Friday, January 10, 2025
Top News

പ്രഭാത വാർത്തകൾ

 

🔳ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് വിജ്ഞാപനമായി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടതിന് പിറകേയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ നിയമം നിലവില്‍വന്നു. പൊതുപ്രവര്‍ത്തകരെ കുറ്റക്കാരെന്നു കണ്ടെത്തുന്ന ലോകായുക്ത വിധിയെ ഇനി മുതല്‍ സര്‍ക്കാരിനു തള്ളിക്കളയാം. ഓര്‍ഡിനന്‍സിനെതിരേ സിപിഐ അതൃപ്തി ആവര്‍ത്തിച്ചു. ബിജെപി ഇടനിലക്കാരായി സര്‍ക്കാറും ഗവര്‍ണ്ണറും തമ്മില്‍ നടത്തിയത് കൊടുക്കല്‍ വാങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

🔳സില്‍വര്‍ ലൈനിന്റെ പരിസ്ഥിതി അനുമതിക്കായി കേരളം അപേക്ഷ നല്‍കിയിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വനംപരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. പദ്ധതിക്കെതിരെ പരാതി കിട്ടിയിരുന്നുവെന്നും കെ മുരളീധരന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ കേന്ദ്രമന്ത്രി പറഞ്ഞു.

🔳സില്‍വല്‍ ലൈന്‍ പദ്ധതിക്കായി സര്‍വേ നടത്തുന്നത് എന്തിനാണെന്ന് ഹൈക്കോടതി. സര്‍വേ നടത്തി ഡിപിആര്‍ തയാറാക്കിയെന്നു സര്‍ക്കാര്‍തന്നെ പറയുന്നു. പിന്നെ എന്തിനാണ് ഇപ്പോഴത്തെ സര്‍വേയെന്നു കോടതി ചോദിച്ചു. ഡിവിഷന്‍ ബഞ്ചില്‍ സമാനമായ കേസുള്ളതിനാല്‍ മാറ്റിവയ്ക്കണമെന്നു പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

🔳നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അന്വേഷണത്തില്‍ സംഭവിച്ച പാളിച്ചകള്‍ മറച്ചുവക്കാനാണ് തുടരന്വേഷണം. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. വിചാരണ കോടതിയുടെ അനുമതിക്കു മുന്‍പേ തുടരന്വേഷണം ആരംഭിച്ചെന്നും ദിലീപ് ആരോപിച്ചു. സാവകാശം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെത്തുടര്‍ന്ന് ഹര്‍ജി ചൊവ്വാഴ്ചത്തേക്കു മാറ്റി.

🔳നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസിനെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി തള്ളി. വിചാരണക്കോടതിയില്‍ ഭീഷണിപ്പെടുത്തിയെന്നു പറയുന്ന ദിവസം കേസു നടന്നത് അങ്കമാലി കോടതിയിലാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാര്‍ക്കെല്ലാം സുഖമല്ലേയെന്ന് ബൈജു പൗലോസിനോട് ദിലീപ് പറഞ്ഞെങ്കില്‍ അതു ഭീഷണിയായി കണക്കാക്കാനാകില്ലന്നും ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.

🔳ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസ് തിരുവനന്തപുരം ഹൈടെക് സെല്ലിനു കൈമാറി. അഡീഷണല്‍ എസ്പി എസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നു പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയത്.

🔳’കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കാഴ്ചക്കാരായി മാറിയ സിപിഐയുടെ അവസ്ഥയും പരിതാപകരമാണ്. ബിജെപി നേതാവിനെ സ്റ്റാഫില്‍ നിയമിച്ച് ആര്‍എസ്എസ് കാര്യാലയമായി രാജ്ഭവനെ മാറ്റാനാള്ള നീക്കം കേരളം ഞെട്ടലോടെയാണു കാണുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

🔳ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വിമര്‍ശനം. അഴിമതിക്കു കളമൊരുക്കാതെ ഓര്‍ഡിനന്‍സ് തിരിച്ചയക്കേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

🔳യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലോകായുക്തയുടെ അധികാരം തിരിച്ചുനല്‍കുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പല്ലും നഖവും പറിച്ചുകളഞ്ഞ് ലോകായുക്തയെ ഉപദേശക സമിതിയാക്കി സര്‍ക്കാര്‍ മാറ്റിയെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ നാട്ടുകാര്‍ക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവര്‍ണറോട് സഹതപിക്കാനേ കഴിയൂ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

🔳കോവിഡിനെതിരായ പോരാട്ടത്തിനു രൂപീകരിച്ച പിഎം കെയര്‍ ഫണ്ടിലേക്കു ലഭിച്ച തുകയുടെ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. 10,990 രൂപയില്‍ 3,976 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കാണിത്.

🔳ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ആത്മഹത്യ ചെയ്ത സജീവന്റെ കുടുംബത്തിന് ഭൂമി തരം മാറ്റിയുള്ള ഉത്തരവ് കൈമാറി. എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നേരിട്ട് വീട്ടിലെത്തിയാണ് രേഖകള്‍ കൈമാറിയത്. മരണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കളക്ടര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. വാര്‍ഡ് മെമ്പര്‍ പി.എം ആന്റണിയുടെ നേതൃത്വത്തില്‍ നട്ടുകാര്‍ കളക്ടറെ വഴിതടഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

🔳അതിരപ്പിള്ളിയില്‍ മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ചുവയസുകാരിയെ ആന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ സ്വദേശി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ സന്ധ്യയ്ക്കായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന്‍ പുത്തന്‍ചിറ കച്ചട്ടില്‍ നിഖിലിനും അമ്മയുടെ അച്ഛന്‍ ജയനും പരിക്കേറ്റു.

🔳കാസര്‍കോട് അണംകൂരില്‍ ബാറില്‍ മദ്യപിച്ചു ബഹളംവച്ചയാള്‍ പൊലീസിനെ ആക്രമിച്ചു. ആലൂര്‍ സ്വദേശി മുന്ന എന്ന മുനീറിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റു ചെയ്തു. ഇയാളുടെ ആക്രമണത്തില്‍ കാസര്‍കോഡ് ടൗണ്‍ എസ് ഐ വിഷ്ണു പ്രസാദ്, ഡ്രെവര്‍മാരായ സജിത്ത്, സനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബാബുരാജ് എന്നിവര്‍ക്ക് പരുക്കേറ്റു.

🔳സൗദി എംബസി അറ്റസ്റ്റേഷന് നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകളില്‍ സൗകര്യം. കേരളത്തില്‍നിന്നു സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവര്‍ക്കും അങ്ങോട്ടു ജോലിക്കു പോകുന്നവര്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്‌സ് ഓഫീസുകള്‍ വഴി സൗദി അറേബ്യന്‍ കള്‍ച്ചറല്‍ അറ്റാഷേയുടെയും സൗദി അറേബ്യന്‍ എംബസിയുടെയും അറ്റസ്റ്റേഷനുവേണ്ടി സമര്‍പ്പിക്കാം.

🔳പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും മാര്‍ച്ച് 31 ന് മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ലെന്ന് എസ്ബിഐ.

🔳തിരുവനന്തപുരം അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ കേന്ദ്രീകരിച്ച് അന്വേഷണം. കൊലപാതകം നടന്ന അമ്പലനഗറിലെ സ്ഥാപനത്തില്‍ നിന്ന് ഇന്നലെ 11.30 ന് ശേഷം അമ്പലമുക്കിലേക്ക് നടന്നുപോയ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിലൊരാള്‍ കൊലപാതകി എന്നാണ് പൊലീസ് സംശയം. അമ്പലനഗറിന് ഇരുഭാഗത്തുമുള്ള മുഴുവന്‍ സിസിടിവികളും പൊലീസ് പരിശോധിച്ചു.

🔳ടയര്‍ കമ്പനികള്‍ ഒത്തുകളിച്ച് വിലകൂട്ടിയ സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നു പ്രതിപക്ഷം. ഒത്തുകളിച്ച അഞ്ചു കമ്പനികള്‍ക്കെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ 1,788 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഓള്‍ ഇന്ത്യ ടയര്‍ ഡിലേഴ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. എംആര്‍എഫ്, അപ്പോളോ, സിയറ്റ്, ബിര്‍ള, ജെകെ എന്നീ അഞ്ചു കമ്പനികള്‍ക്കെതിരേയായിരുന്നു നടപടി. റബറിന്റെ വില ഇടിഞ്ഞപ്പോള്‍ ടയറിന്റെ വില കുറച്ചില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

🔳സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ എഴുതി പുസ്തകമാക്കിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ നടപടി വേണ്ടെന്ന് സര്‍ക്കാര്‍. സര്‍ക്കാരിനെതിരേ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും പുസ്തകത്തില്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി വേണ്ടെന്നു തീരുമാനിച്ചത്. ചട്ടമനുസരിച്ച് പുസ്തകമെഴുതാന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അനുമതി ആവശ്യമില്ല.

🔳വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ തനിക്കെതിരെ ക്യാംപെയിന്‍ നടത്തുകയാണെന്ന് വാവാ സുരേഷ്. പാമ്പിനെ പിടിക്കാന്‍ വിളിക്കരുതെന്നു പലരോടും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പേര് പറയുന്നില്ലെന്നും വാവാ സുരേഷ് പറഞ്ഞു.

🔳മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറിയിരുന്നു. ചാനലിലെ ജീവനക്കാരും കേരള പത്രവര്‍ത്തക യൂണിയനും കേസില്‍ കക്ഷി ചേരുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു.

🔳കൊവിഡ് കാലത്ത് കോണ്‍ഗ്രസ് ജനങ്ങളെ ഉപദ്രവിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴും ചിലര്‍ 2014 ല്‍ കുരുങ്ങി കിടക്കുകയാണ്. ജനങ്ങള്‍ ഉപേക്ഷിച്ചെന്ന വിവരം കോണ്‍ഗ്രസ് മനസിലാക്കുന്നില്ല. സാധാരണക്കാരുമായി ഒരു ബന്ധവും കോണ്‍ഗ്രസിനില്ലെന്നും മോദി പറഞ്ഞു.

🔳ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിനെ നിയമിച്ചു. ആദ്യമായാണ് ജെഎന്‍യുവില്‍ ഒരു വനിതയെ വൈസ് ചാന്‍സിലറായി നിയമിക്കുന്നത്. ഇപ്പോള്‍ മഹാരാഷ്ട്രയിലെ സാവിത്രിബായി ഫൂലെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറാണ് ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. ജെഎന്‍യുവില്‍ എംഫില്‍ ചെയ്ത പൂര്‍വ്വവിദ്യാര്‍ത്ഥിയുമാണ്.

🔳ഇസ്രായേല്‍ പോലീസും മൊസാദും വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് സോഫ്‌റ്റ്വെയര്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഇസ്രയേലിലെ ഇടതുപക്ഷ പത്രമായ കാല്‍ക്കലിസ്റ്റ്. മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ അടക്കമുള്ള പലരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പത്രം ആരോപിച്ചു. പെഗാസസിന്റെ മാല്‍വെയര്‍ വിദൂരത്തെ ഫോണുകളില്‍ നുഴഞ്ഞുകയറി അതിലെ വിവരങ്ങള്‍ ശേഖരിക്കുകയാണു ചെയ്യുന്നത്.

🔳യുക്രെയ്ന്‍ – റഷ്യ സംഘര്‍ഷത്തിനിടെ ഒത്തുതീര്‍പ്പു ചര്‍ച്ചയുമായി ഫ്രാന്‍സ്. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മോസ്‌കോയിലെത്തി. നേരത്തെ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം യുക്രെയ്നിലെത്തി പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്തും.

🔳സാമ്പത്തികമായി തകര്‍ന്നടിഞ്ഞിട്ടും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഉത്തരകൊറിയ പണമുണ്ടാക്കുന്നത് ലോകത്തെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരെ കൊള്ളയടിച്ചാണെന്ന് ഐക്യരാഷ്ട്രസഭ. ലോക രാജ്യങ്ങളുടെ ഉപരോധം നിലനില്‍ക്കുന്ന ഉത്തരകൊറിയ 400 ദശലക്ഷം ഡോളര്‍ കൊള്ളയടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം കൊള്ളയ്ക്കായി ഉത്തകൊറിയയില്‍ ആറായിരം പേരടങ്ങുന്ന സൈബര്‍ ആര്‍മിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം ഉത്തര കൊറിയ ഏഴു മിസൈല്‍ പരീക്ഷണങ്ങളാണു നടത്തിയത്.

🔳ടുണീഷ്യയില്‍ സൈന്യം സുപ്രീം കോടതി അടച്ചുപൂട്ടി. കോടതിയിലെത്തിയ ജഡ്ജിമാരെയും ജീവനക്കാരെയും അകത്തു കയറ്റാതെ സൈന്യം തിരിച്ചയച്ചു. പാര്‍ലമെന്റു പിരിച്ചുവിടുകയും പ്രധാനമന്ത്രിയെ പുറത്താക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രസിഡന്റും കോടതിയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കേയാണ് സൈനിക ഇടപെടല്‍. പ്രസിഡന്റ് കൈസ് സഈദിന്റെ നടപടിക്കെതിരെ പ്രതിപക്ഷത്തെ മൂന്നു രാഷ്ട്രീയ പാര്‍ട്ടികളും ജഡ്ജിമാരുടെയും അഭിഭാഷകരുടെയും സംഘടനകളും രംഗത്തുവന്നു.

🔳യുഎഇക്കു പിറകെ ബഹറിനും വിദേശികള്‍ക്കു ഗോള്‍ഡന്‍ വിസ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കും ദീര്‍ഘകാല വിസ കിട്ടും. അഞ്ചു വര്‍ഷമായി ബഹറിനില്‍ താമസിക്കുന്ന രണ്ടായിരം ദീനാര്‍ (നാലു ലക്ഷം രൂപ) മാസ ശമ്പളമുളള വിദേശികള്‍ക്ക് ഗോള്‍ഡന്‍ വീസക്ക് അപേക്ഷിക്കാം. രണ്ടു ലക്ഷം ദീനാര്‍ (നാലു കോടിയോളം രൂപ) നിക്ഷേപമുള്ളവര്‍ക്കും ഗോള്‍ഡന്‍ വീസ ലഭിക്കും. പ്രൊഫഷനലുകള്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിവര്‍ക്കും വിസ നല്‍കും. 10 വര്‍ഷത്തെ വിസക്ക് 300 ദീനാറാണ് ഫീസ്. ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

🔳ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തോല്‍പ്പിച്ച് ഒഡിഷ എഫ്‌സി. വിജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ഒഡിഷ ആറാം സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള ഈസ്റ്റ് ബംഗാളിന് പത്താം സ്ഥാനം മാത്രമാണുള്ളത്.

🔳അഹമ്മദാബാദില്‍ നിന്നുള്ള പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസിക്കും പേരായി. ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ ഇറങ്ങുന്ന ടീമിന് ‘അഹമ്മദാബാദ് ടൈറ്റന്‍സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. കെ എല്‍ രാഹുലിന്റെ കീഴിലിറങ്ങുന്ന ലഖ്‌നൗ ഫ്രൗഞ്ചൈസി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്ന പേര് സ്വീകരിച്ചിരുന്നു. ഇതോടെ എല്ലാ ടീമുകളും മെഗാതാര ലേലത്തിന് തയ്യാറായി. ഈയാഴ്ച ബംഗളൂരുവിലാണ് ഐപിഎല്ലിന്റെ മെഗാ താരലേലം.

🔳കേരളത്തില്‍ ഇന്നലെ 78,682 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 14 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 846 മുന്‍ മരണങ്ങളടക്കം ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,115 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49,586 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,01,424 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് രേഖപ്പെടുത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസര്‍ഗോഡ് 313.

🔳രാജ്യത്ത് ഇന്നലെ 62,507 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 6,436, കര്‍ണാടക- 6,151, തമിഴ്‌നാട്- 5,104, ഡല്‍ഹി- 1,151.

🔳ആഗോളതലത്തില്‍ ഇന്നലെ പതിനേഴ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനു താഴെ മാത്രം. ബ്രസീല്‍ – 62,996, ഫ്രാന്‍സ്- 46,001, ഇംഗ്ലണ്ട് – 57,623, റഷ്യ- 1,71,905, തുര്‍ക്കി – 96,514, ഇറ്റലി- 41,247, ജര്‍മനി-1,38,867, ജപ്പാന്‍ – 92,865. ഇതോടെ ആഗോളതലത്തില്‍ 39.76 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.47 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,556 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 625, ഇന്ത്യ – 1,173, ബ്രസീല്‍ – 332, ഫ്രാന്‍സ് – 417, റഷ്യ- 609. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.65 ലക്ഷമായി.

🔳നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെ ലാഭത്തില്‍ വന്‍ മുന്നേറ്റം. 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നികുതി അടക്കമുള്ള ലാഭത്തില്‍ കഴിഞ്ഞ വര്‍ഷം നേടിയതിനേക്കാള്‍ 39 ശതമാനം വളര്‍ച്ച നേടി. 2020-2021 വര്‍ഷം ഇതേ കാലയളവില്‍ നേടിയ 15.6 കോടി രൂപയെ അപേക്ഷിച്ച് ഈ കാലയളവിലെ മൊത്ത ലാഭം 21.7 കോടി രൂപയാണ്. ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിന്‍, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) എന്നിവയുടെ സംയുക്ത സംരംഭമാണ് നിറ്റാ ജലാറ്റിന്‍ ഇന്ത്യ.

🔳നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ചെറുകിട നിക്ഷേപകരുടെ ഓഹരി വിഹിതത്തില്‍ റെക്കോര്‍ഡ് കുതിപ്പ്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ റീട്ടെയില്‍ നിക്ഷേപ വിഹിതം 7.32 ശതമാനമായാണ് ഉയര്‍ന്നത്. മുന്‍പാദത്തില്‍ ഇത് 7.13 ശതമാനമായിരുന്നു. ഒരു വര്‍ഷം മുമ്പാണെങ്കില്‍ 6.9 ശതമാനവും. അതിസമ്പന്ന (എച്ച്എന്‍ഐ)രുടെ വിഹിതത്തിലും റെക്കോഡ് വര്‍ധനവുണ്ടായിട്ടുണ്ട്. ഡിസംബര്‍ പാദത്തില്‍ 2.26 ശതമാനമാണ് ഈ വിഭാഗക്കാരുടെ വിഹിതം. ഇതോടെ റീട്ടെയില്‍, അതിസമ്പന്ന വിഭാഗങ്ങളുടെ മൊത്തം ഓഹരി വിഹിതം 9.58 ശതമാനമായി.

🔳എഴുത്തുകാരന്‍ എം മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ചിത്രീകരണം പൂര്‍ത്തിയാക്കി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. സ്ത്രീശാക്തീകരണം ഇതിവൃത്തമാക്കുന്ന സിനിമ 2016ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എം മുകുന്ദന്റെ കഥയുടെ വികസിത രൂപമാണ്. സൂരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

🔳ശ്വേതാമേനോനെ നായികയാക്കി വൈറ്റല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ.കെ.നായര്‍ നിര്‍മ്മിച്ച് ഋഷിപ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ മാതംഗി ‘ യിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി. ഋഷിപ്രസാദ് തന്നെ രചിച്ച വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സോമസുന്ദരമാണ്. കെ.എസ്.ചിത്ര, സുജാതമോഹന്‍ , രൂപേഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദനവിഷയം. ശ്വേതാമേനോന്‍ , വിഹാന്‍, റിയാസ്ഖാന്‍ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , സുനിത ധന്‍രാജ്, രശ്മി ബോബന്‍ , പ്രിയങ്ക, കെ പി സുരേഷ്‌കുമാര്‍ , ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവര്‍ അഭിനയിക്കുന്നു.

🔳ജനപ്രിയ മോഡലായ മഹീന്ദ്ര ഥാറിന് രാജ്യത്ത് വമ്പിച്ച ആരാധകരുണ്ട്. 2022 ജനുവരിയില്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മോഡലായി മഹീന്ദ്ര ഥാര്‍ മാറി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഥാര്‍ വില്‍പ്പനയില്‍ 47 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2022 ജനുവരിയില്‍ 4,550 യൂണിറ്റ് വില്‍പ്പനയുണ്ടായി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 4,612 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ശതമാനം ഇടിവ്.

🔳ലോകകപ്പിന്റെ ഇതഃപര്യന്തമുള്ള ചരിത്രവും ഖത്തര്‍ ലോകകപ്പിന്റെ വിശേഷങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പുസ്തകം. 1930 ജൂലായില്‍ ഉറുഗ്വേയില്‍ ആരംഭിച്ച പ്രഥമ ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഖത്തര്‍ വരെ എത്തിനില്‍ക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രം വിശദമായി അവതരിപ്പിക്കുന്നു. ലോകകപ്പിന്റെ ചരിത്രസഞ്ചാരപഥങ്ങള്‍ അവതരിപ്പിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം. ‘ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍- കനല്‍വഴികള്‍ താണ്ടിയ വിസ്മയം’. ഡോ. മുഹമ്മദ് അഷ്‌റഫ്. മാതൃഭൂമി. വില 160 രൂപ.

🔳പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം അനുഭവപ്പെടാം. കുറച്ചധികം നേരം ജോലി ചെയ്യുകയോ, ദീര്‍ഘദൂര യാത്രകള്‍ ചെയ്യുകയോ, രാത്രിയില്‍ ഉറക്കമില്ലാതിരിക്കുകയൊക്കെ ആണെങ്കില്‍ ക്ഷീണം തോന്നാം. എന്നാല്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കില്‍ അത്തരക്കാര്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. ഭക്ഷണക്രമത്തില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ഇല്ലാത്തതും ക്ഷീണത്തിന് കാരണമാകാം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, അയണ്‍, പൊട്ടാസ്യം, കാത്സ്യം, തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ക്ഷീണം മാറാന്‍ സഹായിക്കുന്ന ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചീര ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. നേന്ത്രപ്പഴത്തിലെ പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു ഊര്‍ജ്ജദായകമായ പഴങ്ങളില്‍ ഒന്നാണ്. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിച്ചാല്‍ ശരീരത്തിന്റെ ഊര്‍ജ്ജനില നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വൈറ്റമിന്‍ ബി-12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ തന്റെ സങ്കടങ്ങളുമായി ഗുരുവിനെ കാണാന്‍ വന്നിരിക്കുകയാണ്. തന്റെ വിഷമതകളും പ്രയാസങ്ങളും ഗുരുവിനോട് വിവരിച്ചു. ആ വര്‍ഷത്തെ കൃഷി മുഴുവന്‍ നശിച്ചു. കുടുംബത്തില്‍ അസ്വസ്ഥകള്‍ ആണ്. അങ്ങ് തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തി തരണം. അയാള്‍ ആവശ്യപ്പെട്ടു. ഗുരു പറഞ്ഞു: എനിക്കൊരു പരിഹാരവും നിര്‍ദ്ദേശിക്കാനില്ല. ഒരു കാര്യം എനിക്കറിയാം. ഇരുവശങ്ങളിലും തണല്‍മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന വഴിയിലൂടെ മാത്രമല്ല നമ്മുടെ ജീവിതയാത്ര.. അതില്‍ കുന്നുകളും താഴ്വരകളുമുണ്ടാകും. കയറിയിറങ്ങിയേ മതിയാകൂ.. സ്വന്തം പ്രശ്‌നങ്ങള്‍ മറ്റൊരിടത്തുനിന്നോ മറ്റൊരാളില്‍ നിന്നോ പരിഹാരം ലഭിക്കും എന്ന ചിന്തയാണ് പ്രതിസന്ധികള്‍ അനന്തമായി നീളാന്‍ കാരണം. ഒരേ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആരുമുണ്ടാകില്ല. അല്ലെങ്കില്‍ ഒരേ സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചാലും ഒരാളുടെ മാനസിക നിലയാകണമെന്നില്ല മറ്റാരാള്‍ക്ക്. തന്റെ സ്വന്തം മനോനിലയ്ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ചാണ് ഒരാള്‍ പെരുമാറുന്നത്. നല്ലകാലം എന്നൊരു കാലമില്ല. മഴക്കാലം, മഞ്ഞുകാലം, വേനല്‍ക്കാലം എന്നതുപൊലെയൊരു കാലമല്ലത്, എല്ലാ കാലവും ചിലര്‍ക്ക് നല്ലതായിരിക്കും, ചിലര്‍ക്കത് ചീത്തയായിരിക്കും. കൃഷി ചെയ്യുന്നവന്‍ മഴക്കാലത്തെ ആഗ്രഹിക്കും, എന്നാല്‍ വിളവെടുത്തു വരമ്പില്‍ വെച്ചിരിക്കുന്നവന്‍ മഴ പെയ്യരുതേ എന്നും. ഒന്നും ആരുടേയും ഇഷ്ടങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസരിച്ചല്ല കടന്നുവരുന്നത്. പക്ഷേ, എല്ലാ കാലവും കടന്നുപോകുന്നത് എന്തെങ്കിലുമൊക്കെ തിരിച്ചറിവുകള്‍ ബാക്കി വെച്ചിട്ടായിരിക്കും.. ആ തിരിച്ചറിവുകള്‍ നമുക്ക് തുണയായി മാറട്ടെ , എല്ലാ കാലത്തേയും നല്ലകാലമാക്കിമാറ്റാന്‍ നമുക്കും സാധിക്കട്ടെ –

Leave a Reply

Your email address will not be published. Required fields are marked *