നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ബാൻ ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമായ വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നവരും ഒരുപാടാണ്. ഇത്തരം ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുകയോ ബാൻ ചെയ്യുകയോ ചെയ്യുമെന്ന് വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ നിയമങ്ങൾ അറിഞ്ഞോ അറിയാതെയോ ലംഘിച്ചാൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് നീക്കം ചെയ്യപ്പെടാം. നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് നീക്കം ചെയ്യപെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാതിരിക്കുക
ജി.ബി വാട്സ്ആപ്പ്, വാട്സ്ആപ്പ് പ്ലസ്, വാട്സ്ആപ്പ് മോഡ് പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ ഓൺലൈനിൽ ലഭ്യമാണ്. ഓൺലൈൻ സ്റ്റാറ്റസ് മറച്ചു വെക്കുക പോലുള്ള സാധാരണ വാട്സ്ആപ്പിൽ ലഭ്യമാകാത്ത സൗകര്യങ്ങൾ നൽകുന്ന ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് കമ്പനിയുടെ പോളിസിക്ക് വിരുദ്ധമാണ്. അത് കൊണ്ട് തന്നെ ഈ ആപുകൾ ഉപയോഗിച്ചാൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് നീക്കം ചെയ്യപ്പെടാം.
അനാവശ്യമായി സന്ദേശങ്ങൾ അയക്കാതിരിക്കുക
അറിയാത്ത നമ്പറിൽ നിന്നും ഇഷ്ടപെടാത്ത സന്ദേശം ലഭിച്ചാൽ ഏതൊരാളും ആദ്യം ചെയ്യുക ആ നമ്പർ ബ്ലോക്ക് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ആണ്. ആളുകളുടെ അനുവാദമില്ലാതെ അവരുടെ നമ്പറുകളിലേക്ക് വാണിജ്യ പരസ്യങ്ങളടങ്ങുന്ന സന്ദേശങ്ങൾ അയക്കുന്നത് നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ബാൻ ചെയ്യപ്പെടാൻ കാരണമാകും.
വാട്സ്ആപ്പ് അക്കൗണ്ട് ബാൻ ചെയ്യപ്പെട്ടാൽ എന്ത് ചെയ്യും
നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ കുറച്ച് സമയത്തിന് ശേഷം അത് വീണ്ടെടുക്കാൻ കഴിയും. എന്നാൽ നയലംഘനം തുടർന്നാൽ അക്കൗണ്ട് തന്നെ നീക്കം ചെയ്യപ്പെടും.