Monday, April 14, 2025
Top News

ഹരിപ്പാട് ലോറികൾ കൂട്ടിയിടിച്ചു, ഡ്രൈവർ കുടുങ്ങി, ഫയർഫോഴ്സും നാട്ടുകാരും പുറത്തെത്തിച്ചു, രണ്ടുപേർക്ക് പരിക്ക്

ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ കടുവൻകുളങ്ങര ജംഗ്ഷനിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമത്തിന് ഒടുവിലാണ് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചത്. ലോറി വെട്ടിപ്പൊളിച്ചായിരുന്നു ഇയാളെ പുറത്തേക്ക് എത്തിച്ചത്.

കാലിന് ഗുരുതരമായി പരുക്കേറ്റ എഴുകോൺ സ്വദേശി പ്രസാദിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. മൈസൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പഞ്ചസാരയുമായിവന്ന ലോറിയും തിരുവനന്തപുരത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഇൻസുലേറ്റഡ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

പഞ്ചസാരയുമായി വന്ന ലോറിയിലെ സഹായി മൈസൂർ സ്വദേശി ഗജേദ്ര റാവുവിനെയും പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് അംഗങ്ങളും നാട്ടുകാരും ഏറെനേരം പരിശ്രമിച്ചാണ് ഒന്നര മണിക്കൂറിന് ശേഷം ഇൻസുലേറ്റഡ്  ലോറിയിൽ   കുടുങ്ങിയ ഡ്രൈവറെ   പുറത്തെടുത്തത്. 

അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഹരിപ്പാട് ഭാഗത്തുനിന്ന് വന്ന വാഹനങ്ങൾ പല്ലന കുമാരകോടി വഴിയും തോട്ടപ്പള്ളിയിൽ നിന്നും വന്ന വാഹനങ്ങൾ കടുവൻ  കുളങ്ങരയിൽ കിഴക്കോട്ട്  ചെറുതന വഴിയും തിരിച്ചുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *