ലോകായുക്ത ഓർഡിനൻസ് സിപിഐ മന്ത്രിമാരുടെ അറിവോടെ: കോടിയേരി
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് സിപിഐ മന്ത്രിമാരുടെ അറിവോടെയായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഓർഡിനൻസ് സിപിഐക്ക് ബോധ്യപ്പെട്ടില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോധ്യപ്പെട്ടിട്ടില്ല എന്നതല്ല പ്രശ്നം, അവരുമായി ചർച്ച ചെയ്തിട്ടില്ലെന്നതാണ്. ചർച്ച നടന്നില്ലെന്ന് അവർ അറിയിച്ചിരുന്നു. എല്ലാ മന്ത്രിമാരും ഉള്ള മന്ത്രിസഭാ യോഗത്തിലാണ് ഓർഡിനൻസ് തീരുമാനം എടുത്തത്. മുന്നണിയിൽ ചർച്ച ചെയ്യാൻ മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നെങ്കിൽ ചർച്ച നടത്തിയേനെ, അങ്ങനെയുണ്ടായില്ല.
സിപിഐയുമായും പരിഹരിക്കാൻ കഴിയാത്ത പ്രശ്നമില്ലെന്നും കോടിയേരി പറഞ്ഞു. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണോയെന്ന് പറയേണ്ടത് കോടതിയാണ്. തെറ്റായി എന്തെങ്കിലുമുണ്ടെങ്കിൽ ആർക്കുവേണമെങ്കിലും കോടതിയെ സമീപിക്കാമല്ലോയെന്നും കോടിയേരി ചോദിച്ചു.