മാനസ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് രഖിലിന്റെ സുഹൃത്ത്
കോതമംഗലം മാനസ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ സുഹൃത്ത് ആദിത്യനാണ് പിടിയിലായത്. ആദിത്യനൊപ്പമായിരുന്നു രഖിൽ ബീഹാറിലേക്ക് പോയത്. ഇവിടെ നിന്നാണ് കൊലപാതകം നടത്താനുപയോഗിച്ച തോക്ക് സംഘടിപ്പിച്ചത്. തോക്ക് വിറ്റ കേസിൽ ബീഹാർ സ്വദേശികളായ സോനുകുമാർ മോദി, മനേഷ്‌കുമാർ വർമ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
ആദിത്യനെ പോലീസ് ബീഹാറിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. ബിഹാറിലെ മുൻഗറിൽ വെച്ചാണ് നേരത്തെ സോനുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 35,000 രൂപയ്ക്കാണ് രഖിൽ ഇവരിൽ നിന്ന് തോക്ക് വാങ്ങിയത്.
അറസ്റ്റിലായ ആദിത്യൻ രഖിലിന്റെ ബിസിനസ് പങ്കാളി കൂടിയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് കൊണ്ടുവരാനെന്ന പേരിലാണ് ഇരുവരും തോക്ക് വാങ്ങാനായി ബീഹാറിലേക്ക് പോയത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിലും ആത്മഹത്യ ചെയ്തിരുന്നു.