പ്രഭാത വാർത്തകൾ
◼️ഇന്നു ശിവരാത്രി. എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍.
◼️റഷ്യ – യുക്രെയിന്‍ ചര്‍ച്ചയില്‍ വെടിനിറുത്തിലിനു തീരുമാനമായില്ല. യുദ്ധം തുടരുന്നു. എന്നാല്‍ ചര്‍ച്ച തുടരാന്‍ അഞ്ചര മണിക്കൂര്‍ നീണ്ട ആദ്യ റൗണ്ട് ചര്‍ച്ച തീരുമാനിച്ചു. അടുത്ത ചര്‍ച്ച പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിലാകും. ആദ്യമേ യുക്രെയിനില്‍നിന്നും, റഷ്യ പിടിച്ചെടുത്ത ക്രിമിയ, ഡോണ്‍ബാസ് എന്നിവിടങ്ങളില്‍നിന്നും റഷ്യന്‍ സേന പിന്മാറണമെന്ന് യുക്രെയിന്‍ ആവശ്യപ്പെട്ടു. രണ്ടും സാധ്യമല്ലെന്നും യുക്രെയിന്‍ ആയുധംവച്ചു കീഴടങ്ങണമെന്നുമാണു റഷ്യന്‍ സംഘം ആവശ്യപ്പെട്ടത്. നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യുക്രെയിന്റെ ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
◼️തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി സുരേഷ് കുമാറാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സുരേഷ് കുമാര്‍ അടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇന്നലെ രാവിലെ കോടതിയിലേക്കു കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടെ നെഞ്ചവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ്. മര്‍ദ്ദിച്ചു കൊന്നതാണെന്ന് ബന്ധുക്കളുടെ ആരോപണം.
◼️സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു കൊച്ചി മറൈന്‍ ഡ്രൈവില്‍ തുടക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും. സമ്മേളനം നാലാം തിയതി സമാപിക്കും. സമ്മേളനത്തിനു മറൈന്‍ ഡ്രൈവ് ചെങ്കോട്ടയായി. കൊച്ചി നഗരത്തില്‍ ചെങ്കൊടികളും തോരണങ്ങളും നിറഞ്ഞു. ഫുട്പാത്ത് അടക്കമുള്ളയിടങ്ങളിലും ചെങ്കൊടി തോരണങ്ങള്‍ നിരത്തി.
◼️സിപിഎം സമ്മേളനത്തിന്റെ ഭാഗമായി നടപ്പാതകളും റോഡുകളും കൈയേറ്റി കൊടി തോരണങ്ങള്‍ സ്ഥാപിച്ച് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതിനെതിരേ ഹൈക്കോടതി. ഒരു രാഷ്ട്രീയ കക്ഷിക്കു മാത്രം എന്തും ചെയ്യാമെന്നാണോയെന്നു കോടതി ചോദിച്ചു. പാര്‍ട്ടിയുടെ നിയമലംഘനത്തിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
◼️രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 530 പട്ടയങ്ങള്‍ എന്തു ചെയ്യാനാണ് തീരുമാനം. പിഴവുകള്‍ക്ക് ആരാണ് ഉത്തരവാദി. കോടതി ചോദിച്ചു. പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ ജോസ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
◼️തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകളുടെ പ്രതിവാര എണ്ണം ഇന്നു മുതല്‍ 60 ല്‍ നിന്ന് 79 ആയി ഉയര്‍ത്തുന്നു. ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ഏഴില്‍ നിന്ന് 20 ആയി ഉയര്‍ത്താനാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനം.
◼️കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദിച്ച നാലു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസ് സിബിഐ അന്വേഷിക്കണമെന്ന് ട്വന്റി ട്വന്റി ആവശ്യപ്പെട്ടു.
◼️ഒരു രാജ്യത്തിന്റെ സുരക്ഷ ബലികഴിച്ചല്ല മറ്റൊരു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാല്‍ സുരക്ഷയ്ക്കായുള്ള റഷ്യയുടെ വാദം ന്യായമെന്നുമായിരുന്നു സിപിഎം പ്രസ്താവന.
◼️സുല്‍ത്താന്‍ബത്തേരി നെന്മേനി പഞ്ചായത്തിലെ സിപിഎമ്മിന്റെ മൂന്നു ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി നേതാക്കളടക്കം 50 പേര്‍ സിപിഐയില്‍ ചേര്‍ന്നു. നെന്മേനി മുന്‍ ലോക്കല്‍ സെക്രട്ടറി എം.എം. ജോര്‍ജ്ജ് മുന്‍ ബ്രാഞ്ച് സെക്രട്ടറി സി.പി. ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് സിപിഐയിലേക്കെത്തിയത്.
◼️വധശ്രമക്കേസില്‍ എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പിഎം അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാലാണ് ജാമ്യം റദ്ദാക്കിയത്. ഇയാള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ നിലവിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടു. മറ്റൊരു കേസില്‍ ആര്‍ഷോയ്ക്ക് അനുകൂലമായി പോലീസ് കോടതിയില്‍ കള്ളറിപ്പോര്‍ട്ട് നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കി.
◼️കൊണ്ടോട്ടിയില്‍ ബൈപ്പാസിനരികെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. കെട്ടിടത്തിലെ ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഇറങ്ങി ഓടി. ഗ്യാസ് സിലിണ്ടറുകള്‍ക്കും എണ്ണ ടിന്നുകള്‍ക്കും തീപ്പിടിച്ചതോടെ ബഹുനില കെട്ടിടം മുഴുവന്‍ കത്തിനശിച്ചു.
◼️ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 62 കാരനെ അറസ്റ്റു ചെയ്തു. സത്രം സ്വദേശി ബാബുവിനെയാണ് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. നാട്ടുകാര്‍ മര്‍ദ്ദിച്ചതിനാല്‍ പ്രതി ചികിത്സയിലാണ്.
◼️ഇരുപത് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ ഷിജു സ്റ്റീഫന്‍ (45) പ്രമീള (37) എന്നിവരാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ക്വാറി തൊഴിലാളിയായ ഷിജുവിന്റെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
◼️ശിവരാത്രിയോടനുബന്ധിച്ച് ആലുവാ മണപ്പുറത്തു തിരക്കു തുടങ്ങി. ബലിതര്‍പ്പണത്തിനു 148 ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിവരെ ശിവരാത്രി ബലിയും അതുകഴിഞ്ഞ് വാവുബലിയുമാണു നടക്കുക.
◼️റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ സൗജന്യ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി. പക്ഷാഘാതം ബാധിച്ച് ചിറയിന്‍കീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന്‍ നവാസിനു (47) തിരുവനന്തപുരം എസ്എസ്ബി ആശുപത്രിയില്‍ സൗജന്യ ചികില്‍സ നല്‍കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു.
കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രിയോട് ഐസിയുവിന്റെ മുമ്പിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടതോടെയാണ് നവാസിന് സൗജന്യ ചികില്‍സയ്ക്ക് ഏര്‍പ്പാടാക്കിയത്.
◼️വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആല്‍ബം ഗായകന്‍ അറസ്റ്റില്‍. പുത്തനത്താണി പുന്നത്തല കുറുമ്പത്തൂര്‍ സ്വദേശി മന്‍സൂറലിയെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ആല്‍ബം ഗാനങ്ങള്‍ പാടുന്നതിനും പഠിക്കുന്നതിനുമായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. മാപ്പിള ആല്‍ബം ഗായകനായ മന്‍സൂറലി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
◼️കൊവിഡ് സെല്ലില്‍നിന്നു സ്വകാര്യാശുപത്രിയിലേക്കു റഫര്‍ ചെയ്ത രോഗിയില്‍നിന്ന് 1,42,708 രൂപ ഈടാക്കിയ സ്വകാര്യ ആശുപത്രിക്ക് അധികമയി ഈടാക്കിയ തുകയുടെ പത്തു മടങ്ങു തുക പിഴ ചുമത്തി . സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോത്തന്‍കോട് ശുശ്രുത ആശുപത്രിക്കെതിരേ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നടപടി.
◼️തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോക്കപ്പ് മര്‍ദ്ദനമുണ്ടായെന്ന് ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ പൊലീസ് മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
◼️വ്യാജ സ്വര്‍ണ്ണം പണയംവച്ച് തൃശൂരിലെ സ്വകാര്യ ബാങ്കില്‍നിന്നു 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച കോതമംഗലം പറ്റക്കുടി പുത്തന്‍പുര വീട്ടില്‍, വാവ എന്നുവിളിക്കുന്ന പ്രദീപിനെ (54) അറസ്റ്റു ചെയ്തു. തട്ടിപ്പു നടത്തിയ ആലുവ ചീരംപറമ്പില്‍ നിഷാദ് (40) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
◼️ഇടുക്കി തഹസില്‍ദാര്‍ വിന്‍സെന്റ് ജോസഫിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസികള്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
◼️തൃശൂര്‍ കലാശേരിയില്‍ വയോധികയായ കൗസല്യയെ കൊലപ്പെടുത്തിയ കേസില്‍ ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയില്‍. കൗസല്യയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നു പോലീസ്.
◼️രാജ്യത്ത് വൈദ്യുതി വിതരണ രംഗത്ത് കടുത്ത പ്രതിസന്ധി. കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉല്‍പാദനം വളരെ കുറഞ്ഞതാണു കാരണം. കല്‍ക്കരിയുടെ വില വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ വൈദ്യുതിയുടെ ഉല്‍പാദന ചെലവും വര്‍ധിച്ചു. ഇതിന് ആനുപാതികമായി വൈദ്യുതി നിരക്ക് പല സംസ്ഥാനങ്ങളിലും വര്‍ധിപ്പിച്ചു.
◼️സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്സണായി ഐസിഐസിഐ ബാങ്കിന്റെ മുന്‍ എംഡി മാധബി പുരി ബുച്ചിയെ നിയമിച്ചു. സെബിയുടെ ചരിത്രത്തിലെ ആദ്യ വനിത അധ്യക്ഷയാണ് ഇവര്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി പൂര്‍ത്തിയായതിനാലാണു നിയമനം. 2011 ല്‍ ഐസിഐസിഐ വിട്ട മാധബി പുരി ബുച്ചി സിംഗപ്പൂരിലെ ജോയിന്‍ ഗ്രേറ്റര്‍ പസിഫിക് ക്യാപിറ്റല്‍ കമ്പനിയിലും പ്രവര്‍ത്തിച്ചിരുന്നു.
◼️ഡിസംബറില്‍ അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 5.4 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ജിഡിപി വളര്‍ച്ച് 0.7 ശതമാനമായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്.
◼️ഈ മാസം ആകെ ദിവസം 31 ദിവസമുണ്ടെങ്കിലും 13 ദിവസം ബാങ്ക് അവധി. മഹാശിവരാത്രിയായ ഇന്ന് ബാങ്ക് അവധിയാണ്. മറ്റ് അവധിദിനങ്ങള്‍: 3 – ലൊസര്‍ (വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതുവര്‍ഷം), 4 – ചപ്ചര്‍ കട് (മിസോറാം), 6 – ഞായര്‍, 12 – രണ്ടാം ശനി, 13 – ഞായര്‍, 17 – ഹോളിക ദഹന്‍, 18 – ഹോളി,
19 – ഹോളി, 20 – ഞായര്‍, 22 – ബിഹാര്‍ ദിവസ്, 26 – നാലാം ശനി, 27 – ഞായര്‍.
◼️ഇന്ത്യയുടെ ഭിന്ന സംസ്‌കാരങ്ങളും ഭാഷാന്യൂനപക്ഷങ്ങളും ഭീഷണി നേരിടുകയാണെന്നും ഭരണഘടനാ മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശബ്ദമുയരുന്നുണ്ടെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയില്‍ എംകെ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാടിന്റെ ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
◼️യുക്രെയിനിലെ യുദ്ധംമൂലമുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. നാലാം തവണയാണ് മോദിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. യുക്രെയിനിലുള്ള ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള വിഷയങ്ങളാണു ചര്‍ച്ചചെയ്തത്.
◼️യുക്രൈനിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എത്ര വിമാനങ്ങള്‍ വേണമെങ്കിലും ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ്. 1396 വിദ്യാര്‍ത്ഥികളെ ഇതുവരെ തിരിച്ചെത്തിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
◼️യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് മണിക്കൂറിന് എട്ടു ലക്ഷം രൂപ. ഇരുഭാഗത്തേക്കുമുള്ള വിമാന സര്‍വീസിന് ഒരു കോടിയിലേറെ രൂപയാണു കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടത്.
◼️യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കുമെന്ന് ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
◼️യുക്രൈന്റെ തലസ്ഥാനമായ കീവില്‍ വീണ്ടും സ്ഫോടനങ്ങള്‍. പോരാട്ടം നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭ യോഗത്തില്‍ റഷ്യയുടെയും യുക്രൈന്റെയും അംബാസഡര്‍മാര്‍ തമ്മില്‍ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങള്‍ നടന്നു. സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി സംസാരിച്ചു.
◼️റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശാനുസരണം അണ്വായുധ പ്രയോഗത്തിനു റഷ്യന്‍ സൈന്യത്തിന്റെ അണ്വായുധ വിഭാഗം സജ്ജമായി. റഷ്യന്‍ പ്രതിരോധ മന്ത്രാലയംതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
◼️റഷ്യയില്‍നിന്നു സ്ഥലംവിടണമെന്ന് പൗരന്മാരോട് അമേരിക്ക. നയതന്ത്ര ഉദ്യോഗസ്ഥരോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. യുക്രെയിനുമായുള്ള യുദ്ധം മുറുകി നില്‍ക്കേയാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
◼️തലസ്ഥാനമായ കീവ് അടക്കം യുക്രെയിന്റെ കിഴക്കന്‍ മേഖലയിലുള്ളവരെ പടിഞ്ഞാറന്‍ മേഖലയിലേക്കു മാറ്റുന്നതിനുള്ള ട്രെയിന്‍ സര്‍വീസുകളില്‍ കയറാനാകാതെ ഇന്ത്യക്കാര്‍. യുക്രെയിന്‍ പൗരന്മാര്‍ക്കാണ് മുന്‍ഗണന. ഇന്ത്യന്‍ എംബസിയില്‍ താമസിച്ചിരുന്ന ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്കു രാവിലെ ട്രെയിനില്‍ കയറാനായി.
◼️വിവിധ രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യയുടെ കറന്‍സിയായ റൂബിള്‍ തകര്‍ന്നു. മൂല്യം കുത്തനെ ഇടിഞ്ഞെന്നു മാത്രമല്ല, കറന്‍സിക്കായി നെട്ടോട്ടമോടുകയാണ് ജനം. സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും വിലക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
◼️റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള 36 രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് റഷ്യ വിലക്ക് ഏര്‍പ്പെടുത്തി. റഷ്യയുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.
◼️യുക്രെയിന് ആയുധം നല്‍കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തിനെതിരേ റഷ്യ. യുക്രെയിന്‍ സിവിലിയന്മാരെ മനുഷ്യകവചമാക്കുകയാണ്. ഉപരോധങ്ങളെ മറികടക്കാനുള്ള ശേഷിയുണ്ടെന്നും റഷ്യ.
◼️റഷ്യന്‍ സൈന്യത്തെ നേരിടാന്‍ ജയിലില്‍ യുക്രെയിനിലെ തടവുകാരെ തുറന്നുവിടുന്നു. സൈനിക പരിശീലനം ലഭിച്ചവരെയും സൈനിക പശ്ചാത്തലമുള്ളതുമായ കുറ്റവാളികളെ റഷ്യയ്ക്കെതിരേ രംഗത്തിറക്കാനാണ് യുക്രൈന്‍ സര്‍ക്കാരിന്റെ നീക്കം.
◼️ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധന ആവശ്യമില്ല. കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരെയാണ് പിസിആര്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കിയത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്.
◼️റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് കായികലോകത്തും കനത്ത തിരിച്ചടി. ഈ വര്‍ഷം ഒടുവില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പില്‍ നിന്നും റഷ്യയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചു. അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
◼️കേരളത്തില്‍ ഇന്നലെ 29,545 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 26,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 5,485 കോവിഡ് രോഗികള്‍. നിലവില്‍ 88,845 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പത്ത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.31 കോടി കോവിഡ് രോഗികള്‍.
◼️നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 100 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് റിപ്പോര്‍ട്ട്. ഇത് കഴിഞ്ഞ വര്‍ഷത്തെ ചെലവിന്റെ ഇരട്ടിയാണ്. രാജ്യാന്തര എണ്ണവില ഏഴുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പത്തു മാസങ്ങളില്‍ ഇന്ത്യ 94.3 ബില്യണ്‍ ഡോളര്‍ എണ്ണ ഇറക്കുമതിയ്ക്കായി ചെലവഴിച്ചു. ജനുവരിയില്‍ 11.6 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയ്ക്കായി ചെലവഴിച്ചു. മുന്‍വര്‍ഷം ജനുവരിയില്‍ ഇത് 7.7 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഫെബ്രുവരിയില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇറക്കുമതി ബില്‍ ഏകദേശം 110-115 ബില്യണ്‍ ഡോളര്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
◼️ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ് നിരവധി ഫീച്ചറുകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പുതിയ സെര്‍ച്ച് ഓപ്ഷനും മെസേജ് റിയാക്ഷനും ശേഷം, മെസേജിംഗ് ആപ്പില്‍ കോളുകളില്‍ ചേരുന്നതിന് ലിങ്കുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നു. പുതിയ ഫീച്ചര്‍ അനുസരിച്ച് കോള്‍ ഹോസ്റ്റിന് അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ലിങ്കുകള്‍ സൃഷ്ടിക്കാനും അവ ആരുമായും പങ്കിടാനും കഴിയും. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ചേര്‍ക്കാത്ത ആളുകളുമായി പോലും ഈ ലിങ്ക് പങ്കിടാനാകും. ലിങ്ക് ഉപയോഗിച്ച് വാട്ട്സ്ആപ്പില്‍ ഒരു കോള്‍ ചെയ്യാന്‍, ഒരു ഉപയോക്താവിന് വാട്ട്സ്ആപ്പില്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് സൃഷ്ടിക്കേണ്ടതുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
◼️മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങളൊക്കെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. രതിപുഷ്പം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോന്‍. എണ്‍പതുകളിലും മറ്റും കേട്ടുശീലിച്ച മട്ടിലുള്ള ഗാനവും ആലാപനവുമാണ് ഗാനത്തിന്റേത്.
◼️ധനുഷ് നായകനാകുന്ന പുതിയ ചിത്രം ‘മാരന്‍’ തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലായി മാര്‍ച്ച് 11ന് എത്തും. കാര്‍ത്തിക് നരേനാണ് സംവിധാനവും തിരക്കഥയും. മാളവിക മോഹനന്‍ നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. റിപ്പോര്‍ട്ടറായിട്ടാണ് ‘മാരന്‍’ എന്ന ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായിട്ട് തന്നെയാണ് ധനുഷിനൊപ്പം ചിത്രത്തില്‍ മാളവിക മോഹനും അഭിനയിക്കുന്നത്. സമുദ്രക്കനി, സ്മൃതി വെങ്കട്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, മഹേന്ദ്രന്‍, അമീര്‍, പ്രവീണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ‘മാരന്‍’ റിലീസ് ചെയ്യുക.
◼️ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് കാറാണ് എംജി ഇസെഡ് എസ് ഇവി. ഇപ്പോഴിതാ എംജി മോട്ടോര്‍ ഇന്ത്യ എംജി ഇസെഡ് എസ് ഇവി ഉപഭോക്താക്കള്‍ക്ക് 2022 മാര്‍ച്ച് 31 വരെ സൗജന്യ ചാര്‍ജിംഗ് ഓഫര്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഫോര്‍ട്ടം ചാര്‍ജ്, ഡ്രൈവ് എന്നിവയുമായി സഹകരിച്ചാണ് കമ്പനി പുതിയ സംരംഭം അവതരിപ്പിച്ചിരിക്കുന്നത. എംജി ഇസെഡ് എസ് ഇവി ഉപഭോക്താക്കള്‍ക്ക് ഫോര്‍ട്ടം ചാര്‍ജിന്റെയും ഡ്രൈവിന്റെയും നെറ്റ്വര്‍ക്കില്‍ സൗജന്യ നിരക്കിന് അര്‍ഹതയുണ്ടെന്ന് കമ്പനി അറിയിച്ചു.
◼️ചരിത്രകാരന്റെ അറിവും സാമൂഹിക നിരീക്ഷണവും എത്ര ആഴവും പരപ്പുമേറിയതുമാണെന്ന് ഈ പുസ്തകത്തിലെ പ്രബന്ധങ്ങളിലൂടെ ഡോ. കെ. കെ.എന്‍. കുറുപ്പ് നമ്മെ ബോധ്യപ്പെടുത്തുന്നു. വിവേകാനന്ദ ദര്‍ശനം മുതല്‍ കണ്ണൂരിലെ കൈത്തറിപാരമ്പര്യംവരെ ഇതില്‍ വായിക്കാം. പരിസ്ഥിതി, ഫോക്ലോര്‍, ശ്രീനാരായണ ദര്‍ശനം, അദ്വൈത ദര്‍ശനം വേദാര്‍ത്ഥ നിരൂപണം എന്നിങ്ങനെ പോകുന്നു ഈ പുസ്തകത്തിന്റെ പ്രമേയം. ‘കേരളീയ സമൂഹവും പരിവര്‍ത്തനവും’. ടെല്‍ബ്രയ്ന്‍ ബുക്സ്. വില 108 രൂപ.
◼️കരളിന്റെ ആരോഗ്യം മോശമാണെന്ന് ശരീരം പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്. ഇവ തിരിച്ചറിഞ്ഞാല്‍ തുടക്കത്തില്‍ ചികിത്സ തേടി പരിഹാരം കണ്ടെത്താം.ജങ്ക് ഫുഡ് അമിതവണ്ണത്തിന് കാരണമാകുക മാത്രമല്ല കരളിനെ തകരാറിലാക്കുകയും സിറോസിസിലേക്ക് നയിക്കുകയും കരള്‍ കാന്‍സര്‍ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പാലക് ചീര, ബ്രൊക്കോളി, കാബേജ് എന്നിവ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. സോയാ പ്രോട്ടീന്‍ കരളില്‍ കൊഴുപ്പടിയുന്നത് കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. അവാക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാനും ഗ്രീന്‍ ടീ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഓട്‌സ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയും. മിതമായ അളവില്‍ കാപ്പി ശീലമാക്കുന്നവരില്‍ ഫാറ്റി ലിവര്‍ അവസ്ഥ മൂര്‍ച്ഛിക്കാതിരിക്കാനും കരളിലെ ദോഷകരമായ എന്‍സൈം അളവ് കുറയ്ക്കാനും സഹായകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ മധുരമുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്‌ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ദോഷകരമാണ്. ഇറച്ചി, ചീസ്, പനീര്‍ പോലുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. എണ്ണയിലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് നിര്‍ത്തുക.
*ശുഭദിനം*
*കവിത കണ്ണന്‍*
ദേവാലയത്തിന്റെ ചുവരില്‍ അശ്ലീല ചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ആ യുവാക്കള്‍ പോലീസ് പിടിയിലായി. വിചാരണ നടക്കുകയാണ്. കുറ്റം സംശയതീതമായി തെളിഞ്ഞതിനാല്‍ ന്യായാധിപന്‍ ശിക്ഷ വിധിക്കാന്‍ ഒരുങ്ങുകയാണ്. അപ്പോള്‍ യുവാക്കളെ നോക്കി പുരോഹിതന്‍ പറഞ്ഞു: ജയിലിലടച്ചാല്‍ ഇവരുടെ ഭാവി അവതാളത്തിലാകും. ഇവരെ വെറുതെ വിടണം. എന്റെ കൂടെ താമസിക്കാന്‍ ഇവരെ അനുവദിക്കണം. കോടതിയുടെ തീരുമാനപ്രകാരം അവര്‍ പുരോഹിതനോടൊപ്പം കഴിയാന്‍ തുടങ്ങി. പിന്നീട് ഒരിക്കലും ഒരു കുറ്റവും അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിട്ടെ ഇല്ല. ഒരാളെ രക്ഷിക്കാന്‍ സഹായിക്കാത്ത എല്ലാ ന്യായവിധികളും ശിക്ഷാവിധികള്‍ മാത്രമാണ്. അത് കോടതിയില്‍ നടന്നാലും ജന മധ്യത്തില്‍ നടന്നാലും. ഓരോ കുറ്റകൃത്യവും നടക്കുന്നത് അജ്ഞത, അഹങ്കാരം, വ്യക്തിത്വ വൈകല്യം, പ്രതികാരവാഞ്ജ എന്നിവകൊണ്ടാകാം.. കാരണത്തിനനുസരിച്ചുള്ള പരമാവധി ശിക്ഷ അയാള്‍ക്ക് നല്‍കാം. പക്ഷെ ശിക്ഷയുടെ മറുവശത്തു അനുതാപം കൂടി ആവശ്യമാണ്. ശിക്ഷിക്കാന്‍ നിയമവും തലച്ചോറും മതി.. എന്നാല്‍ തെറ്റില്‍ നിന്നു മോചിപ്പിക്കാന്‍ ഹൃദയവും മനസാക്ഷിയും വേണം. ശിക്ഷകള്‍ക്കിടയില്‍ രക്ഷക്ക് കൂടിയുള്ള വഴികള്‍ ഉണ്ടാകട്ടെ – ശുഭദിനം
➖➖➖➖➖➖➖➖