Wednesday, January 1, 2025
Top NewsWorld

അദാനി വിഷയം കൊണ്ട് ഇന്ത്യ- അമേരിക്ക ബന്ധം ഉലയില്ല; നിലപാട് വ്യക്തമാക്കി വൈറ്റ് ഹൗസ്

അദാനിയുടെ കൈക്കൂലി കേസ് ഇന്ത്യ- അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് വൈറ്റ് ഹൗസ് മാധ്യമ വക്താവ് കാരിന്‍ ജീന്‍ പിയറി വ്യക്തമാക്കി. അദാനിയ്‌ക്കെതിരായ ആരോപണത്തെക്കുറിച്ച് വ്യക്തമായി അറിയാമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പ്രശ്‌നത്തെ ഫലപ്രദമായി ഇരുരാജ്യങ്ങളും കൈകാര്യം ചെയ്യുമെന്നും കാരിന്‍ ജീന്‍ പിയറി പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളെക്കുറിച്ച് അഡ്മിനിസ്‌ട്രേഷന് ധാരണയുണ്ടെന്നും ഇത് സംബന്ധിച്ച കാര്യങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും വ്യക്തമാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അദാനി ഗ്രൂപ്പ് ഓഹരികള്‍ വിപണിയില്‍ വന്‍ തകര്‍ച്ച നേരിടുന്ന പശ്ചാത്തലത്തില്‍ അത് ഇന്ത്യന്‍ സൂചികകളേയും സാമ്പത്തിക മേഖലയേും ആകെമാനം ബാധിക്കുകയാണ്. അദാനി വിഷയത്തില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ കൂടി രൂക്ഷമായതിന് പിന്നാലെയാണ് ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ഉലച്ചിലുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ സര്‍ക്കാരില്‍ നിന്ന് പദ്ധതികള്‍ ലഭിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി 2029 കോടി രൂപ കൈക്കൂലി നല്‍കിയെന്നും, ഇത് കാട്ടി അമേരിക്കക്കാരെ കബളിപ്പിച്ച് നിക്ഷേപം തട്ടിയെന്നുമാണ് അദാനി കമ്പനിക്കെതിരായ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണ റിപ്പോര്‍ട്ട് വിശകലനം ചെയ്ത് ഇനി ഗ്രാന്റ് ജൂറി അനുമതി നല്‍കിയാല്‍ കോടതി വിചാരണ നടപടികളിലേക്ക് കടക്കും. കേസില്‍ അദാനിയടക്കം എട്ട് പേരാണ് പ്രതികള്‍. ഒന്നാം പ്രതി ഗൗതം അദാനിയാണ്. കേസിന് പിന്നാലെ കെനിയയിലെ വിമാനത്താവള നടത്തിപ്പിനും മൂന്ന് വൈദ്യുത ലൈനുകള്‍ സ്ഥാപിക്കാനുമായി ഒപ്പുവെച്ച കരാറുകള്‍ അദാനി ഗ്രൂപ്പിന് നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *