഇടുക്കി 70, പത്തനംതിട്ട 63, ആലപ്പുഴ 55, വയനാട് 30, കാസര്‍ഗോഡ് 28.

🔳ആഗോളതലത്തില്‍ ഇന്നലെ 3,33,576 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 57,052 പേര്‍ക്കും റഷ്യയില്‍ 23,721 പേര്‍ക്കും ഫ്രാന്‍സില്‍ 27,697 പേര്‍ക്കും ഇറ്റലിയില്‍ 24,883 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 28.02 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.44 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 2822 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 29 പേരും റഷ്യയില്‍ 968 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.16 ലക്ഷമായി.

🔳സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ജന്‍ധന്‍ യോജന അക്കൗണ്ടുടമകളുടെ എണ്ണം 44.12 കോടിയിലെത്തി. ഈമാസം 15 പ്രകാരമുള്ള കണക്കാണിത്. അക്കൗണ്ടുടമകളില്‍ 55.6 ശതമാനവും സ്ത്രീകളാണ്. ഈ വര്‍ഷം ആഗസ്റ്റ് 15 വരെയുള്ള കണക്കുപ്രകാരം പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലെ മൊത്തം നിക്ഷേപം 1.43 ലക്ഷം കോടി രൂപയാണ്. 2014 ആഗസ്റ്റ് 15നാണ് കേന്ദ്രം ജന്‍ധന്‍ യോജന പദ്ധതി പ്രഖ്യാപിച്ചത്. ഓരോ വീട്ടിലും കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എന്നതാണ് മുഖ്യലക്ഷ്യം. കുറഞ്ഞവരുമാനമുള്ള കുടുംബങ്ങളുടെ മൊത്തം ബാങ്ക് അക്കൗണ്ട് വിഹിതം 2014ല്‍ 53 ശതമാനമായിരുന്നു. നിലവില്‍ ഇത് 80 ശതമാനമാണ്.

🔳ശതകോടീശ്വരനും പ്രമുഖ ഓഹരി നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല പ്രമോട്ടറായുള്ള പുതിയ വിമാനക്കമ്പനിയായ ആകാശ എയര്‍ ബ്രാന്‍ഡ് ലോഗോ പുറത്തിറക്കി. ‘റൈസിംഗ് എ’ ലോഗോയും ‘ഇറ്റ്‌സ് യുവര്‍ സ്‌കൈ’ എന്ന ടാഗ്ലൈനുമാണ് കമ്പനി അവതരിപ്പിച്ചത്. സൂര്യന്‍, ആകാശത്തിലെ പറവ, ചിറകുകള്‍ തുടങ്ങി ആകാശക്കാഴ്ചകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബ്രാന്‍ഡ് ലോഗോ തയ്യാറാക്കിയിട്ടുള്ളത്. സമൂഹത്തിലെ ഏവരെയും ഓരോപോലെ ഉള്‍ക്കൊണ്ട്, അവര്‍ക്ക് ആകാശയാത്ര പ്രാപ്തമാക്കുകയെന്ന ലക്ഷ്യമാണ് ‘ഇറ്റ്‌സ് യുവര്‍ സ്‌കൈ’ എന്ന ടാഗ്ലൈന്‍ മുന്നോട്ടുവയ്ക്കുന്നത്. സണ്‍റൈസ് ഓറഞ്ച്, പാഷനേറ്റ് പര്‍പ്പിള്‍ എന്നീ നിറങ്ങളോടെയാണ് എയര്‍ലൈനിന്റെ പുറംമോടി സജ്ജമാക്കിയിട്ടുള്ളത്.

🔳ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഒരു താത്വിക അവലോകനം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രം ഒരു മികച്ച പൊളിറ്റിക്കല്‍ സറ്റയര്‍ ആയിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്‌ലര്‍. അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷമ്മി തിലകന്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരും അഭിനയിക്കുന്നു. ഡിസംബര്‍ 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

🔳സൈജു കുറുപ്പ് കേന്ദ്ര കഥാപത്രമായി എത്തുന്ന ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്. ജനുവരി 28ന് ചിത്രം തിയേറ്ററുകളിലെത്തും. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടീം മുട്ടീം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും വേഷമിടുന്നു. ബിജിബാല്‍ ആണ് സംഗീതം ഒരുക്കുന്നത്.

🔳ജര്‍മ്മന്‍ ആഡംബര വാഹന നിരമ്മാതാക്കളായ ബിഎംഡബ്ല്യു ഈ മാസം ആദ്യമാണ് ഇന്ത്യയില്‍ ഐഎക്സ് ഇലക്ട്രിക് എസ്യുവിയെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായി നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന സിബിയു റൂട്ടിലൂടെ വരുന്ന വാഹനം ബിഎംഡബ്ല്യുവിന്റെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ്. 1.16 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് വാഹനം ഇന്ത്യയിലേക്ക് എത്തുന്നത്. രാജ്യത്തെ എല്ലാ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. വാഹനത്തിന്റെ ഡെലിവറികള്‍ 2022 ഏപ്രിലില്‍ ആരംഭിക്കും.

🔳ജീവിതത്തിനു നേരെ ഉപഹാസം കലര്‍ന്ന നോട്ടമെറിഞ്ഞുകൊണ്ടാണ് ബി മുരളി കഥ മെനയുന്നത്. ലളിത ഭാവത്തിന്റെ മൂടിയണിയുന്ന ഈ കഥകള്‍ക്കുള്ളില്‍ സത്യാനന്തരകാലത്തിന്റെ ദശാസന്ധികള്‍ തിളയ്ക്കുന്നതു കേള്‍ക്കാം. ബി മുരളിയുടെ ഏറ്റവും പുതിയ 11 കഥകള്‍. ‘മൂടി’. മനോരമ ബുക്സ്. വില 142 രൂപ.

🔳ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ഒരുപോലെ പ്രധാനപ്പെട്ടതാണ് ഉറക്കം. പക്ഷേ പലരേയും അലട്ടുന്ന പ്രശ്നങ്ങളിലോന്നാണ് ഉറക്കമില്ലായ്മ അഥവാ ഇന്‍സോംനിയ. ഗാഡമായ ഉറക്കം ലഭിക്കുന്നതിനുള്ള താമസവും ഉറക്കം ഇടയ്ക്ക് മുറിയുന്നതുമായ അവസ്ഥയാണ് ഇന്‍സോംനിയ. വിഷാദം, ഉത്കണ്ഠ, കോപം തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ ഉറക്കക്കുറവ് കാരണമാകുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഭേദപ്പെടുന്ന അക്യൂട്ട് ഇന്‍സോംനിയയാണ് സാധാരണയായി പലരിലും കണ്ടുവരുന്നത്. പക്ഷേ ഉറക്കമില്ലായ്മ ആഴ്ചകളോളം തുടര്‍ന്നാല്‍ അതിനെ ക്രോണിക്ക് ഇന്‍സോംനിയ എന്നുപറയും. ചിട്ടയായ ചികിത്സയിലൂടെയും ജീവിതലൈിയിലൂടെയും മാത്രമേ ഈ ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷ നേടാനാകൂ. രാത്രിയില്‍ ഉയര്‍ന്ന അളവില്‍ ഭക്ഷണം കഴിച്ചാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും അത് ഉറക്കത്തെ ബാധിക്കുകയും ചെയ്യും. മസാലയും കൊഴുപ്പും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍, മദ്യം എന്നിവ ഉറക്കത്തിനുമുമ്പ് ഒഴിവാക്കുക. ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് മൊബൈല്‍, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക. അനാവശ്യ ചിന്തകള്‍ അകറ്റി മനസിനെ ശാന്തമാക്കുക.

*ശുഭദിനം*

തന്റെ നാട്ടുരാജ്യങ്ങള്‍ കരം നല്‍കുന്നതിന്റെ കണക്ക് നോക്കുയായിരുന്നു രാജാവ്. അപ്പോഴാണ് അകലെയുള്ള ഒരു ഗ്രാമം നാളുകളായി തങ്ങള്‍ക്ക് കരം നല്‍കിയിട്ട് എന്ന മന്ത്രിമുഖ്യന്‍ അറിയിച്ചത്. പിറ്റേന്നുതന്നെ അവിടെ ചെന്ന് കിട്ടാനുള്ള കരമെല്ലാം പിരിച്ചെടുക്കുവാന്‍ രാജാവ് മന്ത്രിയോട് കല്‍പിച്ചു. മന്ത്രി പിറ്റേന്നു തന്നെ അവിടേക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോഴാണ് മന്ത്രിക്ക് ജനങ്ങളുടെ അവസ്ഥ മനസ്സിലായത്. ആ നാട് മുഴുവന്‍ മുഴുപ്പട്ടിണിയിലായിരുന്നു. മന്ത്രിമുഖ്യന്‍ ആ നാട്ടിലെ ജനങ്ങളെ വിളിച്ചുകൂട്ടി ഒരു കാര്യം പറഞ്ഞു: രാജാവ് ഒരു കാര്യം പറയാന്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ നിങ്ങള്‍ കരം നല്‍കേണ്ടതില്ല. മാത്രവുമല്ല, കൃഷി പുനരാരാംഭിക്കാന്‍ വേണ്ട പണവും എന്റെ കയ്യില്‍ തന്നേല്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ രാജാവിന് ജയ് വിളിച്ചു. തിരിച്ച് കൊട്ടാരത്തിലെത്തിയ മന്ത്രിമുഖ്യന്‍ രാജാവിനോട് സംഭവിച്ചതെല്ലാം വിവരിച്ചു. എന്നിട്ടുപറഞ്ഞു: ഞാന്‍ അങ്ങേക്ക് വിശേഷപ്പെട്ട ഒരു കാര്യം കൊണ്ടുവന്നിട്ടുണ്ട്. സല്‍പേര്!. രാജാവിന് നീരസം തോന്നിയെങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ല. മാസങ്ങള്‍്ക്ക ശേഷം ആ രാജ്യത്തെ ശത്രുരാജ്യം ആക്രമിച്ചു. രാജാവിന് ഒളിവില്‍ താമസിക്കാന്‍ കഴിയുന്ന ഏകസ്ഥലം ആ കുഗ്രാമമായിരുന്നു. അവര്‍ രാജാവിനെ ശ്രത്രുക്കളില്‍ നിന്നും കാത്തു… ജനങ്ങളെ സംരക്ഷിക്കുന്ന രാജാവിന് കാവല്‍ ജനങ്ങള്‍ തന്നെയായിരിക്കും. അല്ലാത്തവര്‍ക്കാണ് അംഗരക്ഷകരും പടയാളികളും വേണ്ടിവരിക. ഒരു നേതാവിന് ആ നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന സംരക്ഷണത്തേക്കാള്‍ മികവുറ്റ സംരക്ഷണം മറ്റൊരു സംവിധാനത്തിനും നല്‍കാന്‍ കഴിയില്ല. അങ്ങനെ അവര്‍ സംരക്ഷണം തീര്‍ക്കണമെങ്കില്‍ അവരും ഹൃദയത്തില്‍ സ്ഥാനമുണ്ടായിരിക്കണം. രണ്ടു തരം ഭരണാധികാരികള്‍ ഉണ്ട്. പ്രജകള്‍ക്ക് വേണ്ടി ജീവിക്കുന്നവരും, പ്രജകളിലൂടെ ജീവിക്കുന്നവരും. ആദ്യകൂട്ടരുടെ യുഗം അനശ്വരമാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കും. രണ്ടാമത്തെ കൂട്ടരുടെ ഭരണം എന്നവസാനിക്കും എന്നായിരിക്കും പ്രജകളുടെ അന്വേഷണം. അത്ഭുതപ്രവര്‍ത്തികള്‍ ചെയ്യുന്നവരെയല്ല, അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നവരെയാണ് ജനം നേതാവായി ഹൃദത്തോട് ചേര്‍ക്കുക. – *ശുഭദിനം.*

 

Leave a Reply

Your email address will not be published. Required fields are marked *