അമ്മ- പകരംവയ്ക്കാനില്ലാത്ത പദം; ഇന്ന് ലോക മാതൃദിനം
ഇന്ന് ലോക മാതൃദിനം. ജീവിതത്തിൽ പകർന്നുകിട്ടുന്ന പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും ഓര്‍മ്മിപ്പിക്കാനുള്ള ദിനം. ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മമാര്‍ക്ക് വേണ്ടിയാണ് മാതൃദിനം ആഘോഷിക്കുന്നത്.
അമ്മയുടെ സ്‌നേഹത്തെ ഓർക്കാൻ പ്രത്യേകമായി ഒരു ദിവസം ആവശ്യമില്ല. കാരണം എല്ലാ ദിവസവും അമ്മമാരുടേതും കൂടിയാണ്. എല്ലാക്കൊല്ലവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ലോകം മാതൃദിനമായി ആചരിക്കുന്നത്.
പുരാതന ഗ്രീക്കിലെ ദേവമാതാവായ റിയയോടുള്ള ആദര സൂചകമായാണ് ലോകം ആദ്യമായി മാതൃദിനം ആഘോഷിച്ചത്. പുതുകാലത്തെ അമ്മ ദിനത്തിന് തുടക്കമിട്ടത് അന്ന മേരീസ് ജാർവിസ് എന്ന അധ്യാപികയാണ്. അമേരിക്കൻ യുദ്ധത്തിൽ പരുക്കേറ്റ അന്നയുടെ അമ്മയുടെ ആഗ്രഹമായിരുന്നു അമ്മ ദിനം ആചരിക്കുക എന്നത്. 1905 ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്ന മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടു. പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു അക്കാലത്ത് മാതൃദിനാഘോഷം. അമ്മമാരെ നേരിൽ കണ്ടും അവർക്ക് കത്തുകളയച്ചുമാണ് അന്ന് മക്കൾ അമ്മ ദിനം ആഘോഷിച്ചത്. പതിയെ മറ്റുരാജ്യങ്ങളും അമ്മ ദിനം ആചരിച്ചുതുടങ്ങി.
മുമ്പെങ്ങുമില്ലാത്ത വിധം അമ്മമാർ മക്കളുടെ അതിക്രമത്തിന് ഇരയാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ചിലരെങ്കിലും കണ്ണില്ലാത്ത ക്രൂരതയാണ് അമ്മമാരോട് കാണിക്കുന്നത്. സമയ കുറവുകൊണ്ടും മറ്റും കെയർഹോമുകളിൽ അമ്മമാരെ പുറന്തള്ളുന്ന മക്കളുടെ എണ്ണവും കൂടുന്നു. ഇത്തരം പ്രവൃത്തികളില്ലാതെ അമ്മമാരെ എന്നും ചേർത്തുപിടിക്കാൻ നമുക്ക് കഴിയണം.