വിദ്യാഭ്യാസ മേഖലയില്‍ ഭാഷാ ബഹുസ്വരത’; ഇന്ന് ലോക മാതൃഭാഷാ ദിനം
ഇന്ന് ലോക മാതൃഭാഷാ ദിനം. വിദ്യാഭ്യാസ മേഖലയില്‍ ഭാഷാ ബഹുസ്വരത പ്രോത്സാഹിപ്പിക്കുകയാണ് ഈ വര്‍ഷത്തെ മാതൃഭാഷാ ദിനത്തിന്റെ സന്ദേശം. ഭാഷയുടെ അതിരുകള്‍ ഭേദിച്ച് അറിവും സഹകരണവും സഹവര്‍ത്തിത്ത്വവും വളര്‍ത്തുകയാണ് ലോക മാതൃഭാഷ ദിനത്തിന്റെ ലക്ഷ്യം.
ആശയ വിനിമയത്തിലുപരി സാമൂഹ്യനന്മയും സ്വത്വ ബോധവും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഭാഷ.1999 നവംബറിലെ യുനൈസ്‌കോ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ 2000 മുതലാണ് ലോക മാതൃഭാഷ ദിനം ആചരിച്ചു തുടങ്ങിയത്. ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപീകൃതമായ ബംഗ്ലാദേശില്‍ ആചരിച്ചു വരുന്ന ഭാഷാ പ്രസ്ഥാനത്തിന് രാജ്യാന്തര തലത്തില്‍ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്.
2008നെ ലോക ഭാഷാ വര്‍ഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി.
1947ലാണ് കേരളം മലയാളികളുടെ മാതൃഭൂമിയെന്ന് ഇഎംഎസ് പ്രസ്താവിക്കുന്നത്. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണത്തിനുള്ള ഊര്‍ജമായിരുന്നു ആ വാക്കുകള്‍. ഓരോ ഭാഷയും അസ്ഥിത്വം നഷ്ടപ്പെടാതെ നിലനില്‍ക്കാന്‍ അത്രമേല്‍ ഈ വാക്കുകള്‍ സ്വാധീനിച്ചു.
ബഹുഭാഷകളുടെ രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 344(1),351 പ്രകാരം 22 ഭാഷകളെ എട്ടാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും സംരക്ഷണം എന്ന നിലയില്‍ ഭാഷകളെയെല്ലാം തുല്യമായാണ് പരിഗണിച്ചിരിക്കുന്നത്.
ലോകത്തിന്റെ ഏത് കോണില്‍ പോയാലും സ്വന്തം ഭാഷയെ അറിയാന്‍ ഈ ദിനം ഉപകാരപ്പെടുമെന്ന് പ്രത്യാശിക്കാം.