റിയാദിൽ റെയ്ഡ്: തൊഴിൽ നിയമം ലംഘിച്ച 44 വിദേശികൾ പിടിയിൽ
റിയാദ്: റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനകളിൽ തൊഴിൽ നിയമ ലംഘകരായ 44 വിദേശികൾ പിടിയിലായി.
മൊബൈൽ ഫോൺ ഷോപ്പുകളിലും കാർ ഷോറൂമുകളിലും സൂഖുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും പ്രശസ്തമായ വാണിജ്യ കേന്ദ്രങ്ങളിലുമായിരുന്നു പരിശോധനകൾ. റെയ്ഡിൽ 53 നിയമ ലപംഘനങ്ങൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് 35 സ്ഥാപനങ്ങൾ അടപ്പിച്ചു. സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങളും ബലദിയ വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങളുമാണ് അടപ്പിച്ചത്.
നാനൂറോളം സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ റിയാദ് ലേബർ ഓഫീസ് സംഘങ്ങൾ പരിശോധനകൾ നടത്തിയതെന്ന് റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഡോ. മുഹമ്മദ് അൽഹർബി പറഞ്ഞു. തൊഴിൽ, സൗദിവൽക്കരണ തീരുമാനങ്ങളും നിയമങ്ങളും ലംഘിച്ച 44 പേർ പരിശോധനകൾക്കിടെ പിടിയിലായി. ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിനു മുന്നോടിയായി ഇവരെ ജവാസാത്തിനു കീഴിലെ വിദേശി വകുപ്പിന് കൈമാറി.
തൊഴിൽ നിയമങ്ങളും സൗദിവൽക്കരണ തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനത്തോടെയാണ് വ്യാപാര സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും ലേബർ ഓഫീസ് പരിശോധനകൾ നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയോ 19911 എന്ന ഏകീകൃത നമ്പറിൽ കസ്റ്റമർ കെയർ വിഭാഗത്തിൽ ബന്ധപ്പെട്ടോ എല്ലാവരും അറിയിക്കണമെന്ന് ഡോ. മുഹമ്മദ് അൽഹർബി എല്ലാവരോടും ആവശ്യപ്പെട്ടു.