Sunday, April 13, 2025
Top News

നേവിസിന്റെ ഹൃദയം സ്പന്ദിച്ചു bതുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും ശനിയാഴ്ച വൈകീട്ട് നാല് പത്തിനാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. എറണാകുളം മുതൽ കോഴിക്കോടുവരെ സർക്കാർ റോഡിൽ ഗ്രീൻ ചാനൽ ക്രമീകരണമൊരുക്കിയിരുന്നു. വഴിയിൽ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു. 172 കിമീ ദൂരം മൂന്ന് മണിക്കൂർ അഞ്ച് മിനിറ്റുകൊണ്ട് പിന്നിട്ട് രാത്രി ഏഴേകാലോടെ ഹൃദയം കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലെത്തിച്ചു.

തൊട്ടുപിന്നാലെ കണ്ണൂർ സ്വദേശിയായ അമ്പത്തൊൻപതുകാരന് ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയയും തുടങ്ങി. ഇത് കൂടാതെ നേവിസിന്റെ കരളും കിഡ്നിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തു. ഫ്രാൻസിൽ വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയത്തെ ആശുപത്രിയിൽവെച്ച് മസ്തിഷ്ക മരണം സംഭവിച്ചത്. കേരളത്തിൽ അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *