ആശുപത്രിയിൽ മരിച്ചാൽ നരകത്തിൽ പോകുമെന്ന ഭീഷണി; ഇമാം ഉവൈസിന്റെ സ്വാധീനത്തിൽ നിരവധി പേർ
കണ്ണൂരിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് പനി ബാധിച്ച പതിനൊന്നുകാരിയ മരിച്ച സംഭവത്തിൽ പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. ഇമാം ഉവൈസിന്റെ സ്വാധീനത്തിലാണ് കുട്ടിയുടെ ബന്ധുക്കൾ ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത്. ജപിച്ച് ഊതൽ ചികിത്സ നടത്തുന്നയാളാണ് ഇമാം ഉവൈസ്
ഇയാളുടെ സ്വാധീനത്തിൽപ്പെട്ടുപോയ നിരവധി കുടുംബങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇവരിൽ നിന്ന് പോലീസ് തെളിവ് ശേഖരിക്കും. ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയിൽ പോകാത്തവരുണ്ടോയെന്നും പോലീസ് പരിശോധിക്കും. ആശുപത്രിയിൽ വെച്ച് മരിച്ചാൽ നരകത്തിൽ പോകുമെന്ന് പറഞ്ഞായിരുന്നു ഇയാൾ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നത്.
നാല് ദിവസമായി കടുത്ത പനിയുണ്ടായിരുന്ന ഫാത്തിമ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ബോധരഹിതയാകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം നടത്താതിരിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് നടത്തി. ശ്വാസകോശത്തിലെ അണുബാധയും വിളർച്ചയുമായിരുന്നു കുട്ടിയുടെ മരണകാരണം. നാട്ടുകാരാണ് കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി നൽകിയത്.