Sunday, January 5, 2025
Top News

കോട്ടയം നഗരസഭയില്‍ വീണ്ടും നറുക്കെടുപ്പിന് സാധ്യത; ബിജെപി നിലപാട് നിര്‍ണായകം

 

കോട്ടയം നഗരസഭാ അധ്യക്ഷയ്ക്ക് എതിരായ അവിശ്വാസം പാസായെങ്കിലും അധികാരത്തിലെത്തുക എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് എളുപ്പമാകില്ല. ബിജെപി പിന്തുണ ഉണ്ടാകില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ നറുക്കെടുപ്പിലൂടെയുള്ള ഭാഗ്യപരീക്ഷണത്തിലാണ് എല്‍ഡിഎഫ് അംഗങ്ങൾ പ്രതീക്ഷ വെക്കുന്നത്.

ആകെയുള്ളത് 52 സീറ്റ്. അധികാരത്തിലെത്താന്‍ 27 സീറ്റ് വേണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് അസാധ്യമാണ്. അവിശ്വാസത്തെ പിന്തുണച്ച ബിജെപി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ വിട്ട് നില്ക്കുമെന്നാണ് അറിയുന്നത്. എങ്കിൽ ഒരിക്കല്‍ കൂടി എല്‍ഡിഎഫും യുഡിഎഫും 22 സീറ്റുകളുമായി തുല്യ നിലയില്‍ എത്തും. അത് വീണ്ടുമൊരു നറുക്കെടുപ്പിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്ന് എത്തിക്കും.

യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഹാജരാകാതിരിക്കുകയോ വോട്ട് അസാധുവാക്കുകയോ ചെയ്താല്‍ എല്‍ഡിഎഫിന് അധികാരത്തിലെത്താം. കൂറുമാറ്റ നിയമം ബാധകമാകുമെന്നതിനാല്‍ കൗണ്‍സിലര്‍മാര്‍ ക്രോസ് വോട്ട് ചെയ്യാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ അസാധുവാകുന്ന വോട്ടുകളും നിര്‍ണായകമാണ്. സ്വതന്ത്രയായി വിജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍റെ നിലപാടും നിര്‍ണായകമാണ്.

അധ്യക്ഷയായിരുന്നപ്പോൾ ബിന്‍സിക്ക് എതിരെ നിന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിച്ചാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. അതുകൊണ്ട് തന്നെ വിപ്പ് നല്‍കി വോട്ടുകള്‍ ഉറപ്പിച്ച് നിർത്താനാകും യുഡിഎഫ് ശ്രമിക്കുക. അതുകൊണ്ട് തന്നെ വീണ്ടുമൊരു നറുക്കെടുപ്പിന് കോട്ടയം നഗരസഭയില്‍ കളമൊരുങ്ങാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *