പ്രഭാത വാർത്തകൾ
🔳ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുന്നതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
🔳ഒമിക്രോണ്‍ ആശങ്ക ശക്തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കര്‍ണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ ബൂസ്റ്റര്‍ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ കൊവിഷീല്‍ഡ് വാക്സീനെ ബൂസറ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ ഇന്നലെ സമീപിച്ചിരുന്നു.
🔳രാജ്യത്ത് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നുള്ള രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ച കര്‍ണാടകയില്‍ നിന്ന് കൊവിഡ്-19 ന്റെ ഒമിക്രോണ്‍ വേരിയന്റിന്റെ ആദ്യ രണ്ട് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബര്‍ 24-ന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ വേരിയന്റിന്റെ ആദ്യ കേസ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തത്.
🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമരഭൂമിയില്‍ ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തയ്യാറല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ കൈവശമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ശക്തമായി വിമര്‍ശിച്ച രാഹുല്‍ പഞ്ചാബില്‍ മരണപ്പെട്ട 400ലേറെ കര്‍ഷകരുടെ വിവരങ്ങളും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഇതോടൊപ്പം മറ്റുസംസ്ഥാനങ്ങളില്‍ മരണപ്പെട്ട 200ലേറെ കര്‍ഷകരുടെ കണക്കുകളും രാഹുല്‍ വിശദീകരിച്ചു. ഈ വിവരങ്ങളെല്ലാം പൊതുമധ്യത്തില്‍ ലഭ്യമാണെന്നും തിങ്കളാഴ്ച ലോക്‌സഭയില്‍ ഈ വിവരങ്ങള്‍ മേശപ്പുറത്തുവയ്ക്കുമെന്നും രാഹുല്‍ പറഞ്ഞു.
🔳ഇതുവരെയും കൊവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടും. രാവിലെ ഒന്‍പതിന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ കണക്ക് പറയും. ഇന്നലെ ഉച്ചയ്ക്ക് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ കണക്കെടുപ്പ് പൂര്‍ത്തിയാകാത്തത് കൊണ്ടാണ് വൈകിയതെന്നും കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇന്നലെ വൈകിട്ടോടെ അറിയിച്ചു. വാക്സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ നീക്കം. വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട്.
🔳രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യത്യസ്ത ആശയങ്ങളെ ജീവനെടുത്ത് കൊണ്ടല്ല നേരിടേണ്ടത്. കുറ്റവാളികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. ഒരു അക്രമവും വെച്ച് പൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ സിപിഎം പ്രാദേശിക നേതാവ് സന്ദീപിനെ കുത്തിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ വാക്കുകള്‍.
🔳തിരുവല്ല പെരിങ്ങരിയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് സന്ദീപിനോടുള്ള മുന്‍ വൈരാഗ്യ മൂലം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം നിര്‍വഹിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നേരത്തെയുള്ള പൊലീസ് ഭാഷ്യം. എന്നാല്‍, പൊലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞിരുന്നു. അറസ്റ്റിലായരില്‍ മൂന്ന് പേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നാണ് ബിജെപി വാദം.
🔳സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും കൊലപാതകത്തിലേക്ക് നയിച്ച കാരണം അന്വേഷിച്ച് പുറത്ത് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
🔳പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരാണ് ഒന്നാം പ്രതി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
🔳പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കമാകും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിര്‍വഹിക്കും. മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ ജയസൂര്യയും പങ്കെടുക്കും. ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എന്നിവ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.
🔳സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ എഐവൈഎഫ് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. മാവോയിസ്റ്റുകളെ വേട്ടയാടാനായി യുഎപിഎ ദുരുപയോഗം ചെയ്യുകയും മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുകയും ചെയ്യുന്ന പൊലീസ് നടപടി പൈശാചികമാണ്. കെ റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പരിസ്ഥിതി ആഘാതത്തില്‍ വിശദ ചര്‍ച്ച വേണം. എഐവൈഎഫിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെ ഡിവൈഎഫ്ഐ തടസപ്പെടുത്തുന്നുവെന്നും സംസ്ഥാന സമ്മേളനം കുറ്റപ്പെടുത്തി.
🔳ഇടുക്കി ഡാം തുറന്നതിലൂടെ കെഎസ്ഇബിക്ക് ഇത്തവണയുണ്ടായത് 50 കോടി രൂപയുടെ നഷ്ടം. 97 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുന്ന വെള്ളമാണ് ഒഴുക്കിവിട്ടത്. ഒരുമാസത്തിനിടെ മൂന്ന് തവണയാണ് ഇത്തവണ ഇടുക്കി ഡാം തുറന്നത്.
🔳പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അട്ടിമറിക്കരുതെന്ന് ഹൈക്കോടതി. പിന്നാക്ക വിഭാഗക്കാരായ അഞ്ച് വിദ്യാര്‍ത്ഥികളുടെ എംബിബിഎസ് ഫീസ് അടക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം. പാലക്കാട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് കോഴ്സ് നടത്താനുള്ള അനുമതി പിന്‍വലിച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പുനര്‍വിന്യാസം നടത്തിയവരാണ് ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥികള്‍. ഇവരുടെ ഫീസ് സര്‍ക്കാറാണ് അടക്കേണ്ടിയിരുന്നത്. മൂന്നാം വര്‍ഷം വരെയുള്ള ഫീസ് പാലക്കാട് മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ നേരത്ത അടച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ഫീസ് അടയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു പട്ടിക വിഭാഗ വികസന വകുപ്പിന്റെ നിലപാട്.
🔳ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും. ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടത്തുക. ഇന്ധന വില വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തുന്നത്.
🔳മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി ഉത്പാദകരും വിതരണക്കാരും മുന്‍കൂട്ടി അടക്കണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ബെവ്കോ. അബ്കാരി നിയമം അനുശാസിക്കുന്ന നടപടിയാണിത്. അതേസമയം പുതിയ ഉത്തരവ് ചെറുകിട കമ്പനികള്‍ക്ക് വലിയ ബാധ്യതയാകുമെന്ന് ഡിസ്റ്റലറീസ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടിയും ഇറക്കുമതി ഫീസും ഉത്പാദകരും വിതരണക്കാരും മുന്‍കൂട്ടി അടക്കണമെന്ന് വ്യക്തമാക്കി ബിവറേജസ് കോര്‍പറേഷന്‍ എംഡി ഇറക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് വ്യക്തമായതോടെ വിവാദങ്ങള്‍ തുടരാനുള്ള സാധ്യതകളാണ് തെളിഞ്ഞിട്ടുള്ളത്.
🔳ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര ഒഡീഷ തീരത്ത് എത്തും. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഉച്ചയ്ക്ക് ശേഷം കരതൊടും. വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ ഒഡീഷയിലെ പുരിയില്‍ ജവാദ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വടക്കന്‍ ആന്ധ്ര തീരങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ മഴയുണ്ട്. വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കര തൊടുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
🔳ഒമിക്രോണ്‍ ഭീഷണിയെ നേരിടാന്‍ കര്‍ശന നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും ഇനി പ്രവേശനം. ആളുകള്‍ കൂടിചേരാന്‍ സാധ്യതയുള്ള എല്ലാ പൊതുയോഗങ്ങളും തത്കാലത്തേക്ക് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.
🔳രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായ കുട്ടികളില്‍ നാല്പതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ട് കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്രം ലോക്സഭയില്‍. കേരളത്തില്‍ കാണാതായവരില്‍ 422 കുട്ടികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതാകുന്ന കുട്ടികളുടെ വിവരം സംബന്ധിച്ച് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി കണക്കുകള്‍ അവതരിപ്പിച്ചത്.
🔳ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍ എഫ്‌സി. ഇരു ടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ മത്സരത്തില്‍ ഗോളുകളൊന്നും പിറന്നില്ല. ചെന്നൈയിന്‍ എഫ് സി നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ മതിലില്‍ തട്ടി അതെല്ലാം തകര്‍ന്നു. പ്രതിരോധനിരയില്‍ സുവം സെന്നിന്റെ പ്രകടനമാണ് കരുത്തരായ ചെന്നൈയിനെ പിടിച്ചു കെട്ടാന്‍ ഈസ്റ്റ് ബംഗാളിനെ തുണച്ചത്.
🔳ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ 221 റണ്‍സുണ്ട്. മുന്‍നിരയുടെ പരാജയത്തിനിടയിലും മായങ്ക് അഗര്‍വാളിന്റെ പുറത്താവാതെ നേടിയ 120 റണ്‌സാണ് ഇന്ത്യക്ക് തുണയായത്. മായങ്കിന് കൂട്ടായി വൃദ്ധിമാന്‍ സാഹ 25 റണ്‌സുമായി ക്രീസിലുണ്ട്. ഇന്ത്യയുടെ നാല് വിക്കറ്റ് വീഴ്ത്തിയതും അജാസ് പട്ടേലാണ്. നേരത്തെ, നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം ലഞ്ചിന് ശേഷമാണ് മത്സരം ആരംഭിച്ചത്.
🔳ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ തകര്‍ത്ത് ജര്‍മനി ഫൈനലില്‍. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ അര്‍ജന്റീനയാണ് ജര്‍മനിയുടെ എതിരാളികള്‍. മൂന്നാം സ്ഥാനത്തിനായള്ള മത്സരത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ നേരിടും.
🔳കേരളത്തില്‍ ഇന്നലെ 62,343 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 44 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 225 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,124 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 219 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4463 പേര്‍ രോഗമുക്തി നേടി. ഇതോടെ 44,637 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284, പത്തനംതിട്ട 243, മലപ്പുറം 205, ആലപ്പുഴ 195, വയനാട് 158, ഇടുക്കി 148, പാലക്കാട് 130, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🔳ആഗോളതലത്തില്‍ ഇന്നലെ 6,59,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,23,375 പേര്‍ക്കും ഇംഗ്ലണ്ടില്‍ 50,584 പേര്‍ക്കും റഷ്യയില്‍ 32,930 പേര്‍ക്കും തുര്‍ക്കിയില്‍ 21,495 പേര്‍ക്കും ഫ്രാന്‍സില്‍ 49,858 പേര്‍ക്കും ജര്‍മനിയില്‍ 70,681 പേര്‍ക്കും പോളണ്ടില്‍ 26,965 പേര്‍ക്കും നെതര്‍ലണ്ട്സില്‍ 21,529 പേര്‍ക്കും ബെല്‍ജിയത്തില്‍ 23,113 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.50 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.09 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,0246,804 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,129 പേരും റഷ്യയില്‍ 1,217 പേരും ജര്‍മനിയില്‍ 399 പേരും പോളണ്ടില്‍ 470 പേരും ഉക്രെയിനില്‍ 509 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.56 ലക്ഷമായി.
🔳അദാനി ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനാകാര്യ സ്ഥാപനമായ അദാനി ക്യാപിറ്റലുമായി കാരാര്‍ ഒപ്പിട്ട് എസ്ബിഐ. കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയിലാണ് ഇരുവരും സഹകരിക്കുക. ട്രാക്ടറുകള്‍ ഉള്‍പ്പടെയുള്ളവ വാങ്ങാന്‍ അദാനി ക്യാപിറ്റലുമായി ചേര്‍ന്ന് എസ്ബിഐ വായ്പ അനുവദിക്കും. ബാങ്കിംഗ് സേവനങ്ങള്‍ ഇല്ലാത്ത മേഖലകളിലേക്ക് കൂടി ഉപഭോക്തൃ ശൃംഖല വര്‍ധിപ്പിക്കുകയാണ് എസ്ബിഐയുടെ ലക്ഷ്യം.
🔳പ്രമുഖ കമ്പനികള്‍ മത്സരിക്കുന്ന ഇ-കൊമേഴ്സ് രംഗത്ത് സാന്നിധ്യം ഉറപ്പിക്കുന്നതിനായി സ്വിഗ്ഗി. തങ്ങളുടെ ഗ്രോസറി ഡെലിവറി വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടില്‍ 700 മില്യണ്‍ ഡോളര്‍ (ഏകദേശം 5250 കോടി രൂപ) നിക്ഷേപിക്കുകയാണ് ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി. രാജ്യത്തെ 18 നഗരങ്ങളില്‍ നിന്നായി 10 ലക്ഷം ഓര്‍ഡറുകള്‍ ഓരോ ആഴ്ചയിലും ഇന്‍സ്റ്റാമാര്‍ട്ടിന് ലഭിക്കുന്നുണ്ടെന്ന് സ്വിഗ്ഗി അറിയിച്ചു. സൊമാറ്റോ അടുത്തിടെ ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോമായ ഗ്രോഫേഴ്സില്‍ 10 ശതമാനം ഓഹരി നേടിയിരുന്നു.
🔳ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രമാണ് ‘ജയില്‍’. വസന്തബാലന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ജയില്‍’ എന്ന തമിഴ് ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോയതായിരുന്നു. ഇപോഴിതാ വസന്തബാലന്‍ ചിത്രത്തിലെ ഗാനങ്ങളുടെ ആല്‍ബം പുറത്തുവിട്ടിരിക്കുകയാണ്. ധനുഷ് അടക്കമുള്ളവര്‍ ചിത്രത്തിനായി പാടിയ ഗാനങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. ജി വി പ്രകാശ് കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും.
🔳അക്ഷയ് കുമാറിനെ നായകനാക്കി രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത ബോളിവുഡ് ആക്ഷന്‍ ചിത്രം ‘സൂര്യവന്‍ശി’ക്ക് ഒടിടി റിലീസ്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിലും നെറ്റ്ഫ്ളിക്സില്‍ ചിത്രം കാണാം. ഭീകരവിരുദ്ധ സേനാ തലവന്‍ ‘വീര്‍ സൂര്യവന്‍ശി’യാണ് ചിത്രത്തിലെ നായക കഥാപാത്രം.
🔳ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിനെ മറികടന്ന് ബജാജ് ഓട്ടോ. നവംബര്‍ മാസത്തെ വില്‍പ്പനയിലാണ് ഹീറോയെ ബജാജ് പിന്നിലാക്കിയത്. ബജാജ് 337,962 യൂണീറ്റുകള്‍ ആകെ വിറ്റപ്പോള്‍ ഹീറോയുടെ വില്‍പ്പന 329,185 യൂണീറ്റുകളായിരുന്നു. ആഭ്യന്തര വിപണിയില്‍ ഹീറോ തങ്ങളുടെ മേധാവിത്വം തുടര്‍ന്നു. ഇന്ത്യയില്‍ ഹീറോ 308,654 യൂണീറ്റുകള്‍ വിറ്റപ്പോള്‍ ബജാജ് വിറ്റത് 144,953 യൂണീറ്റുകളാണ്. ബജാജ് നിര്‍മിച്ച 57 ശതമാനം വാഹനങ്ങളും കയറ്റുമതി ചെയ്യുകയായിരുന്നു. ആഭ്യന്ത വിപണിയിലെ വില്‍പ്പനയില്‍ ഉണ്ടായ 23 ശതമാനത്തിന്റെ കുറവ് മറികടക്കാന്‍ കയറ്റുമതി ബജാജിനെ സഹായിച്ചു. 2020 ഏപ്രില്‍-മെയ് മാസങ്ങളിലും ബജാജ് ആകെ വില്‍പ്പനയില്‍ ഹീറോയെ മറികടന്നിരുന്നു.
🔳പഫിന്‍ പക്ഷികളുടെ പസിഫിക്ക് സമുദ്രത്തിലെ ഏകാന്തതാവളം കെല്ലിഗ് ദ്വീപ്… ഓസ്ട്രേലിയയുടെ ഔട്ട്ബായ്ക്ക് പരപ്പുകളിലെ ഉലുരുപാറ… പ്രകൃതിസ്നേഹികളുടെ വിശുദ്ധ പുസ്തകം രചിച്ച ഗില്‍ബര്‍ട്ട് വൈറ്റിന്റെ ഇംഗ്ലീഷ് കുഗ്രാമഭവനം… സ്റ്റാറ്റന്‍ ദ്വീപ്-ന്യൂയോര്‍ക്ക് ഫെറി… അവസാനത്തെ വിശുദ്ധ റോമാസാമ്രാജ്യ ചക്രവര്‍ത്തിയുടെ വിയന്നയിലെ ശവസംസ്‌കാരം… ജെയിംസ് ജോയ്സിനെ ‘പുലിപിടിച്ച’ അയര്‍ലന്‍ഡിലെ കോട്ടഗോപുരം… സൗദിയിലെ മദായിന്‍ സാലിഗ്… ജോര്‍ദ്ദാനിലെ പെട്ര… ഇസ്രയേലിന് നെടുനീളം ഒരു ക്യാമറായാത്ര… ഒമാന്‍… അബുദാബി… സക്കറിയയുടെ കുറേ യാത്രകളുടെ പുസ്തകം.
‘സഞ്ചാരപുസ്തകം’. മാതൃഭൂമി. വില 320 രൂപ.
🔳ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിക്കാനുള്ള സാധ്യത, മറ്റു വകഭേദങ്ങളേക്കാള്‍ മൂന്നിരട്ടിയെന്ന് പഠനം. ദക്ഷിണാഫ്രിക്കന്‍ ഗവേഷകരുടെ പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡിന്റെ ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയുണ്ട്. ഇതിനാല്‍ ഇത്തരം വകഭേദങ്ങളെ അപേക്ഷിച്ച്, മുമ്പ് കോവിഡ് വന്നവര്‍ക്ക് വീണ്ടും ഒമൈക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ചവര്‍ക്ക് സാധാരണഗതിയില്‍ പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നതാണ്. എന്നാല്‍ മറ്റു വകഭേദങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഇത്തരം പ്രതിരോധത്തെയും മറികടക്കാനുള്ള ശേഷി ഒമൈക്രോണ്‍ വകഭേദത്തിന് ഉണ്ടെന്ന് ശാത്രജ്ഞര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗത്ത് ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ എപ്പിഡെമോളജിക്കല്‍ മോഡല്ലിങ് ആന്റ് അനാലിസിസും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം വാക്‌സിനുകള്‍ രോഗബാധ ഗുരുതരമാക്കുന്നതിലും മരണത്തിലും നിന്ന് രക്ഷിക്കും.
*ശുഭദിനം*
അമ്മയും മകനും കൂടി വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുകയാണ്. ചന്തയില്‍ നാളികേരം വില്‍ക്കുന്ന സ്ത്രീയെ കണ്ടപ്പോള്‍ അമ്മ മകനോട് പറഞ്ഞു: അവരില്‍ നിന്ന് രണ്ട് നാളികേരം വാങ്ങണം. കൂടുതല്‍ വിലനല്‍കരുത്, കുറച്ചും വിലനല്‍കരുത്. ന്യായമായതു നല്‍കുക. അല്ലെങ്കില്‍ നാട് മുടിയും. മകന്‍ ചോദിച്ചു: വില കൂടുതല്‍ നല്‍കരുത് എന്ന് മനസ്സിലായി. പക്ഷേ, എന്തുകൊണ്ടാണ് വില കുറച്ച് നല്‍കരുത് എന്ന് പറഞ്ഞത്? വിലക്കുറവില്‍ കിട്ടുന്നത് നമുക്ക് ലാഭമല്ലേ.. അമ്മ പറഞ്ഞു: ന്യായവില കൊടുക്കാതിരിക്കുന്നത് അവരുടെ അധ്വാനത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. അവരുടെ ഉപജീവനമല്ലേ അത്. അപ്പോല്‍ മകന്‍ വീണ്ടും ചോദിച്ചു: പക്ഷേ അമ്മ, ഞാന്‍ വിലകുറച്ച് കൊടുത്താന്‍ എങ്ങനെയാണ് നാട് മുടിയുക? അമ്മ തുടര്‍ന്നു: നീ അവര്‍ക്ക് വില കുറച്ച് കൊടുക്കുന്നത് അനീതിയാണ്. നീ പിന്നീടും അതാവര്‍ത്തിക്കും. നിന്റെ കൂടെയുളളവരും അത് ചെയ്യും. പിന്നെ നാടുമുടിയാന്‍ മറ്റെന്താണ് വേണ്ടത്? പണം കൊടുത്ത് ബഹുമാനം വാങ്ങുന്നവരും പണം കൊടുക്കാതെ അപമാനിക്കുന്നവരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇരുകൂട്ടര്‍ക്കും അധ്വാനത്തിന്റെ വിലയറിയില്ല. എന്ത് നല്‍കുമ്പോഴും നല്‍കുന്നവരുടെ മനോഭാവവും സ്വീകരിക്കുന്നവരുടെ അവസ്ഥയും ഒരുപോലെ പ്രധാനമാണ്. നീരസത്തോടെ എത്ര അമൃത് നല്‍കിയാലും അത് സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും.. നിവൃത്തികേടുകൊണ്ടാണ് പലരുടേയും ധാര്‍ഷ്ട്യത്തിനു മുമ്പില്‍ നമ്മള്‍ നിശബ്ദരാകുന്നത്. വേണ്ടത് നല്‍കാതെ സഹാനുഭൂതി പ്രകടിപ്പിച്ചിട്ടെന്താണ് കാര്യം.. നമുക്ക് അര്‍ഹിക്കുന്നത് നല്‍കാന്‍ ശീലിക്കാം. അര്‍ഹതയുള്ളവരെ കണ്ടെത്തി ആനുകൂല്യമാണെന്ന് തോന്നാത്തവിധം അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നമുക്കും ശ്രദ്ധിക്കാം – *ശുഭദിനം.